കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ നേരിടേണ്ടി വന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിനെ പിന്തുണച്ച് ഹിലരി ക്ലിന്റണ്‍. 'നൃത്തം ചെയ്തുകൊണ്ടേയിരിക്കൂ' എന്ന കാപ്ഷനോടെയുള്ള ട്വീറ്റുമായാണ് ഹിലരി സന്ന മരിന് പിന്തുണ അറിയിച്ചത്. യുഎസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തിരിക്കെ, വിനോദയാത്രയ്ക്കിടെ പൊട്ടിച്ചിരിച്ച് നൃത്തം ചെയ്യുന്ന ചിത്രമാണ് ഹിലരി ട്വീറ്റിലൂടെ പങ്കുവെച്ചത്.
പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഹിലരിയുടെ ട്വീറ്റ് ഫിന്നിഷ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു. കൂട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തില്‍ പ്രധാനമന്ത്രി പദവിക്ക് ചേരാത്തവിധം പെരുമാറിയെന്ന ആക്ഷേപമാണ് സന്ന മരിന്‍ നേരിടേണ്ടി വന്നത്. ആഘോഷത്തിനിടെ പ്രധാനമന്ത്രി ലഹരി ഉപയോഗിച്ചെന്ന ആരോപണങ്ങളും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു. രക്തപരിശോധന നടത്തി ലഹരി ഉപയോഗിച്ചില്ലെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിക്ക് തെളിയിക്കേണ്ടി വന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ ജീവിതത്തിലെ തന്റെ അവകാശങ്ങളെ ഓര്‍മിപ്പിച്ച് വൈകാരികമായി സന്ന മരിന്‍ പ്രതികരിച്ചിരുന്നു.
''ഞാനും ഒരു മനുഷ്യനാണ്. ഞാനും ചിലപ്പോള്‍ സന്തോഷവും വിനോദവുമെല്ലാം ആഗ്രഹിക്കുന്നുണ്ട് '' - ഹെല്‍സിങ്കിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സന്ന മരിന്‍ കണ്ണീരോടെ പറഞ്ഞു. ''ഇത് സ്വകാര്യതയാണ്, സന്തോഷമാണ്, ജീവിതമാണ്. എന്നാല്‍ അതിനുവേണ്ടി ഞാന്‍ ഒരിക്കലും എന്റെ ജോലിയുടെ ഒരു ദിവസം പോലും പാഴാക്കിയിട്ടില്ല. ഒഴിവു സമയങ്ങളില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ ജോലി സമയത്ത് എന്താണ് ചെയ്യുന്നതെന്നാണ് ശ്രദ്ധിക്കേണ്ടത്. അതാണ് ഞാന്‍ ആഗ്രഹിക്കുന്നതും''. പ്രധാനമന്ത്രി വ്യക്തമാക്കി. പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതും നിയമാനുസൃതമല്ലേ എന്നും അവര്‍ ചോദിച്ചിരുന്നു.