WORLD

ഇമ്രാൻ ഖാൻ നീണ്ട പട്ടികയിലെ ഒരു പേരുകാരൻ മാത്രം; അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പാക് പ്രധാനമന്ത്രിമാർ

പാകിസ്താന്റെ ചരിത്രം പരിശോധിച്ചാൽ പ്രധാനമന്ത്രി പദം വഹിച്ച പലരും പലവിധ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്താനാകും

വെബ് ഡെസ്ക്

നാടകീയ സംഭവവികാസങ്ങൾക്കാണ് കഴിഞ്ഞ ഒരു കൊല്ലമായി പാകിസ്താൻ സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ഏപ്രിലിലെ ഇമ്രാൻ ഖാന്റെ രാജിക്ക് ശേഷം. പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായ ഇമ്രാൻ ഖാന് മേൽ നിരവധി കേസുകളാണ് ചുമത്തപ്പെട്ടത്. ഒടുവിൽ ചൊവ്വാഴ്ച അപ്രതീക്ഷിതമായി തെഹ്‌രീക് ഇ ഇൻസാഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

പാകിസ്താന്റെ ചരിത്രം പരിശോധിച്ചാൽ പ്രധാനമന്ത്രി പദം വഹിച്ച പലരും പലവിധ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്താനാകും. സുൽഫിക്കർ അലി ഭൂട്ടോയും ബേനസീർ ഭൂട്ടോയും എന്തിനേറെ നിലവിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പോലും ഈ നീണ്ട പട്ടികയിലുണ്ട്. അതിലേക്കാണ് ഇമ്രാൻ ഖാന്റെ പേര് കൂടി കൂട്ടിച്ചേർക്കപ്പെടുന്നത്.

ഹുസെയ്ൻ ശഹീദ് സുഹ്രവർദി

ഹുസെയ്ൻ ശഹീദ് സുഹ്രവർദി

പാകിസ്താന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ഹുസെയ്ൻ ശഹീദ് സുഹ്രവർദിയാണ് പട്ടികയിലെ ഒന്നാമൻ. 1956 സെപ്റ്റംബർ മുതൽ 1957 ഒക്ടോബർ വരെയായിരുന്നു ഹുസെയ്ൻ സുഹ്രവർദി പ്രധാനമന്ത്രി പദവി അലങ്കരിച്ചത്. ജനറൽ അയൂബ് ഖാൻ, സർക്കാർ അട്ടിമറിച്ചപ്പോൾ അതംഗീകരിക്കാൻ ഹുസെയ്ൻ സുഹ്രവർദി കൂട്ടാക്കിയിരുന്നില്ല. എലെക്റ്റിവ് ബോഡീസ് ഡിസ്ക്വാളിഫിക്കേഷൻ ഉത്തരവ് പ്രകാരം, അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്ന് വിലക്കിയിരുന്നു.1960 ജൂലൈയിൽ സുഹ്രവർദി ഉത്തരവ് ലംഘിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം 1962ൽ രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടികാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സുൽഫിക്കർ അലി ഭൂട്ടോ

1973 ഓഗസ്റ്റ് മുതൽ 1977 ജൂലൈ വരെയുള്ള നാല് വർഷക്കാലം പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്ന സുൽഫിക്കർ അലി ഭൂട്ടോ 1977 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു അറസ്റ്റ്.

സുൽഫിക്കർ അലി ഭൂട്ടോ

അറസ്റ്റ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചെങ്കിലും മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. കോടതികൾക്ക് ഇടപെടാൻ സാധിക്കാത്ത സൈനിക നിയമം ഉപയോഗിച്ചായിരുന്നു രണ്ടാമത്തെ അറസ്റ്റ്. തുടർന്ന് ജീവപര്യന്തം ശിക്ഷ വിധിക്കുകയും 1979 ഏപ്രിൽ നാലിന് വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.

ബേനസീർ ഭൂട്ടോ

രണ്ട് തവണ പാക് പ്രധാനമന്ത്രിയായ വ്യക്തിയാണ് ബേനസീർ ഭൂട്ടോ.സിയാ ഉൽ ഹഖ്‌ഖിന്റെ സ്വേച്ഛാധിപത്യത്തിന് കീഴിൽ പാക് ജനത കഴിയുന്ന സമയത്താണ് ബേനസീർ ഭൂട്ടോ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അക്കാലത്ത് ബേനസീർ ഭൂട്ടോ പ്രതിപക്ഷ നേതാവായിരുന്നു. 1985ൽ സഹോദരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബേനസീർ ഭുട്ടോയെ 90 ദിവസത്തെ വീട്ടു തടങ്കലിലാക്കുകയായിരുന്നു. പിന്നീട് പലതവണ ബേനസീർ ഭൂട്ടോ പല വകുപ്പുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 1986 ൽ സർക്കാരിനെ അപലപിച്ചതിന്റെ പേരിലും 1999ൽ കൈക്കൂലി കേസിലും അറസ്റ്റ് ചെയ്തു. 1999 ഏപ്രിലിൽ അഞ്ച് വർഷത്തേക്ക് ബേനസീർ ഭുട്ടോയെ ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് മേൽക്കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഉത്തരവ് മരവിപ്പിച്ചു.

ബേനസീർ ഭൂട്ടോ

ഏറ്റവും ഒടുവിലായി 2007 നവംബറിൽ ജനറൽ മുഷ്റഫിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ബേനസീറിനെ അറസ്റ്റ് ചെയ്യുന്നത്. മാർച്ച് നടത്താതിരിക്കാനുള്ള നടപടിയെന്നോണം അന്നൊരാഴ്ചത്തെ വീട്ടുതടങ്കലിൽ ബേനസീറിനെ പാർപ്പിച്ചിരുന്നു.

നവാസ് ഷെരീഫ്

പാകിസ്താന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നവാസ് ഷെരീഫ്. മൂന്ന് തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1999ൽ പർവേസ് മുഷറഫ് പത്ത് വർഷത്തേക്ക് നാടുകടത്തിയ നവാസ് ഷെരീഫ്, 2007ൽ തിരിച്ചു നാട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ശിക്ഷ കാലാവധി തികയാത്തത് കൊണ്ടുതന്നെ സൗദി അറേബ്യയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു.

നവാസ് ഷെരീഫ്

2018 ജൂലൈയിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ പത്ത് വർഷത്തേക്ക് ശിക്ഷിച്ചു.അദ്ദേഹത്തിന്റെ മകളായ മറിയം നവാസും ഈ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം ജയിൽ മോചിതയാക്കി.

അതേവർഷം ഡിസംബറിൽ മറ്റൊരു കേസിൽ അദ്ദേഹം വീണ്ടും ജയിലിലായി. തൊട്ടടുത്ത വർഷം നവംബറിൽ ചികിത്സയ്ക്കായി രാജ്യം വിടാനുള്ള അനുമതി നേടിയ അദ്ദേഹം പിന്നീട് പാകിസ്താനിലേക്ക് മടങ്ങി വന്നിട്ടേയില്ല.

ഷാഹിദ് ഖഖാന്‍ അബ്ബാസി

2017 ജനുവരി മുതൽ 2018 മെയ് വരെ പാക് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അബ്ബാസി 2019ൽ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.പിന്നീട് 2020 ഫെബ്രുവരി 27നാണ് അഡിയാല ജയിലിൽ നിന്ന് ഇദ്ദേഹം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഷഹബാസ് ഷെരീഫ്

ഷഹബാസ് ഷെരീഫ്

നിലവിലെ പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫ് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 2020 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഏഴു മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനായത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം