ഓസ്‌ട്രേലിയ സ്ഥിര കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിക്കുന്നു. ദീർഘകാല കുടിയേറ്റക്കാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം കുടിയേറ്റക്കാരുടെ എണ്ണം 35,000 മുതൽ 1,95,000 വരെ വർധിപ്പിക്കാനാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമം വലിയ തോതിൽ അഭിമുഖീകരിക്കുന്ന രാജ്യത്തെ കമ്പനികൾക്കും സര്‍വീസ് മേഖലയ്ക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തോളം ഓസ്‌ട്രേലിയ അതിർത്തികൾ അടച്ചിട്ടിരുന്നു. കർശന കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതും വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികള്‍ രാജ്യം വിട്ടതും കമ്പനികളെയും ബിസിനസ് സ്ഥാപനങ്ങളെയും വലിയ രീതിയിൽ ബാധിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഓസ്ട്രേലിയയില്‍ എത്തുന്ന നഴ്‌സുമാരുടെയും എഞ്ചിനീയർമാരുടെയും എണ്ണത്തില്‍ വൻ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 3.4 % ആണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. തൊഴില്‍ വിടവ് കുറയ്ക്കുന്നതിനായി വാർഷിക കുടിയേറ്റ പരിധി 1,60,000 ത്തിൽ നിന്ന് ഉയർത്തണമെന്ന് രാജ്യത്തെ വ്യവസായികള്‍ ഏറെ നാളായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനായി ദേശീയ തലസ്ഥാനമായ കാന്‍ബറയില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ ഉച്ചകോടിയിലാണ് തീരുമാനം. വിദേശത്തു നിന്നുള്ള പ്രതിഭാധനരായ ജീവനക്കാരെ രാജ്യത്തേക്ക് ആകർഷിക്കാനായി മറ്റു രാജ്യങ്ങളുമായി ഓസ്‌ട്രേലിയ കടുത്ത മത്സരത്തിലാണ്.
വിസ പ്രോസസിംഗിലെ ബുദ്ധിമുട്ടുകൾ കാരണം നിരവധി തൊഴിലാളികൾക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താനാവാതെ പോയതും രാജ്യത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കിയിരുന്നു. അടുത്ത ഒമ്പത് മാസത്തേക്ക് വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനായി സർക്കാർ 36 മില്യൺ ഡോളർ ചെലവഴിക്കാനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം.