WORLD

ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേലിന്റെ ക്രൂരത, 90 മരണം; കേരം ശാലോം ഇടനാഴി തുറന്നു

ഗാസയിലെ ആശുപത്രികളുടെ സ്ഥിതിഗതികള്‍ ഗുരുതരമായിതന്നെ തുടരുകയാണ്. അല്‍ ഷിഫ ആശുപത്രിയില്‍ അടിസ്ഥാന ചികിത്സ മാത്രമാണ് നിലവിലുള്ളത്

വെബ് ഡെസ്ക്

ഇസ്രയേലിനും ഗാസയ്ക്കും ഇടയിലുള്ള ഇടനാഴിയായ കേരം ശാലോം മാനുഷിക സഹായമെത്തിക്കുന്നതിനായി തുറന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേരം ശാലോം തുറക്കുന്നത്. യുദ്ധമേഖലയിലേക്ക് എത്തേണ്ട മരുന്നിന്റേയും ഭക്ഷണത്തിന്റേയും അളവ് ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇടനാഴി പൂർണമായി അടച്ചത്.

ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ ഇടനാഴി വഴിയായിരുന്നു സഹായങ്ങള്‍ എത്തിച്ചിരുന്നത്. 100 ട്രക്കുകള്‍ക്ക് മാത്രമായിരുന്നു ഇടനാഴി വഴി ഇസ്രയേല്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ഗാസ എന്നിവയുടെ അതിർത്തിയിലുള്ള കേരം ശാലോമാണ് പലസ്തീനിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) പലസ്തീന്‍ അഭയാർഥി ഏജന്‍സിയുടേയും ഇസ്രയേലിന്റേയും ഏകോപനത്തോടെ ഞായറാഴ്ച കേരം ശാലോം തുറന്നതായി പലസ്തീന്‍ അതിർത്തി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെതന്നെ ഗാസയില്‍ സഹായം എത്തിയതായും തിങ്കളാഴ്ചയോടെ ഇത് പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. 79 ട്രക്കുകള്‍ കേരം ശാലോം കടന്നതായി ഈജിപ്ത് റെഡ് ക്രെസെന്റ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ വടക്കന്‍ ഗാസയിലുള്ള ജബലിയ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 90 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. മരണപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

കര, കടല്‍, വ്യോമ മാർഗങ്ങള്‍ വഴി ഇസ്രയേലും ഹമാസും ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനും മാനുഷിക സഹായത്തില്‍ യുഎന്‍ നിരീക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശത്തിന്മേല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തും. ഗാസയില്‍ മാനുഷിക ദുരന്തം സംഭവിക്കുന്നതായി യുഎന്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്ടിണിയും രോഗവ്യാപനവും സംഭവിക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് മാസത്തിലധികമായി നീണ്ടു നില്‍ക്കുന്ന ഏറ്റുമുട്ടല്‍ കാരണം 23 ലക്ഷം പേരാണ് പലസ്തീനില്‍ നിന്ന് പലായനം ചെയ്തത്.

ഗാസയിലെ ആശുപത്രികളുടെ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. അല്‍ ഷിഫ ആശുപത്രിയില്‍ അടിസ്ഥാന ചികിത്സ മാത്രമാണ് നിലവിലുള്ളത്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ പരിചരിക്കാന്‍ ആവശ്യമായ ജീവനക്കാർ പോലുമില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. ഗാസയിലെ പ്രധാന ആശുപത്രികളുടെ അത്യാഹിതവിഭാഗം ചോരക്കളത്തിന് സമാനമെന്നായിരുന്നു മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും എത്തിച്ച യുഎന്‍ സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞത്.

വേദനസംഹാരികളുടെ സഹായമില്ലാതെയാണ് പരുക്കേറ്റ രോഗികള്‍ ഗാസ സിറ്റി ആശുപത്രിയില്‍ കഴിയുന്നതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. മിനിറ്റുകള്‍തോറും പുതിയ രോഗികള്‍ എത്തുകയാണ്. വടക്കന്‍ ഗാസയില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന നാല് ആശുപത്രികള്‍ മാത്രമാണ് യുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ഇപ്പോള്‍ ഭാഗികമായി പ്രവൃത്തിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം, ഗാസയിലെ ആശുപത്രികളുടെ മുറ്റത്ത് പലസ്തീനികളെ ഇസ്രയേല്‍ സൈന്യം ജീവനോടെ കുഴിച്ചുമൂടിയതിന് ദൃക്സാക്ഷികളുണ്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രി മായ് അല്‍കാലിയ പറഞ്ഞതായി വാർത്താ ഏജന്‍സിയായ വാഫ റിപ്പോർട്ട് ചെയ്തു. യുദ്ധക്കുറ്റങ്ങളില്‍ നിശബ്ദരാകരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രി ആവശ്യപ്പെട്ടു. ഇതിനുപുറമെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ മന്ത്രി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ