ലിസ് ട്രസ്സ്, ജോ ബൈഡൻ 
WORLD

ലിസ് ട്രസുമായി ഫോണിൽ സംസാരിച്ച് ജോ ബൈഡൻ; റഷ്യ-യുക്രെയ്ൻ പ്രശ്നങ്ങൾ ചർച്ചയായി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആക്രമണങ്ങളെ നേരിടുന്നതിനായി യുകെ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തു.

വെബ് ഡെസ്ക്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസിന് അഭിനന്ദനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ച രാത്രി ഫോണിലൂടെയായിരുന്നു ഇരുവരും ആശയവിനിമയം നടത്തിയത്. സംഭാഷണത്തിൽ, ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പല സുപ്രധാന വിഷയങ്ങളും ചർച്ചയായി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആക്രമണങ്ങളെ നേരിടുന്നതിനായി യുകെ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി പദത്തിലേറിയതിന് തൊട്ട് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡമിർ സെലൻസ്കിയെ ലിസ് ട്രസ് ഫോണിൽ ബന്ധപ്പെട്ടിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡനുമായി സംസാരിച്ചത്. റഷ്യയുടെ യുക്രെയിൻ അധിനിവേശം മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഊന്നിയാണ് ബൈഡനുമായി ചർച്ചകൾ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ആഗോള സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനും സ്വേച്ഛാധിപത്യം ഉയർത്തുന്ന അപകടസാധ്യതകൾ ഇല്ലാതാക്കാനും പുടിന്റെ പരാജയം ഉറപ്പാക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി ബ്രിട്ടൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

വോളോഡിമിർ സെലൻസ്കി

ആറ് വർഷത്തിനിടെ യുകെയുടെ പ്രധാനമന്ത്രിയാകുന്ന നാലാമത്തെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ലിസ്. ബോറിസ് ജോൺസന്റെ പിൻഗാമിയായി ചുമതലയേറ്റ ലിസ്, സെലൻസ്കിയുമായിട്ടാണ് ആദ്യം ചർച്ച നടത്തിയത്. ബ്രിട്ടന്റെ പിന്തുണ യുക്രെയ്ന് ദീർഘകാലത്തേക്ക് ഉണ്ടാകുമെന്ന് ലിസ് ഉറപ്പ് നൽകി. റഷ്യയുടെ ഭീഷണികളൊന്നും പുടിനെ പരാജയപെടുത്തുന്നതിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ സന്ദർശിക്കാനുള്ള സെലൻസ്കിയുടെ ക്ഷണം ലിസ് സ്വീകരിച്ചതായും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

ചൈനയുടെ ഇൻഡോ-പസിഫിക് മേഖലയിലെ ആധിപത്യം ചെറുക്കുന്നതിനായി കഴിഞ്ഞ വർഷം സ്ഥാപിതമായ നാറ്റോ, യുഎസ്-ഓസ്‌ട്രേലിയ-ബ്രിട്ടൻ ഓക്കസ് പ്രതിരോധ ഉടമ്പടിയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും. അതിനു പുറമെ, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്നെ സജ്ജമാക്കുക, സുസ്ഥിരമായ ഊർജ്ജ വിതരണ സംവിധാനം ഉറപ്പാക്കുക എന്നിവയും പ്രധാന ചർച്ച വിഷയങ്ങളായി. കൂടാതെ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ഇറാന്റെ പരിശ്രമണങ്ങളും ഗുഡ് ഫ്രൈഡേ കരാർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.

“നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള പ്രത്യേക ബന്ധം കൂടുതൽ ആഴത്തിലാക്കാനും ആഗോള വെല്ലുവിളികളിൽ ഒരുമിച്ച് നിൽക്കുവാനും ഞാൻ ആഗ്രഹിക്കുന്നു” ബൈഡൻ ട്വീറ്റ് ചെയ്തു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അന്നത്തെ ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നെങ്കിലും യുകെ- യുഎസ് ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്

വടക്കൻ അയർലൻഡ് പ്രോട്ടോക്കോളിന്‍റെ കാര്യത്തില്‍ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി തീരുമാനമെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അന്നത്തെ ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിന്നിരുന്നുവെങ്കിലും യുകെ- യുഎസ് ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാരവും സാമ്പത്തിക മുന്നേറ്റവും മെച്ചപ്പെടുത്താൻ വേണ്ടിയുള്ള യുഎസ് വ്യാപാര കരാർ ബൈഡന്റെ കീഴിൽ ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. സെപ്റ്റംബറിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ആയിരിക്കും ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്ച.

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ ബ്രിട്ടൻ കടന്നുപോകുന്നതിനിടയിലാണ് ലിസ് ട്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം