ശവക്കുഴികളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു കഴിക്കുന്ന നായകള്‍...അറ്റുകിടക്കുന്ന ശരീരഭാഗങ്ങള്‍...മരണത്തിന്റെ മണം മാത്രമുള്ള അന്തരീക്ഷം...നാളെ എന്തെന്നറിയാതെ മുന്നോട്ട് പോകുന്ന ദിനരാത്രങ്ങള്‍...ഇതാണ് റഫയിലെ റിഹാബ് അബു ദഖയുടെയും അവരുടെ ഏഴ് മക്കളുടെയും ജീവിതവും അവർക്ക് ചുറ്റുമുള്ള കാഴ്ചകളും. പലസ്തീനിലെ ഇസ്രയേൽ അധിനവേശത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് ശവപ്പറമ്പില്‍ അഭയം പ്രാപിക്കേണ്ടി വന്ന അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രാണ് റിഹാബ്.
ഭയം എന്ന വാക്കുകൊണ്ടല്ലാതെ ജീവിതത്തെ നിർവചിക്കാന്‍ റിഹാബിന് ഇന്ന് കഴിയില്ല. "ഇന്ന് രാവിലെ നായകള്‍ കുഴിമാടത്തില്‍നിന്ന് ഒരു മൃതദേഹമെടുത്ത് പുറത്തിടുകയും അത് കഴിക്കുകയുമായിരുന്നു. രാത്രി മുതല്‍ നേരം പുലരും വരെ നായകള്‍ ഒരു നിമിഷം പോലും ഉറങ്ങാന്‍ അനുവദിക്കില്ല. കുട്ടികളെന്നെ മുറുകെപിടിച്ചാണ് ഓരോ ദിവസവും മുന്നോട്ടുനീക്കുന്നത് കാരണം അത്രമേല്‍ അവർ ഭയപ്പെട്ടിരിക്കുന്നു," റിഹാബ് പറയുന്നു.
"എന്റെ കുഞ്ഞുങ്ങള്‍ ഒരു ശ്മശാനത്തിനു സമീപം കഴിയുന്നുവെന്നത് ഒരിക്കലും എനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഒന്നാം ക്ലാസില്‍ പഠിക്കേണ്ട പ്രായമാണ് എന്റെ കുട്ടിക്ക്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ അവരിന്ന് ശവപ്പറമ്പുകളും മൃതദേഹവുമാണ് വരയ്ക്കുന്നത്. ഇതാണ് പലസ്തീനിലെ കുരുന്നുകളുടെ ജീവിതം. എനിക്കെന്താണ് നിങ്ങളോട് പറയാന്‍ സാധിക്കുക, ദയനീയം എന്ന വാക്കിനുപോലും ഇവിടെ അർഥമില്ലാതെ പോകുന്നു," റിഹാബ് കൂട്ടിച്ചേർത്തു.
14 ലക്ഷത്തോളം പേരാണ് നിലവില്‍ റഫയില്‍ മാത്രം അഭയം പ്രാപിച്ചിരിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പുള്ളതിനേക്കാള്‍ അഞ്ച് മടങ്ങാണ് റഫയിലെ ഇപ്പോഴത്തെ ജനസംഖ്യ. നോർവീജിയന്‍ അഭയാർഥി സമിതിയുടെ കണക്കുപ്രകാരം റഫയുടെ ഓരോ ചതുരശ്ര കിലോമീറ്ററിലും 22,000 അഭയാർഥികളാണുള്ളത്. ഗാസയിലെ ജനങ്ങളുടെ അവസാന അഭയകേന്ദ്രമാണ് ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന റഫ.
അഭയാർഥികള്‍ ഇനി എങ്ങോട്ടുപോകുമെന്നാണ് റഫ സന്ദർശിച്ചശേഷം തിരിച്ചെത്തിയ ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടറായ ഡോ. റിക് പീപ്പർകോണ്‍ ചോദിക്കുന്നത്. ആരോഗ്യമേഖല ഇതിനോടകം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. വെള്ളത്തിനും ആഹാരത്തിനും ബുദ്ധിമുട്ടുണ്ട്. ഇതൊരു മാനുഷിക ദുരന്തമാണ്. ഒരു സൈനിക നടപടി കൂടി ഉണ്ടായാല്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കും, സാഹചര്യം കൂടുതല്‍ ദുഷ്കരമാകും,'' ഡോ. റിക് ചൂണ്ടിക്കാണിച്ചു.
വെടിനിർത്തല്‍ കരാർ വന്നാലും ഇല്ലെങ്കിലും റഫയില്‍ സൈനിക നടപടിയുണ്ടാകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. സാഹചര്യം മുന്‍നിർത്തി കൂടുതല്‍ താത്കാലിക ആശുപത്രികള്‍ക്കായുള്ള തയാറെടുപ്പുകള്‍ ലോകാരോഗ്യ സംഘടന ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പ്രായമായവരുടെയും രോഗികളുടെയും കാര്യത്തില്‍ എന്ത് ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. 50 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന ആശുപത്രി ഇപ്പോള്‍ 700 പേരെയാണ് ചികിത്സിക്കുന്നത്.