WORLD

'അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുകിട്ടണം'; അമ്മ ഫയൽ ചെയ്ത കേസ് റഷ്യൻ കോടതി പരിഗണിക്കുക മാർച്ച് നാലിന്

രാഷ്ട്രീയ കൊലപാതകം മറച്ചുവെക്കാനാണ് അന്വേഷണോദ്യോഗസ്ഥർ മൃതദേഹം സൂക്ഷിക്കുന്നതെന്ന് അലക്‌സിയുടെ പങ്കാളി യൂലിയ

വെബ് ഡെസ്ക്

ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അമ്മ ല്യൂഡ്‌മില നവാൽനയ ഫയൽ ചെയ്ത കേസ് പരിഗണിക്കുക മാർച്ച് നാലിന്. മകന്റെ മൃതദേഹം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെതിരെയാണ് ല്യൂഡ്‌മില നവാൽനയ റഷ്യൻ കോടതിയെ സമീപിച്ചത്. വിഷയത്തിൽ ക്ലോസ്ഡ് ഹിയറിങ് മാർച്ച് നാലിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ശനിയാഴ്ച മുതൽ ശ്രമങ്ങളിലാണ് അലക്‌സിയുടെ അമ്മ. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

വിവിധ പരിശോധനകൾ നടത്തുന്നതിനാൽ രണ്ടാഴ്ചത്തേക്ക് മൃതദേഹം തിരികെ നൽകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ മാനുഷിക പരിഗണനകളോടെ മകന്റെ മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ല്യൂഡ്‌മില റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് അഭ്യർഥിച്ചിരുന്നു.

"എനിക്ക് അവനെ കാണാൻ കഴിയില്ല, അവന്റെ ശരീരം എനിക്ക് നൽകുന്നില്ല. അവൻ എവിടെയാണെന്ന് എന്നോടുപോലും പറയുന്നില്ല. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു വ്‌ളാദിമിർ പുടിൻ. ഈ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു. അവസാനമായി ഞാൻ എൻ്റെ മകനെ കാണട്ടെ. അലക്സിയുടെ മൃതദേഹം ഉടൻ വിട്ടുനല്‍കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അങ്ങനെ എനിക്ക് അവനെ മാനുഷിക പരിഗണകളോടെ സംസ്കരിക്കാൻ സാധിക്കും," ല്യൂഡ്‌മില നവാൽനയ അലക്‌സി മരിച്ച ജയിലിന് മുന്നിൽവച്ച് പറഞ്ഞു.

തൻ്റെ ഭർത്താവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് വ്‌ളാദിമിർ പുടിനാണെന്ന് നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകം മറച്ചുവെക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ മൃതദേഹം സൂക്ഷിക്കുന്നതെന്നും യൂലിയ ആരോപിച്ചു.

പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ