ഫ്രാന്‍സില്‍ പുതിയ പെന്‍ഷന്‍ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അധോസഭയിലെ വോട്ടെടുപ്പ് തടഞ്ഞ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രത്യേക ഭരണഘടനാ അധികാരങ്ങള്‍ ഉപയോഗിക്കുകയാണെന്ന് പ്രസിഡന്റ് അറിയിക്കുകയായിരുന്നു. എംപിമാര്‍ അധോസഭയില്‍ വോട്ട് ചെയ്യാന്‍ തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് പ്രസിഡന്റ് തീരുമാനമെടുത്തത്. പ്രസിഡന്റിന്റെ അപ്രതീക്ഷിത ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പാരീസിലെ തെരുവുകളില്‍ പ്രതിഷേധവുമായി തടിച്ചു കൂടി. പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 ലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിനെതിരെ വലിയ പ്രതിഷേധത്തിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നത്. പാര്‍ലമെന്റിനെ മറികടക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49.3 ആണ് ഇമ്മാനുവല്‍ മാക്രോണ്‍ ഉപയോഗിച്ചത്.
നിയമം നടപ്പാക്കുന്നത് എംപിമാര്‍ വോട്ടെടുപ്പിലൂടെ തടഞ്ഞാല്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രത്യേക അധികാര പ്രയോഗത്തിന്റെ പശ്ചാത്തലത്തെ പറ്റി ഇമ്മാനുവല്‍ മാക്രോണ്‍ മറ്റ് മന്ത്രിമാരോട് വിശദീകരിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത് മുതല്‍ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
പ്രതിഷേധത്തിനിടെ നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 23ന് പരിഷ്‌കരണത്തിനെതിര ഫ്രഞ്ച് യൂണിയനുകള്‍ മറ്റൊരു പ്രതിഷേധ പരിപാടിയും ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ പുതിയ നീക്കം സര്‍ക്കാരിന്റെ ബലഹീനത ചൂണ്ടിക്കാട്ടുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ നീക്കം. പദ്ധതിയോട് എതിര്‍പ്പുള്ള ഭരണപക്ഷത്തെ എംപിമാര്‍ അവിശ്വാസത്തെ അനുകൂലിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
പെന്‍ഷന്‍ നയത്തിലെ പ്രധാന മാറ്റങ്ങള്‍ എന്തെല്ലാമാണ്?
പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 ലേയ്ക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനം. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പെന്‍ഷന്‍ പ്രായം വര്‍ധിക്കുന്നതോടെ പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ പ്രത്യേക അവകാശങ്ങള്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
43 വര്‍ഷം സര്‍വീസിലുണ്ടെങ്കില്‍ മാത്രമേ പെന്‍ഷന്‍ അനുവദിക്കൂ എന്ന നിബന്ധനയും തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഏറെ പ്രകോപിപ്പിച്ചു. പെന്‍ഷന്‍ സമ്പ്രാദയത്തെ മുഴുവനായി അട്ടിമറിക്കുന്ന രീതിയിലാണ് പുതിയ നയം. പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഉറച്ച് നില്‍ക്കുകയാണ്.
കഴിഞ്ഞ ദശാബ്ദത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഫ്രാന്‍സ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലയിലുള്ള തൊഴിലാളികളും പ്രതിഷേധങ്ങളുടെ ഭാഗമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. ഇതിലുണ്ടാകുന്ന മാറ്റമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇനിയെന്ത് സംഭവിക്കും എന്നത് വളരെ നിര്‍ണായകമാണ്. 287 എന്ന കേവല ഭൂരിപക്ഷ നമ്പര്‍ ഉറപ്പാക്കിയാല്‍ മാത്രമെ അവിശ്വാസം പാസാവുകയുള്ളു. അവിശ്വാസം പാസായാല്‍ മാക്രോണിന് അധികാരം നഷ്ടടപ്പെടും.