ഫ്രാൻസിലെ ആന്‍സിയിലുള്ള ആൽപൈൻ പട്ടണത്തിലെ പാർക്കിലുണ്ടായ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ആറ് പേർക്ക് പരുക്ക്. മൂന്ന് വയസില്‍ താഴെയുള്ള നാല് കുട്ടികൾ ഉള്‍പ്പെടെയുള്ളവർക്കാണ് ആക്രമണത്തിൽ കുത്തേറ്റത്. അക്രമി സിറിയൻ അഭയാർഥിയാണെന്നാണ് പോലീസ് പ്രതികരണം. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ അപലപിച്ചു. ". രാജ്യം ഞെട്ടലിലാണ്, പരുക്കേറ്റ ഒരുകുട്ടിയുള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്" അദ്ദേഹം പ്രതികരിച്ചു. തികച്ചും വ്യാഴാഴ്ച നടന്ന ആക്രമണത്തെ ഭീരുത്വ പ്രവർത്തിയെന്നും മാക്രോൺ വിശേഷിപ്പിച്ചു. പ്രതിയെ പിടികൂടിയെന്ന ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സ്‌ട്രോളറിലുണ്ടായിരുന്ന ഒരു കുട്ടിയെയാണ് അക്രമി കുത്തി പരുക്കേല്പിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. "കുട്ടികളെ ആക്രമിക്കുന്നതിനേക്കാൾ മോശമായ ഒന്നുമില്ല," ഫ്രഞ്ച് നാഷണൽ അസംബ്ലി സ്പീക്കർ ട്വിറ്ററിൽ കുറിച്ചു.
ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങൾക്ക് ഇതിന് മുൻപും രാജ്യം നിരവധി തവണ സാക്ഷിയായിട്ടുണ്ട്. എന്നാൽ സമീപവർഷങ്ങളിൽ ഭീകരാക്രമണങ്ങൾ ഫ്രാൻസിൽ കുറവായിരുന്നു. എന്നിരുന്നാലും കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണം വളരെ വിരളമായി മാത്രമേ ഫ്രാൻസിൽ സംഭവിക്കാറുള്ളു.