ഒറ്റദിവസം അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി കുവൈറ്റ്. 2015ൽ 26 പേരുടെ മരണത്തിനിടയാക്കിയ ദാഇശ് ഗ്രൂപ്പ് ചാവേർ ബോംബ് സ്‌ഫോടനത്തിലെ കുറ്റാരോപിതനായ ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ തൂക്കിക്കൊന്നതായി കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സെൻട്രൽ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞവർഷം നവംബറിന് ശേഷം ഒന്നിലധികം വധശിക്ഷകൾ ഒമാൻ നടപ്പാക്കുന്നത് ഇതാദ്യമാണ്. അഞ്ച് വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച ശേഷമായിരുന്നു നവംബറിൽ ഏഴ് പേരെ തൂക്കിക്കൊന്നത്.
കുവൈറ്റിന്റെ ചരിത്രത്തിലെ അങ്ങേയറ്റം രക്തരൂക്ഷിത ആക്രമണമായിരുന്നു 2015ൽ നടന്ന ബോംബാക്രമണം. തലസ്ഥാനത്തെ ഷിയാ പള്ളിയിൽ ജുമ നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. സംഭവത്തിലെ പ്രധാന പ്രതി ഇന്ന് തൂക്കിലേറ്റപ്പെട്ടവരിൽ ഒരാളായ അബ്ദുൾറഹ്മാൻ സബാഹ് സൗദ് ആയിരുന്നു.
ചാവേറിനെ പള്ളിയിലെത്തിച്ചതിനും സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ബെൽറ്റ് സൗദി അതിർത്തിക്ക് സമീപത്തുനിന്ന് കൊണ്ടുവന്നതിനുമാണ് സൗദിനെ ശിക്ഷിച്ചത്. പ്രാഥമിക വിചാരണയിൽ സൗദ് കുറ്റം സമ്മതിച്ചിരുന്നെങ്കിലും അപ്പീൽ കോടതികളിലും സുപ്രീം കോടതിയിൽ ഉൾപ്പെടെ നിഷേധിക്കുകയായിരുന്നു.
ഒരു കുവൈറ്റ് സ്വദേശി, ഒരു ഈജിപ്റ്റ് സ്വദേശി, കുവൈറ്റ് പൗരത്വമില്ലാത്ത ബിദൂൺ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാൾ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. മയക്കുമരുന്ന് കേസിൽ ഒരു ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയും നടപ്പാക്കി.
പള്ളിയിൽ സ്‌ഫോടനം നടത്താൻ ചാവേറിനെ സഹായിച്ചതിന് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 29 പ്രതികൾക്കെതിരെയാണ് ആദ്യം കുറ്റം ചുമത്തിയത്. 2016ൽ നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ രണ്ട് മുതൽ 15 വർഷം വരെ തടവിന് ശിക്ഷിച്ചു. പന്ത്രണ്ടിലധികം പേരെ വെറുതെ വിടുകയും ചെയ്തു.
ശിക്ഷിക്കപ്പെട്ടവരിൽ കുവൈറ്റിലെ ദാഇശ് നേതാവ് ഫഹദ് ഫർരാജ് മുഹറബ് ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ 15 വർഷം തടവായി ഇളവ് ചെയ്തിരുന്നു.