WORLD

'സയണിസ്റ്റ് ഭരണകൂടത്തിന് തെറ്റ് പറ്റി'; ഹീബ്രു ഭാഷയില്‍ ഖൊമേനിയുടെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ട്വീറ്റ്‌ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

വെബ് ഡെസ്ക്

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഹീബ്രു ഭാഷയിലെ എക്‌സ് അക്കൗണ്ട് തുറന്ന് ഒരു ദിവസത്തിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു' എന്ന് ട്വീറ്റ്‌ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ' ഇറാനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ അത് തെറ്റി. ഇറാനിയന്‍ രാഷ്ട്രത്തിന് എന്ത് തരത്തിലുള്ള ശക്തിയും കഴിവും ഇച്ഛാശക്തിയുമുണ്ടെന്ന് മനസിലാക്കിത്തരാന്‍ ഞങ്ങള്‍ അവസരമൊരുക്കും' ട്വീറ്റില്‍ പറഞ്ഞിരുന്നു.

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ശനിയാഴ്ച ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതുശേഷമാണ് ഇസ്രയേലിന്റെ ഹീബ്രുഭാഷയില്‍ പോസ്റ്റ് ചെയ്യാന്‍ ഖൊമേനി അക്കൗണ്ട് തുറന്നത്. എക്‌സിന്‌റെ നിയമങ്ങള്‍ ലംഘിച്ചതിന് അക്കൗണ്ട് നിര്‍ത്തിവച്ചതായാണ് ഇപ്പോള്‍ കാണിക്കുന്നത്.

ഖൊമേനിയുടെ പ്രധാന എക്‌സ് അക്കൗണ്ടില്‍ ഇംഗ്ലിഷിലും ചില അവസരങ്ങളില്‍ ഹീബ്രു ഭാഷയിലും ട്വീറ്റ് ചെയ്യാറുണ്ട്. അറബിക് പോസ്റ്റുകള്‍ക്കായി മറ്റൊരു അക്കൗണ്ടുമുണ്ട്. കൂടാതെ ഖൊമേനി മീഡിയ എന്ന മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍, പ്രധാന അക്കൗണ്ട് റിട്വീറ്റ് ചെയ്യാറുമുണ്ട്.

ഇസ്രയേല്‍ ആക്രമണം നടത്തിയേഷം തുടക്കത്തില്‍ നാശനഷ്ടം പരിമിതമാണെന്ന് അവകാശപ്പെട്ട് സംഭലം ലഘൂകരിക്കാനാണ് ഇറാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തെ നിസാരവത്കരിക്കരുതെന്ന് ഖൊമേനി ഇന്നലെ പറഞ്ഞിരുന്നു.

'രണ്ട് രാത്രികള്‍ക്ക് മുമ്പ് സയണിസ്റ്റ് ഭരണകൂടം ചെയ്ത തിന്മയെ കുറച്ചുകാണുകയോ പെരുപ്പിച്ച് കാണുകയോ ചെയ്യരുത്,'' ഖൊമേനിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ പറഞ്ഞു. ' ഇസ്രയേല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തടസപ്പെടുത്തണം. ഇറാന്‍ എന്ന രാജ്യത്തിന്റെയും യുവാക്കളുടെയും ശക്തിയും നിശ്ചയദാര്‍ഢ്യവും മുന്‍കൈ എടുക്കാനുള്ള കഴിവിനെയും അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ഇറാന്‌റെ ശക്തി ഇസ്രയേലിനോട് എങ്ങനെ പ്രകടിപ്പിക്കണമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രയേലിന്‌റെ വ്യോമാക്രമണം ഇറാന്‌റെ പ്രതിരോധത്തെയും മിസൈല്‍ ഉല്‍പാദനത്തെയും കാര്യമായി ബാധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണം. ഒക്ടോബർ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍