ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. പ്രധാനമന്ത്രി പദത്തിലേറി 45 ദിവസങ്ങൾക്ക് ശേഷം ട്രസിന്റെ രാജി. യുകെയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചയാളാണ് ലിസ് ട്രസ്. രാജ്യത്തെ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട സാമ്പത്തിക നയത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ട്രസിന് നേരിടേണ്ടി വന്നത്. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്‌ച പുറത്താക്കിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത എതിർപ്പ് നേരിട്ടതോടെ സ്ഥാനമൊഴിയുകയായിരുന്നു.
ഓക്ടോബർ 28 നകം പാർട്ടിയിലെ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും 31 നകം പുതിയ പ്രധാനമന്ത്രി അധികാരമേറ്റെടുക്കുമെന്നും 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി
കുറഞ്ഞ നികുതി ഉയർന്ന വളർച്ച എന്ന ലക്ഷ്യത്തോടെയാണ് അധികാരത്തിലേറിയതെന്നും, പ്രഖ്യാപനങ്ങൾ പാലിക്കാനാകാത്തതിനാലാണ് രാജിയെന്നും ലിസ് ട്രസ് വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്നതായി ചാൾസ് മൂന്നാമനെ അറിയിച്ചതായും ലിസ് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തയാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും അതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് വ്യക്തമാക്കി. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ്, ഋഷി സുനകിനെ പിന്തള്ളിയാണ് കൺസർവേറ്റീവ് പാർട്ടി അധ്യക്ഷയായത്.
ട്രസിന്റെ ഭരണത്തിൽ അതൃപ്തി അറിയിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സുവെള്ള ബ്രെവർമാനും രാജി വെച്ചിരുന്നു. ഇതോടെ ട്രസിന് മേൽ സമർദമേറി. വ്യാഴാഴ്ച ചേർന്ന ഹൗസ് ഓഫ് കോമ്മൺസിന്റെ യോഗത്തിൽ ട്രസ് രാജി വെക്കണമെന്ന ആവശ്യവുമായി കൂടുതൽ കൺസർവേറ്റീവ് എംപിമാർ രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിൽ തിരക്കിട്ട ചർച്ചകൾ നടന്നു. കൺസർവേറ്റിവ് പാർട്ടിയുടെ പരമോന്നത പാർലമെന്ററി സമിതിയായ 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി നേരിട്ടെത്തി ചർച്ച നടത്തി. ഉപപ്രധാനമന്ത്രി തെരേസേ കോഫെയും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഇതിന് പിന്നാലെയാണ് രാജിക്കാര്യം ലിസ് ട്രസ് നേരിട്ട് പ്രഖ്യാപിച്ചത്.
ഉടൻ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി
2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടണിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ബ്രെക്സിറ്റിന് ശേഷം അധികാരമൊഴിയുന്ന നാലാമത്തെ പ്രധാനമന്ത്രിയും. 12 വർഷത്തെ ടോറിഭരണം രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിട്ടെന്നും ഉടൻ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയ്ക്കെതിരെ ജനവികാരം ശക്തമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറല്ല. ഒക്ടോബർ 28 നകം പാർട്ടിയിലെ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും 31 നകം പുതിയ പ്രധാനമന്ത്രി അധികാരമേറ്റെടുക്കുമെന്നും 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി പ്രതികരിച്ചു.