പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറിന്റെയും ടോറി സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ എണ്‍പതുകളില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച ജനക്കൂട്ടത്തില്‍ ഓക്‌സോഫോര്‍ഡില്‍ നിന്നുള്ള മേരി എലിസബത്ത് എന്ന ബാലികയുമുണ്ടായിരുന്നു. എക്കാലവും ലേബര്‍ പാര്‍ട്ടിയെ ശക്തമായി പിന്തുണച്ചിരുന്ന മാതാപിതാക്കള്‍ക്കൊപ്പം അവളും താച്ചര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി. ലിബറലിസവും ലേബര്‍ പാര്‍ട്ടി നയങ്ങളും രൂപപ്പെടുത്തിയ ആ പെണ്‍കുട്ടി, ജീവിതയാത്രയിലെപ്പോഴോ ചുവടുമാറ്റി. ഒടുവില്‍ 2022 ല്‍ മാര്‍ഗരറ്റ് താച്ചര്‍ 2.0 എന്ന വിശേഷണവുമായി 10 ബ്രൗണിങ് സ്ട്രീറ്റിലേക്ക് നടന്നു കയറുകയാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി.
ബിരുദ പഠനത്തിന് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരുന്നത്. അവരുടെ ജീവിതം തന്നെ അത് മാറ്റിമറിച്ചു.
1975 ജൂലൈ 26ന് ജോണ്‍ കെന്നത്ത് ട്രസ്സിന്റെയും പ്രസില്ലയുടെയും മകളായി ഓക്‌സ്‌ഫോര്‍ഡിലാണ് ലിസ് ട്രസിന്റെ ജനനം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു ജോണ്‍ കെന്നത്ത്. പ്രസില്ല നഴ്‌സും അധ്യാപികയുമായിരുന്നു. ഇരുവരും ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും. ലിസിന് നാല് വയസ് പ്രായമുള്ളപ്പോഴാണ് കുടുംബം സ്‌കോട്‌ലന്‍ഡിലെ പെയ്സ്ലിയിലേക്ക് താമസം മാറുന്നത്. പിന്നീട് ലീഡ്‌സിലേക്ക് മാറി. 1993 കോളേജ് പഠനത്തിനായാണ് ലിസ് ഓക്‌സ്‌ഫോര്‍ഡിലേക്ക് തിരികെ എത്തുന്നത്. മെര്‍ട്ടണ്‍ കോളേജിലെ പഠനകാലമാകുമ്പോഴേക്കും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറിയിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക് ആശയധാരയിലേക്ക് ചുവടുമാറ്റിയ ലിസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി വിഭാഗത്തിന്റെയും പ്രസിഡന്റായി. ബിരുദ പഠനത്തിന് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരുന്നത്. അവരുടെ ജീവിതം തന്നെ അത് മാറ്റിമറിച്ചു. കിഴക്കന്‍ യൂറോപ്പിലേക്ക് നടത്തിയ യാത്രയുടെ അനുഭവവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും എല്ലാം തന്റെ രാഷ്ട്രീയ മാറ്റത്തിന് കാരണമായെന്ന് അവര്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും അക്കൗണ്ടന്റുമായ ഹഗ് ഓ ലിയറിയാണ് ലിസിന്റെ ജീവിതപങ്കാളി. 2000ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് മക്കളുണ്ട്.
തോറ്റു തുടങ്ങി ജയിച്ചു കയറി
2001 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള ലിസിന്റെ പ്രവേശനം. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ഹെംസ്‌വോര്‍ത്തില്‍ തോറ്റെങ്കിലും രാഷ്ട്രീയത്തില്‍ മുന്നോട്ടു തന്നെ പോയി. 2005 തിരഞ്ഞെടുപ്പില്‍ വീണ്ടും പരാജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്ത് ഡേവിഡ് കാമറൂണ്‍ എത്തിയതോടെയാണ് ലിസിന്റെ വിധി മാറുന്നത്. കാമറൂണ്‍ പാര്‍ട്ടി നേതൃത്വം ഒഴിയും വരെ അദ്ദേഹത്തിനൊപ്പം ഉറച്ചു നിന്നു ലിസ്.
2010 ൽ റൂറല്‍ സൗത്ത്‌വെസ്റ്റ് നോര്‍ഫോക്ക് സീറ്റില്‍ നിന്ന് ജയിച്ചാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങൾ അതിജീവിച്ചായിരുന്നു ആ ജയം. എംപിയായിരുന്ന മാര്‍ക്ക് ഫീല്‍ഡുമായി ബന്ധമുണ്ടെന്ന ആരോപണം ലിസിനെതിരെ ഉയരുന്നത് തിരഞ്ഞെടുപ്പ് സമയത്താണ്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത് എന്ന് പാര്‍ട്ടിയിലെ ഒരുപക്ഷം നിലപാടെടുത്തു. എന്നാല്‍ ഡേവിഡ് കാമറൂണും ഭര്‍ത്താവ് ഓ ലിയറിയും ലിസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ലിസിനെതിരായ പ്രമേയം പരാജയപ്പെട്ടു. അതോടെ പാര്‍ട്ടിയും വഴങ്ങി. തിരഞ്ഞെടുപ്പില്‍ ലിസ് വിജയിക്കുകയും ചെയ്തു.
മൂന്ന് പ്രധാനമന്ത്രിമാർക്ക് കീഴിൽ മന്ത്രിസഭയിൽ
2014 ല്‍ ആദ്യമായി മന്ത്രിസഭയിലേക്ക്. ഡേവിഡ് കാമറൂണിന് പകരം തെരേസ മേ പ്രധാനമന്ത്രിയായപ്പോള്‍ ലിസ് ട്രസിനെ നീതിന്യായ ചുമതലയുള്ള മന്ത്രിയാക്കി. ബ്രിട്ടന്റെ ചരിത്രത്തില്‍ ലോര്‍ഡ് ചാന്‍സലര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയായി അങ്ങനെ ലിസ് ട്രസ്. എന്നാല്‍ ഇത് പാർട്ടിക്ക് അകത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ലിസിന്റെ പ്രവർത്തനങ്ങളും വിമർശന വിധേയമായി.
2017 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം തെരേസാ മേ ലിസിനെ ട്രഷറിയിലെ രണ്ടാം പദവിയിലേക്ക് നിയമിച്ചു. ഇത് തരംതാഴ്ത്തലായാണ് പലരും വിവയിരുത്തിയത്. ഇതോടെ ലിസ് ട്രസിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന് വിധിയെഴുതിയവര്‍ വരെയുണ്ട്. പക്ഷേ അവര്‍ അതിശക്തമായി തന്നെ തിരിച്ചുവന്നു. 2019ല്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. രാജ്യാന്തര വ്യാപാര സെക്രട്ടറിയായായിരുന്നു പുതിയ ചുമതല. തുടർന്ന് വിദേശകാര്യ സെക്രട്ടറിയായി. ഡൊമനിക് റാബിന്റെ പിന്‍ഗാമിയായി 2021 സെപ്റ്റംബറില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം പ്രധാനമന്ത്രിപദം ലിസിനെ കാത്തിരിക്കുന്നുവെന്ന് അവര്‍ പോലും സ്വപ്‌നം കണ്ടിരിക്കില്ല.
പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്
പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് ലിസ് ട്രസ്. നിലപാടുകള്‍ ഇരുമ്പുലക്കയല്ല അവര്‍ക്ക്. അധികാര കേന്ദ്രത്തോട് എന്നും ചേര്‍ന്ന് നില്‍ക്കുന്ന രീതി അവരെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിച്ചു. ജനകീയ മുഖമോ, വാക് ചാതുരിയോ, നിലപാടുകളിലെ കാർക്കശ്യമോ ഇല്ലാതെ തന്നെ അവര്‍ കണ്‍സർവേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് നടന്നു കയറിയത് ആ രാഷ്ട്രീയ മെയ് വഴക്കം കൊണ്ടുകൂടിയാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഡേവിഡ് കാമറൂണ്‍ പക്ഷത്ത് ഉറച്ചുനിന്നിരുന്ന ലിസ് ഒരുകാലത്ത് ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടിനായി ശക്തമായി നിലകൊണ്ടു. യൂറോപ്യന്‍ യൂണിയന്‍ വിടരുത് എന്നവര്‍ പരസ്യ പ്രചാരണം നടത്തി. എന്നാല്‍ ജനഹിത പരിശോധനയില്‍ ബ്രെക്‌സിറ്റ് ഉറപ്പായതോടെ പൊടുന്നനെ നിലപാടില്‍ മലക്കം മറഞ്ഞു. ഡേവിഡ് കാമറൂണിനോടുള്ള അടുപ്പമാണ് ബ്രെക്‌സിറ്റിന എതിര്‍ക്കാന്‍ കാരണമെന്നാണ് അവര്‍ പിന്നീട് വിശദീകരിച്ചത്.
യുക്രെയ്ന്‍ അധിനിവേശ വിഷയത്തില്‍ റഷ്യക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ ബോറിസ് ജോണ്‍സനെ പിന്തുണച്ചതും വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ് ആണ്.
കാമറൂണില്‍ നിന്ന് തെരേസാ മേയിലേക്കും മേയില്‍ നിന്ന് ബോറിസ് ജോണ്‍സണിലേക്കും പാര്‍ട്ടി നേതൃത്വം മാറിയപ്പോള്‍ ലിസ് ട്രസിന്റെ വിദേശ- സാമ്പത്തിക നയങ്ങള്‍ അതിനനുസരിച്ച് മാറിയിരുന്നു. ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്ന ലിസ്, ജോണ്‍സന്റെ കാലത്ത് രാജ്യാന്തര വ്യാപാര സെക്രട്ടറിയായി ബ്രെക്സിറ്റ് പ്രായോഗികവത്ക്കരിക്കുന്നതില്‍ പ്രാധാന പങ്കുവഹിച്ചു. രാജ്യാന്തര വ്യാപര സെക്രട്ടറിയെന്ന നിലയിലെ മികച്ച പ്രവര്‍ത്തനമാണ് പിന്നീട് വിദേശകാര്യ സെക്രട്ടറിയിലേക്ക് പരിഗണിക്കാന്‍ വഴിവെച്ചത്. യുക്രെയ്ന്‍ അധിനിവേശ വിഷയത്തില്‍ റഷ്യക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ ബോറിസ് ജോണ്‍സനെ പിന്തുണച്ചതും വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ് ആണ്. എന്നും റഷ്യാ വിരുദ്ധ നിലപാടില്‍ ഉറച്ച് നിന്ന ലിസ് ട്രസ് ബ്രിട്ടീഷുകാര്‍ യുക്രെയ്ന്‍ സൈന്യത്തിനൊപ്പം പോരാട്ടത്തിന് ഇറങ്ങണം എന്നുവരെ നിലപാടെടുത്തു. ഋഷി സുനകിന് കടുത്ത വിമര്‍ശം നേരിടേണ്ടിവന്ന നികുതി നയങ്ങളില്‍ പാര്‍ട്ടിയിലെ സാധാരണക്കാരുടെ മനസറിയുന്ന നിലപാടെടുത്തത് ലിസിന് അനുകൂലമായി. ദേശീയ ഇന്‍ഷുറന്‍സ് വിഹിതം വെട്ടിക്കുറയ്ക്കുമെന്നും കോര്‍പ്പറേറ്റ് നികുതിയില്‍ നിര്‍ദ്ദേശിച്ച വര്‍ദ്ധന ഒഴിവാക്കും എന്നും ഗ്രീന്‍ ലെവി നടപ്പാക്കുന്നത് നീട്ടിവെയ്ക്കുമെന്നുമെല്ലാം ലിസ് ട്രസ് വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ട് ലിസ്?
2021ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം അന്ന് ഏറ്റവും ജനകീയരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളുടെ പട്ടികയില്‍ 42ാം സ്ഥാനത്തായിരുന്നു ലിസ് ട്രസ്. ഋഷി സുനക് ആകട്ടെ ആ പട്ടികയില്‍ ആദ്യപത്തില്‍ ഇടം പിടിച്ച വ്യക്തിയും. ഒരു വര്‍ഷത്തിനിപ്പുറം അതേ ഋഷി സുനകിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ ഒന്നാമതാവുകയാണ് ലിസ് ട്രസ്. അതൊരു സ്വപ്‌നതുല്യമായ യാത്രയാണ്. ആദ്യ ഘട്ടത്തില്‍ സുനകിന് പിന്നിലായിരുന്ന ലിസ് ട്രസ് പതിയെ മുന്നിലെത്തി. അതിന് കാരണങ്ങള്‍ പലതുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയിൽ വലിയ വെല്ലുവിളികളാണ് ലിസ് ട്രസിനെ കാത്തിരിക്കുന്നത്. കോവിഡും റഷ്യൻ നിയന്ത്രണങ്ങളും ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുക എളുപ്പമാവില്ല.
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയനായ നേതാവാണ് ഋഷി സുനക്. രാഷ്ട്രീയ- വിദേശകാര്യ- സാമ്പത്തിക നയങ്ങളില്‍ വ്യക്തമായ നിലപാട് അദ്ദേഹം എന്നും മുന്നോട്ടുവെച്ചിരുന്നു. വിദേശ നയങ്ങളിലടക്കം ഒരേ പക്ഷത്താണ് എങ്കിലും സുനകിനോളം ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയമല്ല ലിസിന്റെതെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ പരക്കെ എതിര്‍പ്പ് നേരിട്ട നികുതി പരിഷ്‌ക്കരണങ്ങളില്‍ സുനകിനെ എതിര്‍ത്തും കൂടുതല്‍ ജനകീയമായും നിലപാടെടുത്തത് ലിസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി. വിവാദങ്ങളില്‍ ബോറിസ് ജോണ്‍സനെ കൈവിടാത്ത നിലപാടും ബോറിസ് അനുകൂലികളില്‍ ലിസിന് പിന്തുണ വര്‍ധിപ്പിച്ചു. മന്ത്രി പദം ഒഴിഞ്ഞ് രാജിവെയ്ക്കാന്‍ ബോറിസ് ജോണ്‍സണ് മേല്‍ സമ്മര്‍ദം ചെലുത്തിയ സുനകിനെ വിശ്വാസവഞ്ചകനായാണ് ബോറിസ് അനുകൂലികൾ കണക്കാക്കുന്നത് . ഇത് ലിസിന് സഹായകമായി. ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത,ഹിന്ദുവായ, ഇന്ത്യൻ വംശജനായ തുടങ്ങിയ സവിശേഷതകൾ ബ്രിട്ടന്റെ ഭരണകക്ഷിയുടെ തലപ്പത്തേക്കുള്ള യാത്രയിൽ സുനകിന് തിരിച്ചടിയായി എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അവ നേട്ടമാക്കാനും ലിസ് ട്രസിനായി.
പ്രധാനമന്ത്രിയെന്ന നിലയിൽ വലിയ വെല്ലുവിളികളാണ് ലിസ് ട്രസിനെ കാത്തിരിക്കുന്നത്. കോവിഡും റഷ്യൻ നിയന്ത്രണങ്ങളും ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുക എളുപ്പമാവില്ല. വിദേശ- സാമ്പത്തിക നയങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകേണ്ടതുണ്ട്. അടുത്ത തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക ഭാരിച്ച ഉത്തരവാദിത്വമാണ്. ഇവയെല്ലാം എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാകും മാർഗരറ്റ് താച്ചർ 2.0 എന്ന വിശേഷണത്തോട് ലിസ് നീതി പുലർത്തിയോ പറയാനാവുക.