അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക രംഗത്തെ നിര്‍ണായക ദിനമാണ് ഇന്നെന്ന് ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. പ്രതിരോധ മേഖലയിലടക്കം സഹകരണം വര്‍ധിപ്പിക്കുമെന്ന് ജോ ബൈഡനും വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരു നേതാക്കളുടെയും സംയുക്ത പ്രസ്താവന ഉണ്ടായത്.
സാങ്കേതിക- ടെലികോം മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാകുമെന്ന് മോദി അറിയിച്ചു. ബഹിരാകാശ പര്യവേഷണ രംഗത്തും സഹകരണമുണ്ടാകും. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ക്ലീന്‍ എനര്‍ജി സംരംഭത്തിന്റെ ഭാഗമായി ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ എനര്‍ജി, ബാറ്ററി സ്റ്റോറേജ് എന്നീ പദ്ധതികള്‍ ആലോചനയിലുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലും അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി. സിയാറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസുമായുള്ള ബന്ധം മുന്‍പത്തേക്കാള്‍ ശക്തമായെന്ന് അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡനും പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ചെറിയ കരാറുകള്‍ ഇന്ന് ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ കാരണമായി. ഇപ്പോഴത് മുന്‍പത്തേക്കാള്‍ സുദൃഢമാണ്. ജി 20 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കാനുള്ള മോദിയുടെ തീരുമാനത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
യുക്രെയ്ൻ യുദ്ധവും മോദി -ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. എന്നാൽ റഷ്യയെ വിമർശിച്ചാൻ മോദി തയ്യാറായില്ല. ചർച്ചയിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയിൽ വിവേചനം ഇല്ലെന്നും ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയിലടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ- മതസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടല്ലെന്നും ഇന്ത്യയുടെ ജീനിൽ വിശ്വാസമുണ്ടെന്നും ജോ ബൈഡനും പറഞ്ഞു.