അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന വെനസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയ രാഷ്ട്രീയ അഭയം തേടി സ്പെയിനിലേക്ക്. ജൂലൈയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിക്കൊളാസ് മഡുറോയുടെ ജയത്തിനെതിരെ രംഗത്തെത്തിയ ഉറുട്ടിയക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒരുമാസക്കാലമായി അദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു.
വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് ഉറുട്ടിയ രാജ്യം വിട്ട കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. വെനെസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സ്പാനിഷ് എംബസി മുഖേനയാണ് ഉറുട്ടിയ രാഷ്ട്രീയ അഭയത്തിനുള്ള സാധ്യതകൾ തേടിയത്. ആവശ്യം അവർ അംഗീകരിച്ചതോടെയാണ് അദ്ദേഹം സ്പെയിനിലേക്ക് കടന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സ്പെയിനിലേക്ക് പോയതെന്നും ഡെൽസി റോഡ്രിഗസ് അറിയിച്ചു.
ജൂലൈ 28ന് നടന്ന തിരഞ്ഞെടുപ്പിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചതു മുതൽ വെനസ്വേല രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വോട്ടെടുപ്പിന് മുന്നോടിയായി പുറത്തുവന്ന സർവേ ഫലങ്ങളും എക്സിറ്റ് പോളുകളും മഡുറോയുടെ പരാജയമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഫലം മറിച്ചായിരുന്നു.
ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി തെരുവുകളിൽ നിറഞ്ഞു. ഗോൺസാലസ് ഉറുട്ടിയ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്നായിരുന്നു അവരുടെ അവകാശവാദം. ഒപ്പം അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചില ലാറ്റിൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വലതുസർക്കാരുകളും പ്രതിപക്ഷത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിയാഞ്ഞതിനാൽ കലാപത്തിനാണ് തീവ്രവലതുപക്ഷം ശ്രമിക്കുന്നത് എന്നായിരുന്നു മഡുറോയുടെ പ്രതികരണം.
മഡുറോ സർക്കാർ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പ്രമുഖ യാഥാസ്ഥിതിക വാദിയായ മരിയ കൊറിന മക്കാഡോ ഉൾപ്പെടെയുള്ളവർ അർജന്റീനിയൻ എംബസിയിൽ അഭയം തേടിയിരിക്കുകയാണ്. ഇവരെ പിടികൂടാൻ കഴിഞ്ഞദിവസം വെനെസ്വേലൻ സൈന്യം എംബസി വളഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയിലാണ് ഉറുട്ടിയയുടെ രാജ്യം വിടൽ.
1998-ൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണത്തിനു അന്ത്യമാകുമെന്ന് കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പായിരുന്നു 2024 ലേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അതുമൂലമുണ്ടായ വലിയ പലായനവുമായിരുന്നു തിരഞ്ഞെടുപ്പിൽ മദുറോയ്‌ക്കെതിരെ പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്ന പ്രചാരണ ആയുധം.