Pedro Szekely
WORLD

പെറുവിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; വിനോദസഞ്ചാര കേന്ദ്രമായ മാച്ചു പിച്ചു അനിശ്ചിത കാലത്തേക്ക് അടച്ചു

വെബ് ഡെസ്ക്

പെറുവിൽ പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ മാച്ചു പിച്ചു അനിശ്ചിത കാലത്തേക്ക് അടച്ചു. വിനോദ സഞ്ചാരികളുടെയും പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കാനായി പ്രദേശവും അങ്ങോട്ട് നയിക്കുന്ന ഇൻക ട്രയൽ ഹൈക് പാതയും അടച്ചതായി സർക്കാർ അറിയിച്ചു. ഇൻക കോട്ടയുടെ പരിസരത്ത് മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഇംപീച്ച്മെന്റിന് പിന്നാലെ പെറുവിൽ കാസ്റ്റിലോ അനുകൂലികൾ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്.

പ്രതിഷേധക്കാർ ചില റെയിൽവേ ട്രാക്കുകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമങ്ങൾക്ക് പിന്നാലെ മാച്ചു പിച്ചുവിലേക്കുള്ള റെയിൽ ഗതാഗതം വ്യാഴാഴ്ച മുതൽ നിർത്തി വെച്ചിരുന്നു. ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടത് കാരണം 148 വിദേശികളും 270 പെറുവിയക്കാരുമടക്കം 418 പേ‍ർ പ്രദേശത്ത് കുടുങ്ങിയതായി ടൂറിസം മന്ത്രി ലൂയിസ് ഫെർണാണ്ടോ ഹെൽഗ്യൂറോ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരെ പിന്നീട് ട്രെയിനുകളിലും ബസുകളിലുമായി സുരക്ഷിതമായി തിരിച്ചെത്തിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം സമാനമായ സാഹചര്യത്തിൽ നൂറുകണക്കിന് വിനോദ സഞ്ചാരികൾ മാച്ചു പിച്ചുവിൽ കുടുങ്ങിയിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇവരെ വിമാനത്തിൽ നാട്ടിലെത്തിക്കുകയായിരുന്നു. മാച്ചു പിച്ചു സന്ദർശിക്കാനായി ടിക്കറ്റ് എടുത്തവർക്ക് പ്രക്ഷോഭങ്ങൾ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ അവ വീണ്ടും ഉപയോഗിക്കാമെന്നും അല്ലെങ്കിൽ പണം തിരികെ ലഭിക്കുമെന്നും രാജ്യത്തെ സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ആൻഡീസ് പർവ്വതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന മാച്ചു പിച്ചു ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായാണ് കണക്കാപ്പെടുന്നത്. പ്രതിവർഷം ഒരു ദശലക്ഷത്തോളം ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ദിവങ്ങൾ നീണ്ട പർവ്വതാരോഹണത്തിന് ശേഷമാണ് ഇവിടെ എത്താൻ സാധിക്കുക.

അതേസമയം ശനിയാഴ്ച പുനോയുടെ തെക്കൻ മേഖലകളിൽ പോലീസ് സ്റ്റേഷനുകൾക്ക് തീയിട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ ഒരാൾ കൂടെ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പെറുവിലെ ഓംബുഡ്‌സ്മാന്റെ റിപ്പോർട്ട് പ്രകാരം 58 പെറുവിയൻ പൗരന്മാർക്ക് പ്രതിഷേധത്തിൽ പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ലിമിയിൽ പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും റോഡുകൾ തടയുകയും ചെയ്തു.

പെറുവിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ ആക്രമണങ്ങളെയും പോലീസിന്റെ അടിച്ചമർത്തലുകളെയും യൂറോപ്യൻ യൂണിയൻ അപലപിച്ചു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ ഇംപീച്ച്മെന്റിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെയാണ് പെറുവിലെ പ്രതിഷേധങ്ങളുടെ തുടക്കം. ആദ്യ വനിതാ പ്രസിഡന്റായി ദിന ബൊലുവാര്‍ട്ട് രാജിവെയ്ക്കണമെന്നും തിരഞ്ഞെുപ്പ് നേരത്തെ നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്ത് കലാപശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന പെഡ്രോ കാസ്റ്റിലോ നിലവില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കരുതല്‍ തടങ്കലിലാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും