WORLD

ലിബിയ വെള്ളപ്പൊക്കം: 5000 കവിഞ്ഞ് മരണം; ഡെർണ നഗരത്തിന്റെ നാലിലൊരു ഭാഗം ഒലിച്ചുപോയി

വെബ് ഡെസ്ക്

ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. ഡാനിയൽ കൊടുങ്കാറ്റിനെത്തുടർന്ന് ഞായറാഴ്ചയുണ്ടായ പ്രളയത്തിൽ ലിബിയൻ നഗരമായ ഡെർണയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസഖ്യയിൽ വർധനവുണ്ടായേക്കുമെന്ന് അധികൃതരും രക്ഷാപ്രവർത്തകരും അറിയിച്ചു.

ഡെർണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഡെർണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തിൽ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. 5200 പേർ ദുരന്തത്തിൽ മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയിൽ രക്ഷാപ്രവർത്തനങ്ങൾ സങ്കീർണമാണ്. ദുരന്തത്തെ നേരിടാൻ നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയും യുഎഇയും അയച്ച രക്ഷാസംഘങ്ങൾ കിഴക്കൻ ലിബിയയിൽ എത്തിയതായി അധികൃതർ അറിയിച്ചു.

തൊബ്രൂക് ആസ്ഥാനമായുള്ള ലിബിയൻ നാഷണൽ ആർമിയുടെ കമാൻഡറായ ഖലീഫ ഹഫ്താറിന്റെ രാഷ്ട്രീയ, സൈനിക സഖ്യകക്ഷിയായ ഈജിപ്തിലെ സായുധ സേനാ മേധാവി, ദുരിതാശ്വാസ സാമഗ്രികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ചൊവ്വാഴ്ച അയച്ചിരുന്നു.

പ്രളയബാധിതരെ സഹായിക്കാൻ 48 മണിക്കൂറിനുള്ളിൽ ലിബിയയിലേക്ക് ഫീൽഡ് ഹോസ്പിറ്റൽ അയയ്ക്കുമെന്ന് ഫ്രാൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, വസ്ത്രങ്ങൾ, ടെന്റുകൾ എന്നിവ അടങ്ങിയ എട്ട് വിമാനങ്ങൾ അയച്ചതായി അൾജീരിയൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഈജിപ്ത്, ഫ്രാൻസ്, ഇറാൻ, ഇറ്റലി, ഖത്തർ, ടുണീഷ്യ, ഐക്യരാഷ്ട്രസഭ, അമേരിക്ക എന്നിവരെല്ലാം ലിബിയയ്ക്ക് സഹായഹസ്തം നൽകാൻ തയാറാണെന്ന് അറിയിച്ചു.

പ്രളയത്തിൽ ഡെർണ നഗരത്തിലേക്കുള്ള പ്രധാന പാതകളെല്ലാം തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഡെർണ. സെപ്റ്റംബർ പത്തോടെയാണ് കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റ് വീശിയടിച്ചത്.

തീരദേശ പട്ടണമായ ജബൽ അൽ അഖ്ദർ, ബെൻഗാസ് എന്നീ പ്രദേശങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കൻ നഗരങ്ങളായ ബെൻഗാസി, സൂസെ, ഡെർന, അൽ മർജ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. യുഎൻഎച്ച്‌സിആറിന്റെ കണക്കനുസരിച്ച്, 60,000 പേർ കുടിയിറക്കപ്പെട്ടിട്ടുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും