WORLD

ചാര ഉപഗ്രഹം തയ്യാർ: വിക്ഷേപണത്തിന് ഉത്തരവിട്ട് കിം ജോങ് ഉൻ

വെബ് ഡെസ്ക്

രാജ്യത്തെ ആദ്യത്തെ സൈനിക ചാര ഉപഗ്രഹത്തിന്റെ നിർമാണം പൂർത്തിയാക്കിയതായി ഉത്തര കൊറിയ. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി ഉത്തര കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെയും ദക്ഷിണ കൊറിയുടെയും 'ഭീഷണി' ചെറുക്കുന്നതിനും രഹസ്യാന്വേഷണ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് കിം ജോങ് ഉൻ വ്യക്തമാക്കി.

ഷെഡ്യൂൾ ചെയ്തതുപോലെ ഉപഗ്രഹം വിക്ഷേപിക്കണമെന്ന് കിം ആവശ്യപ്പെട്ടെങ്കിലും വിക്ഷേപണ തീയതി തീരുമാനിച്ചിട്ടില്ല. ഡിസംബറിലാണ് ഉത്തര കൊറിയ ചാര ഉപഗ്രഹത്തിന്റെ അവസാനഘട്ട പരീക്ഷണം നടത്തിയത്. ഏപ്രിലിൽ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഉപഗ്രഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ, കിം ജോങ് ഉൻ രാജ്യത്തിന്റെ നാഷണൽ എയ്‌റോസ്‌പേസ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ സന്ദർശിച്ചിരുന്നു. ഇന്റലിജൻസ് ശേഖരണ ശേഷി ഉറപ്പിക്കാൻ നിരവധി ഉപഗ്രഹങ്ങൾ ആവശ്യമാണെന്നും കിം പറഞ്ഞതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശത്രുസൈന്യത്തിന്റെ സൈനിക സാഹചര്യത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്നും കിം പറഞ്ഞു. കഴിഞ്ഞ വർഷം പ്യോങാൻ പ്രവിശ്യയിലെ സോഹെ സാറ്റ്ലൈറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ വച്ചായിരുന്നു ഉപഗ്രഹത്തിന്റെ അവസാനഘട്ട പരീക്ഷണം നടത്തിയത്.

ഉപഗ്രഹത്തിന് മുന്നിൽ നിന്ന് കിം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ഫോട്ടോയും സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. സഖ്യം ശക്തിപ്പെടുത്തുക എന്ന വ്യജേന അമേരിക്കയും ദക്ഷിണ കൊറിയയും ശത്രുതാപരമായ രീതിയിൽ സൈനിക പ്രചാരങ്ങൾ വിപുലീകരിക്കുകയാണെന്ന് കിം ആരോപിച്ചു. "ദക്ഷിണ കൊറിയയെ ആക്രമണത്തിനുള്ള താവളവും യുദ്ധത്തിനുള്ള ആയുധശേഖരമാക്കാനും" അമേരിക്ക ശ്രമിക്കുകയാണ്. വിമാനവാഹിനി കപ്പലുകൾ, ആണവശേഷിയുള്ള ബോംബറുകൾ തുടങ്ങിയ സൈനിക ആസ്തികൾ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും കിം ജോങ് ഉൻ അവകാശപ്പെട്ടു.

ഔദ്യോഗിക ബഹിരാകാശ ഏജൻസി സന്ദർശിച്ചപ്പോൾ, വിക്ഷേപണം കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കിം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തരവിട്ടതായും സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മുതൽ ഉത്തരകൊറിയ നൂറോളം മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്. അതിൽ 30 എണ്ണം ഈ വർഷമായിരുന്നു. അടുത്തിടെ നടന്ന നിരവധി മിസൈൽ വിക്ഷേപണങ്ങളിലും സൈനിക പരിപാടികളിലും കിമ്മിന്റെ മകളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഉത്തര കൊറിയയുടെ വർധിച്ചുവരുന്ന ആണവ ഭീഷണികൾക്കെതിരെയായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയും ദക്ഷിണ കൊറിയയും 110 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തി 12 ദിവസത്തെ വ്യോമാഭ്യാസം നടത്തിയിരുന്നു. ഇത് കൂടാതെ ജപ്പാനുമായി ചേർന്ന് ഒരു ഏകദിന നാവിക മിസൈൽ പ്രതിരോധ അഭ്യാസവും നടത്തിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?