WORLD

മാധ്യമപ്രവർത്തകരുടെ കൊലക്കളമായി ഗാസ; സംഘർഷം ആരംഭിച്ചശേഷം കൊല്ലപ്പെട്ടത് 39 പേർ

1992-ൽ സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചശേഷം മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്ന ഏറ്റവും മാരകമായ സംഘർഷമാണ് ഗാസയിലേതെന്ന് സിപിജെ വ്യക്തമാക്കി

വെബ് ഡെസ്ക്

മാധ്യമപ്രവർത്തകരുടെ കൊലക്കളമായി ഗാസ മാറുന്നതായി അന്താരാഷ്ട്ര സംഘടനകൾ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ദിവസേന ഒരാൾ എന്ന തോതിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നതായാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് (സിപിജെ) എന്ന സംഘടയുടെ കണക്ക്. 1992-ൽ സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്ന ഏറ്റവും മാരകമായ സംഘർഷമാണ് ഗാസയിലേതെന്ന് സിപിജെ വ്യക്തമാക്കി.

ഒക്ടോബർ ഏഴിനുശേഷം 39 മാധ്യമപ്രവർത്തകർ ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ടതായാണ് സിപിജെയുടെ കണക്ക്. കൊല്ലപ്പെട്ടവരിൽ 34 പേർ വിവിധ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി ഫ്രീലാൻസായി ജോലിനോക്കിയിരുന്ന പലസ്തീൻ മാധ്യമപ്രവത്തകരാണ്. നാല് പേർ ഇസ്രയേലികളും ഒരാൾ ലെബനൻ സ്വദേശിയുമാണ്. ഹമാസ് കഴിഞ്ഞ മാസം ആദ്യം നടത്തിയ ആക്രമണത്തിലാണ് നാല് ഇസ്രായേലി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലും ശരീരത്തിലും മാധ്യമപ്രവർത്തകരുടെ അടയാളങ്ങൾ ഉണ്ടായിട്ടുപോലും ഇസ്രയേൽ സൈന്യം ആക്രമിക്കുന്നുവെന്ന പരാതി വ്യാപകമാണ്.

മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കാറില്ലെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെടുമ്പോഴും റിപ്പോർട്ടേഴ്‌സ് വിത്തൗട്ട്‌ ബോർഡേഴ്സിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് തെളിഞ്ഞിരുന്നു. കുറഞ്ഞത് പത്ത് മാധ്യമപ്രവർത്തകരെങ്കിലും ജോലിക്കിടെയാണ് കൊല്ലപ്പെട്ടതെന്ന് സംഘടന പറയുന്നു. ഇതിനുപുറമെ ഇസ്രയേൽ സൈന്യം മാധ്യമപ്രവർത്തകരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റ് തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഒക്ടോബർ 12ന് ബിബിസിയിലെ ഒരുകൂട്ടം മാധ്യമപ്രവർത്തകരെ ഇസ്രയേൽ പോലീസ് ആക്രമിക്കുകയും തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വാഹനത്തിൽ വ്യക്തമായി ടിവി എന്ന് അടയാളപ്പെടുത്തുകയും പോലീസിനെ പ്രസ് കാർഡുകൾ കാണിക്കുകയും ചെയ്തിട്ടും അവർ മാധ്യമപ്രവർത്തകരെ ഉപദ്രവിച്ചു.

പലസ്തീൻകാരോട് അനുഭാവം പ്രകടിപ്പിച്ച് ലേഖനമെഴുതിയ ഇസ്രയേൽ പത്രപ്രവർത്തകനും കോളമിസ്റ്റുമായ ഇസ്രയേൽ ഫ്രേയുടെ വീട് തീവ്ര വലതുപക്ഷക്കാരായ ജനക്കൂട്ടം ആക്രമിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു.

മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിക്കാന്‍ ആവശ്യമായ ന്യായമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് ഇസ്രയേൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കാൻ സാധിക്കില്ലെന്ന് ഇസ്രയേൽ സൈന്യം ചില അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ