മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെക്കുറിച്ച് പാകിസ്താന്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പുറത്താക്കി. പാകിസ്താന്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അഭിപ്രായ സ്വാതന്ത്ര്യ ലംഘനത്തെക്കുറിച്ചും ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ അസം ചൗധരിയെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'പി ടിവി' യില്‍ നിന്നും പുറത്താക്കിയത്.
ജൂണ്‍ 30ന് പഞ്ചാബ് ഗവര്‍ണര്‍ ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ചോദ്യങ്ങള്‍ ചോദിച്ചതിനാണ് മാധ്യമപ്രവര്‍ത്തകന് ജോലി നഷ്ടമായതെന്നാണ് പാകിസ്താന്‍ മാധ്യമമായ ARY ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്നെ പുറത്താക്കിയ വിവരം അസം ചൗധരി തന്നെയാണ് പങ്കുവച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന പിഎംഎല്‍(എന്‍), പിപിപി എന്നീ സഖ്യകക്ഷികളുടെ ഭരണത്തില്‍പ്പോലും പാകിസ്താനിലെ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു അസം ചൗധരി ഉന്നയിച്ച പ്രശ്‌നം. ''നിയന്ത്രണങ്ങള്‍ രൂക്ഷമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ കടന്നുപോകുന്നത്. മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എപ്പോള്‍ അവസാനിക്കും? ഇതായിരുന്നു പ്രധാനമന്ത്രിയോട് അസം ചൗധരി ചോദിച്ചത്. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ പ്രധാനമന്ത്രി നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയോട് ചോദിക്കൂ എന്നായിരുന്നു മറുപടി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകന്‍ അസം ചൗധരിയെ തനിക്ക് പരിചയമുണ്ടെന്നായിരുന്നു വിവാദങ്ങളിൽ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബിന്റെ പ്രതികരണം. ''അസം ചൗധരിയേയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുകയും ചെയ്തു. സര്‍ക്കാരിന് മാധ്യമപ്രവര്‍ത്തകരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ വാര്‍ത്താ സമ്മേളനത്തിന് അവരെ വിളിക്കുമായിരുന്നോ'' മന്ത്രി ചോദിച്ചു.