WORLD

വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; മാധ്യമപ്രവർത്തകനെ ആക്രമിച്ചു

കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം

വെബ് ഡെസ്ക്

വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ശനിയാഴ്ച പ്രതിഷേധിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകന്‍ ലളിത് ഝായെ ഖലിസ്ഥാനികള്‍ ആക്രമിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ അനുകൂലികള്‍ ശാരീരികമായി ആക്രമിക്കുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ലളിത് പറയുന്നു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനായി പോലീസ് തിരച്ചില്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

തന്നെ സംരക്ഷിച്ചതിനും ജോലി ചെയ്യാൻ സഹായിച്ചതിനും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലളിത് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ആക്രമിച്ചവരുടെ വീഡിയോ ലളിത് ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രതിഷേധക്കാര്‍ വടി കൊണ്ട് ചെവിയിൽ അടിച്ചെന്നും തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നെന്നും ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളപ്പോഴാണ് അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് ഖലിസ്ഥാന്‍ കൊടി വീശി പ്രതിഷേധക്കാര്‍ എംബസിയുടെ പരിസരത്തേക്ക് എത്തിയതെന്ന് ദൃക്സാക്ഷിയായ ലളിത് പറയുന്നു. എംബസി തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ഇവര്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവിനെയും ഭീഷണിപ്പെടുത്തിയെന്ന് ലളിത് എഎന്‍ഐയോട് പ്രതികരിച്ചു.

സംഭവത്തെ അപലപിച്ച് ഇന്ത്യൻ എംബസി പ്രസ്താവന പുറത്തിറക്കി. “ഒരു മുതിർന്ന പത്രപ്രവർത്തകനെതിരായ ഗുരുതരമായ ഈ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഖലിസ്ഥാനി അനുകൂലികളുടെ അക്രമപരവും സാമൂഹികവിരുദ്ധവുമായ പ്രവണതകളാണ് വെളിപ്പെടുത്തുന്നത്'' - ഇന്ത്യൻ എംബസി പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധത്തിനെതിരെ ഉടനടി പ്രതികരിച്ചതിന് അമേരിക്കയിലെ നിയമ നിർവഹണ ഏജൻസികൾക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

മാര്‍ച്ച് 20ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ ഖലിസ്ഥാൻ പതാകയേന്തിയ ആക്രമികൾ വാതിലുകൾ തകർത്ത് അകത്ത് കയറുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ പതാകകൾ ഉപയോഗിച്ച് ഗ്ലാസ് വാതിലുകളും കോൺസുലേറ്റ് കെട്ടിടത്തിന്റെ ജനലുകളും തകർത്തു. പോലീസ് ഉയർത്തിയ താത്കാലിക സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധക്കാർ ഖലിസ്ഥാൻ പതാകകൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അക്രമികളെ കണ്ടെത്തി കടുത്തശിക്ഷ നൽകുമെന്നും അറിയിച്ചിരുന്നു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായിരുന്നു.

അതിനിടെ ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു നടപടി. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാകുമെന്ന പ്രതീക്ഷ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പങ്കുവച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം