WORLD

'ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എന്റെ രാജാവല്ല': ചാൾസ് രാജാവിനെതിരെ കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ഓസ്‌ട്രേലിയൻ സെനറ്റർ

ഓസ്‌ട്രേലിയയുടെ പാർലമെൻ്റ് ഹൗസിൽ ചാൾസ് മൂന്നാമൻ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവം

വെബ് ഡെസ്ക്

ബ്രിട്ടനിലെ ചാൾസ് രാജാവിന് നേരെ കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ. ചാൾസ് രാജാവിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് സ്വതന്ത്ര ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ് മുദ്രാവാക്യങ്ങൾ വിളിച്ചത്. ''ഇത് നിങ്ങളുടെ നാടല്ല, നിങ്ങൾ എന്റെ രാജാവല്ല'' എന്നാക്രോശിച്ച സെനറ്ററെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് മാറ്റി.

പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളെ കാണാൻ ചാൾസ് രാജാവും കാമില രാജ്ഞിയും ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറ സന്ദർശിച്ച വേളയിലായിരുന്നു സെനറ്ററുടെ പ്രതിഷേധം. ഓസ്‌ട്രേലിയയുടെ പാർലമെൻ്റ് ഹൗസിൽ ചാൾസ് മൂന്നാമൻ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.

"നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ! ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ! ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു! ഇത് നിങ്ങളുടെ ഭൂമിയല്ല!" ലിഡിയ ചാൾസ് രാജാവിനെ നേരെ വിളിച്ച് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ "ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ, നിങ്ങൾ മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ" എന്ന് ലിഡിയ തോർപ്പ് ഉറക്കെ ആക്രോശിക്കുകയായിരുന്നു. പിന്നാലെ തന്നെ സംഭവത്തെക്കുറിച്ച് കൂടുതൽ പരാമർശിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു.

വിക്ടോറിയയിൽ നിന്നുള്ള ഒരു സ്വതന്ത്ര സെനറ്ററാണ് തോർപ്പ്. ഓസ്‌ട്രേലിയയിലേക്കുള്ള ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ വരവ്, 1930-കൾ വരെ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സ്ഥലങ്ങളിൽ തദ്ദേശീയരെ കൂട്ടക്കൊലയിലേക്ക് നയിച്ചിരുന്നു. 100 വർഷത്തിലേറെയായി ഓസ്‌ട്രേലിയ ഒരു ബ്രിട്ടീഷ് കോളനിയാണ്. ഈ സമയത്ത് ആയിരകണക്കിന് ആദിവാസി ഓസ്‌ട്രേലിക്കാർ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. 1901-ൽ രാജ്യം യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെ ഒരു സമ്പൂർണ്ണ റിപ്പബ്ലിക്കായിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവൻ.

ഭരണഘടനയിൽ താദ്ദേശീയരായ ഓസ്‌ട്രേലിയക്കാരെ അംഗീകരിക്കാനും ഒരു തദ്ദേശീയ കൺസൾട്ടേറ്റീവ്‌ ബോഡി സ്ഥാപിക്കാനുള്ള നിർദേശങ്ങൾ കഴിഞ്ഞ വര്ഷം സർക്കാർ നിരസിച്ചിരുന്നു. രാജ്യത്തെ ആദിവാസി വിഭാഗങ്ങളിൽ പെട്ടയാളാണ് ലിഡിയ തോർപ്പ്. ചാള്‍സും പത്‌നി കാമിലയും ഓസ്‌ട്രേലിയൻ യുദ്ധ സ്മാരകം സന്ദർശിക്കുന്നതിനിടയിലും പ്രതിഷേധക്കാർ ആദിവാസി ഗ്രൂപ്പുകളുടെ പതാകയുമായി പ്രതിഷേധിച്ചിരുന്നു.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം