'ഞാന്‍ എന്റെ മകളെ സ്നേഹിക്കുന്നു. അവളുടെ ഓരോ ചുവടിലും പിന്തുണയുമായി ഞാനും കുടുംബവും ഉണ്ടാകും. അവള്‍ക്കൊപ്പമാണ് ഞങ്ങളെപ്പോഴും. സുന്ദരിയായ, ബുദ്ധിമതിയായ, മിടുക്കിയായ ഒരു സ്ത്രീയായി അവള്‍ ഈ ലോകത്തേക്ക് പ്രവേശിക്കുന്നത് കാണുന്നത് തന്നെ ഭാഗ്യമാണ്. ദൈവം അവളെ അനുഗ്രഹിക്കട്ടെ ' - ട്രാന്‍സ്ജെന്‍ഡറാണ് താനെന്ന മകന്‍ ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഖ്യാത എഴുത്തുകാരന്‍ ഖാലിദ് ഹൊസെയ്നി സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
18 വര്‍ഷം മകനെന്ന് വിളിച്ച ഹാരിസിനെ തന്റെ മകള്‍ ഹാരിസ് എന്ന് അഭിസംബോധന ചെയ്താണ് കുറിപ്പ് തുടങ്ങുന്നത്. ഇനി ഒന്നല്ല, രണ്ട് പെണ്‍മക്കളാണ് തനിക്കെന്ന് ഖാലിദ് ഹൊസെയ്നി പറയുന്നു.
അച്ഛനെന്ന നിലയില്‍ ഹാരിസിനെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദര്‍ഭമില്ല. സ്വന്തം സത്യം ലോകത്തോട് തുറന്നു പറയാനുള്ള അവളുടെ ധൈര്യവും ഭയമില്ലായ്മയും എനിക്ക് പ്രചോദമാണ്.ഖാലിദ് ഹൊസെയ്നി
'ഹാരിസിന്റെ ഈ യാത്രയെകുറിച്ച് ഒരു വര്‍ഷമായി അറിയാം. വൈകാരികവും ശാരീരികവും സാമൂഹികവും, മാനസികമായ ഏറെ സങ്കീര്‍ണയുള്ളതാണ് ഈ പരിവര്‍ത്തനം. ഓരോ വെല്ലുവിളിയും ക്ഷമയോടെയും വിവേകത്തോടെയും ഹാരിസ് നേരിട്ടു. അച്ഛനെന്നനിലയില്‍ ഹാരിസിനെ കുറിച്ച് ഇത്രയേറെ അഭിമാനിച്ച മറ്റൊരു സന്ദര്‍ഭമില്ല. സ്വന്തം സത്യം ലോകത്തോട് തുറന്നു പറയാനുള്ള അവളുടെ ധൈര്യവും ഭയമില്ലായ്മയും എനിക്ക് പ്രചോദമാണ് '- ഖാലിദ് ഹൊസെയ്നി കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് എഴുത്തുകാരന് ലഭിക്കുന്നത്. ഏറ്റവും പുരോഗമനപരമെന്ന് നടിക്കുന്ന സമൂഹത്തില്‍ പോലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ പ്രതിസന്ധി നേരിടുന്ന കാലത്ത് ഖാലിദ് ഹൊസെയ്നിയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറുന്നു.
ബന്ധം ഉപേക്ഷിച്ച് വിവിയന്‍ ജെന്ന വില്‍സണ്‍
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക്കുമായി സകലബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് മകള്‍. ലിംഗസ്വത്വം സംബന്ധിച്ച അഭിപ്രായഭിന്നതയാണ് മസ്‌ക്കുമായുള്ള മകളുടെ അകല്‍ച്ചയ്ക്ക് വഴിവെച്ചത്.
മസ്‌ക്ക് എന്ന സര്‍ നെയിം ഒഴിവാക്കി, പുതിയ പേര് സ്വീകരിക്കാനും സ്ത്രീയെന്ന ലിംഗസ്വത്വം നേടിയെടുക്കാനും 18 വയസ് പൂര്‍ത്തിയായതോടെ അവര്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് ലഭിച്ച അനുകൂല വിധിയുടെ സഹായത്തോടെ സേവിയര്‍ അലക്‌സാണ്ടര്‍ മസ്‌ക്ക് എന്ന പേര് മാറ്റി വിവിയന്‍ ജെന്ന വില്‍സണ്‍ എന്നാക്കി.
ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും യാഥാസ്ഥിതികവും സ്ത്രീ വിരുദ്ധവുമായ സമൂഹങ്ങളിലൊന്നെന്ന് പഴികേള്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഖാലിദ് ഹൊസെയ്‌നി വ്യത്യസ്തനാവുന്നത്. സോവിയറ്റ് യൂണിയന്‍ അധിനിവേശകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കാനുള്ള കോടതിവിധിയടക്കം പിന്തിരിപ്പന്‍ ചിന്തകള്‍ക്ക് മേല്‍ക്കൈ വരികയാണ് അമേരിക്കയില്‍ ഇന്ന്. അവിടെയിരുന്നാണ് അഭിമാനിയായ ഒരു അച്ഛന്‍ തന്റെ മകളെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. മുസ്ലീം എന്ന മതസ്വത്വമോ, എഴുത്തുകാരനെന്ന ഖ്യാതിയോ അതിന് തടസ്സമാകുന്നില്ല. ഹാരിസിന് മാത്രമല്ല, ലോകമെങ്ങും ലിംഗസ്വത്വത്തിന്റെ പേരില്‍ അവഗണന നേരിടുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ് ഖാലിദ് ഹൊസെയ്‌നിയുടെ വാക്കുകള്‍. അതുകൊണ്ടുതന്നെ ആ കുറിപ്പ് ആഘോഷിക്കപ്പെടണം.