ഉത്തര കൊറിയക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ കരാര്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയയുടെ ആണവ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ നടത്തിയ ചര്‍ച്ച ഉത്തര കൊറിയയോടുള്ള 'കടുത്ത' ശത്രുത പ്രകടമാക്കുന്നതുമാണെന്നും കിം യോ ജോംഗ് കൂട്ടിചേര്‍ത്തു. തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ അത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തിന് അന്ത്യമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശമാണ് കിം യോ ജോംഗിനെ ചൊടിപ്പിച്ചത്.
ബൈഡന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു വ്യക്തിയില്‍ നിന്നുള്ള തെറ്റായ പരാമര്‍ശം മാത്രമായി തള്ളി കളയുന്നില്ലെന്നും കിം യോ ജോംഗ് പറഞ്ഞു. ശത്രുക്കൾ ആണവയുദ്ധാഭ്യാസങ്ങൾ നടത്തുകയും കൊറിയന്‍ ഉപദ്വീപിന്റെ പരിസരത്ത് അവര്‍ കൂടുതല്‍ ആണവ വസ്തുക്കള്‍ വിന്യസിക്കുകയും ചെയ്യുമ്പോള്‍, അതേ തോതില്‍ പ്രതിരോധം ശക്തമാക്കാനുള്ള അവകാശം തങ്ങള്‍ക്കും ഉണ്ടെന്നും കിം യോ ജോംഗ് വ്യക്തമാക്കി.
അമേരിക്ക-ദക്ഷിണ കൊറിയന്‍ കരാര്‍ വടക്കുകിഴക്കന്‍ ഏഷ്യയുടെയും ലോകത്തിന്റെയും സമാധാനവും സുരക്ഷയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയുള്ളൂവെന്നും ഇത് ഒരിക്കലും സ്വാഗതം ചെയ്യാന്‍ കഴിയാത്ത പ്രവൃത്തിയാണെന്നും കിം യോ ജോംഗ് പറഞ്ഞു. എന്നാല്‍ പ്രതിരോധമായി ഉത്തര കൊറിയ എന്ത് നടപടികള്‍ എടുക്കുമെന്ന് കിം യോ ജോംഗ് ഇതുവരെ വ്യക്തമാക്കിയില്ല.
അമേരിക്കൻ സന്ദർശനത്തിനിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാഷിംഗ്ടൺ ഡിക്ലറേഷൻ എന്ന പുതിയ കരാർ ഒപ്പിട്ടത്. കൊറിയൻ മേഖലയിൽ ഉത്തര കൊറിയ ആവർത്തിച്ച് പ്രകോപനവും ആണവായുധശേഷിയുള്ള മിസൈൽ പരീക്ഷണവും നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഉത്തരകൊറിയ ഉയർത്തുന്ന ആണവായുധഭീഷണിയെ പ്രതിരോധിക്കാനുള്ള നിർണായകനീക്കമാണ് കരാർ. ദക്ഷിണ കൊറിയയ്ക്ക് ആണവായുധ സഹായവും അമേരിക്ക ഉറപ്പ് നൽകുന്നുണ്ട്.
ആദ്യഘട്ടത്തിൽ ആണവായുധ വിന്യാസത്തിന് സഹായകരമാകുന്ന അമേരിക്കയുടെ ബാലിസ്റ്റിക് അന്തർവാഹിനി ദക്ഷിണ കൊറിയക്ക് സമീപം എത്തിക്കും. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറും. എന്നാൽ ദക്ഷിണകൊറിയ സ്വന്തമായി ആണാവയുധം നിർമ്മിക്കില്ലെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്