രണ്ടാം മാര്‍ഗരച്ച് താച്ചറെന്ന വിശേഷണത്തോടെ അധികാരക്കസേരയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്‌റെ ഭാവി തുലാസിലാണ്. പ്രധാനമന്ത്രിപദത്തില്‍ ഒരുമാസം മാത്രം തികയ്ക്കുന്ന ട്രസിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിമതനീക്കം തുടങ്ങിക്കഴിഞ്ഞു. താന്‍ കൂടി പിന്താങ്ങിയ സാമ്പത്തിക നയത്തിന്‌റെ വീഴ്ച ധനമന്ത്രിയുടെ പുറത്താക്കല്‍ കൊണ്ട് മാത്രം മറയ്ക്കാനാവില്ലെന്ന് ലിസ് ട്രസിനും ബോധ്യമുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ശക്തനും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഋഷി സുനക് പക്ഷക്കാരനുമായ ജെറിമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി ലിസ് ട്രസ് പ്രഖ്യാപിച്ചത് രാഷ്ട്രീയ നിലനില്‍പ്പ് കൂടി ലക്ഷ്യമിട്ടെന്നാണ് വിലയിരുത്തല്‍. ഒരുഭാഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിക്കുമ്പോള്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ലിസ് ട്രസിനെ കൈവിടാനും ഒരുക്കമാണ് ടോറികള്‍ എന്നാണ് അണിയറനീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
ഐഎംഎഫ് സമ്മേളനത്തിനായി വാഷിങ്ടണിലേക്ക് തിരിച്ച ക്വാസി ക്വാര്‍ട്ടെങ്ങിനെ തിരിച്ചുവിളിച്ചാണ് ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.
മന്ത്രിസഭയിലടക്കം ലിസ് ട്രസിന് പിന്തുണ ഇടിയുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം ലിസ് ട്രസിനെതിരെ വിമത നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭാവി തീരുമാനിക്കാന്‍ തിങ്കളാഴ്ച ഒരുവിഭാഗം എംപിമാര്‍ യോഗം ചേരുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ഉണ്ടായ പ്രതിസന്ധിയില്‍ ലിസ് ട്രസിനെ മാറ്റണമെന്ന പക്ഷത്താണ് ഒരു വിഭാഗം. എന്നാല്‍ ഒന്നരമാസത്തിടെ നേതൃമാറ്റം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. ലിസ് ട്രസിനെ പാര്‍ട്ടി നീക്കിയാലും ഇല്ലെങ്കിലും പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.
ധനമന്ത്രിയെ മാറ്റിയത് കൊണ്ട് പ്രശ്‌നം തീരുമോ?
ഐഎംഎഫ് സമ്മേളനത്തിനായി വാഷിങ്ടണിലേക്ക് തിരിച്ച ക്വാസി ക്വാര്‍ട്ടെങിനെ തിരിച്ചുവിളിച്ചാണ് ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. കോര്‍പ്പറേറ്റ് നികുതി വര്‍ധന പിന്‍വലിച്ചതോടെ വിപണിയിലുണ്ടായ വലിയ തിരിച്ചടിയാണ് തീരുമാനത്തിലേക്ക് നയിച്ചത്.ബജറ്റ് വ്യാപകമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നികുതിയുളവ് തീരുമാനം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലും വലിയ അസ്വസ്ഥതകളുണ്ടാക്കി. ഡോളറിനെതിരെ പൗണ്ട് ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
കോവിഡ് പ്രതിസന്ധി, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ തുടര്‍നടപടികള്‍ എന്നിവയെല്ലാം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതിയും ഗ്രീന്‍ ലെവിയും അടക്കം പ്രഖ്യാപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിഹാരമാണ് ധനമന്ത്രിയായിരിക്കെ ഋഷി സുനക് മുന്നോട്ട് വെച്ചത് . ഇത് പാടെ തള്ളിപ്പറയുന്ന നിലപാടായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പ് വേളയില്‍ ലിസ് ട്രസ് കൈക്കൊണ്ടത്. അതോട് ചേര്‍ന്നു നില്‍ക്കുന്ന പ്രഖ്യാപനമായിരുന്നു മിനി ബജറ്റില്‍ ക്വാസി ക്വാര്‍ട്ടെങ് നടത്തിയതും. ഒരേ നിലപാടാണ് നികുതിയിളവടക്കമുള്ള സാമ്പത്തിക നയങ്ങളില്‍ ഇരുവര്‍ക്കുമെന്ന് സമ്മതിക്കുന്നതാണ് ക്വാര്‍ട്ടെങ്ങിന്‌റെ രാജിക്ക് പിന്നാലെ പരസ്പരമയച്ച കത്തുകളിലെ വാക്കുകള്‍.
ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയും നികുതിയിളവ് പ്രഖ്യാപനങ്ങള്‍ പിന്‍വലിച്ചും ലിസ് ട്രസ് നടത്തിയ ഇടപെടലുകള്‍ വിപണിയില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. വിരുദ്ധ ചേരിയിലുള്ള ജെറിമി ഹണ്ടിനെ സര്‍ക്കാരിന്‌റെ പ്രധാന സ്ഥാനത്തേക്ക് എത്തിച്ചത്, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാത്രമല്ല, വിമത നീക്കം ഒഴിവാക്കാന്‍ കൂടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച ലിസ് ട്രസ് നടത്തിയ വാര്‍ത്താ സമ്മളനം 10 മിനുറ്റ് മാത്രമാണ് നീണ്ടു നിന്നത്. തിരഞ്ഞെടുത്ത നാല് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയ ലിസ് ട്രസ്, പാര്‍ട്ടിയോടെ ജനങ്ങളോടോ മാപ്പ് ചോദിക്കാന്‍ തയ്യാറായില്ല.
ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ നികുതി എന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലിസ് ട്രസ് മറുപടി നല്‍കി. നിലവിലെ വിപണി സാഹചര്യം പരിഗണിച്ച് വ്യത്യസ്തമായ രീതിയില്‍ ആ പദ്ധതി നടപ്പാക്കുക മാത്രമാണ് വരുത്തുന്ന മാറ്റമെന്നും ലിസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അവകാശമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വാഗ്ദാങ്ങള്‍ പാലിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയെന്നും ഉത്തരവാദിത്വം നിറവേറ്റുമെന്നും ലിസ് ട്രാസ് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥയാണെന്നും സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമെന്നും ലിസ് ട്രസ് പറയുന്നു.
2023 സെപ്റ്റംബര്‍ വരെ ലിസ് ട്രസിന് പാർട്ടി എംപിമാർക്കിടയിൽ വിശ്വാസ വോട്ടെടുപ്പ് തേടേണ്ട സാഹചര്യം ഇല്ല.
എന്താണ് ഭാവി?
പ്രതിസന്ധികള്‍ക്കിടയിലും രാജിവെയ്ക്കില്ലെന്ന സൂചനയാണ് ലിസ് ട്രസ് നല്‍കുന്നത്. പ്രധാനമന്ത്രിയെ സമ്മര്‍ദത്തിലാക്കും വിധം മന്ത്രിമാരുടെ രാജിയടക്കം ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. പുറത്താക്കപ്പെട്ട ധനമന്ത്രി ക്വാര്‍ട്ടങ് തന്നെ തുടര്‍ന്നും ലിസ് ട്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്‌റില്‍ പ്രതിപക്ഷത്തിന് അവിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാം. എന്നാല്‍ പ്രതിപക്ഷത്തിന് അനുകൂലമായി കണ്‍സര്‍വേറ്റീവ് എംപിമാര്‍ വോട്ടു ചെയ്യാനുള്ള സാധ്യത കുറവാണ്.
പാര്‍ട്ടിയിലെ എംപിമാര്‍ക്കിടയില്‍ വിശ്വാസ വോട്ടെട്ടുപ്പ് നടത്തുകയാണ് മറ്റൊരു സാധ്യത. എന്നാല്‍ നിലവിലെ നിയമപ്രകാരം ലിസ് ട്രസിന് വിശ്വാസ വോട്ട് ഒരു ഭീഷണിയല്ല. അധികാരത്തിലെത്തി ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയായാല്‍ മാത്രമേ അവിശ്വാസ വോട്ട് നേരിടേണ്ടതുള്ളൂ. അതായത് 2023 സെപ്റ്റംബര്‍ വരെ വിശ്വാസ വോട്ടെടുപ്പ് തേടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ സമ്മര്‍ദം ശക്തമായാല്‍ പാര്‍ട്ടിക്ക് ചട്ടം മാറ്റാനാകും. പാര്‍ലമെന്‌റിലെ കണ്‍സര്‍വേട്ടീവ് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ 1922 കമ്മിറ്റിയാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിലെ ചട്ടം മാറ്റണമെങ്കില്‍, പാര്‍ലമെന്‌ററി പാര്‍ട്ടിയിലെ 15 ശതമാനം പേരുടെ ( നിലവില്‍ 54 എംപിമാരുടെ) പിന്തുണയുള്ള കത്ത് സമിതി ചെയര്‍മാന് ലഭിക്കണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും എംപിമാര്‍ക്കിടയിലും ഉയരുന്ന ലിസ് ട്രസ് വിരുദ്ധ വികാരം ഇത്തരത്തിലുള്ള നീക്കത്തിലേക്ക് വഴിവെക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
ഋഷി സുനക്, ബെന്‍ വാലസ് , പെന്നി മോര്‍ഡന്‌റ് തുടങ്ങിയവരുടെ പേരുകളാണ് ലിസ് ട്രസിന് പകരമായി ഉയര്‍ന്നു കേള്‍ക്കുന്നത്.
പൊതു തിരഞ്ഞെടുപ്പ്
ഒരു പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ്, നിയമ നിര്‍മാണസഭയുടെ സമ്മേളനം ചേരുന്ന ആദ്യ തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്‌റിന്റെ കാലാവധി. 2019 ഡിസംബര്‍ 12 നായിരുന്നു ബ്രിട്ടണില്‍ അവസാനമായി പൊതു തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് ദിവസത്തിന് ശേഷം ആദ്യമായി പാര്‍ലമെന്‌റ് സമ്മേളിച്ചു. 2024 ഡിസംബര്‍ 17 നാണ് നിലവിലെ പാര്‍ലമെന്‌റിന്‌റെ കാലാവധി പൂര്‍ത്തിയാകുക. അതിന് മുന്‍പ് പാര്‍ലമെന്‌റ് പിരിച്ചുവിടാന്‍ ചാള്‍സ് മൂന്നാമത് അധികാരമുണ്ട്.
പാര്‍ലമെന്റിന്റെ കാലാവധി കഴിഞ്ഞ് 25 ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കാറ്. അതായത് 2025 ജനുവരിയില്‍ മാത്രമേ ഒരു പൊതു തിരഞ്ഞെടുപ്പിന്‌റെ സാധ്യതയുള്ളൂ. 2022 പാര്‍ലമെന്‌റ് നിയമമനുസരിച്ച് പ്രധാനമന്ത്രിക്ക് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ രാജാവിനോട് ആവശ്യപ്പെടാം. എന്നാല്‍ നിലവിലെ പ്രതിസന്ധിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനസമ്മതിയിലുണ്ടായ ഇടിവും ഇത്തരം ഒരു തീരുമാനം എടുക്കുന്നതില്‍ നിന്ന് ലിസ് ട്രസിനെ പിന്തിരിപ്പിക്കും.
അണിയറ നീക്കങ്ങള്‍
രാജ്യത്തെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം പാര്‍ട്ടിയില്‍ ഐക്യസ്വരം കൊണ്ടുവരിക എന്ന വലിയ പ്രതിസന്ധിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. നേതൃ തിരഞ്ഞെടുപ്പില്‍ ലിസ് ട്രസിനോട് തോറ്റ ഋഷി സുനക്, ബെന്‍ വാലസ് , പെന്നി മോര്‍ഡന്‌റ് തുടങ്ങിയവരുടെ പേരുകളാണ് ലിസ് ട്രസിന് പകരമായി ഉയര്‍ന്നു കേള്‍ക്കുന്നത്. തിങ്കളാഴ്ച ചേരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റീവ എംപിമാരുടെ അനൗദ്യോഗിക യോഗം പാര്‍ട്ടിയുടേയും ലിസ് ട്രസിന്‌റെയും ഭാവി സംബന്ധിച്ച് നിര്‍ണായകമാണ്.