WORLD

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടി ടിക്കറ്റിൽ വിജയിച്ച് കോട്ടയം സ്വദേശി സോജന്‍ ജോസഫ്

നിലവില്‍ എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗണ്‍സിലറാണ് സോജന്‍ ജോസഫ്

വെബ് ഡെസ്ക്

2024-ലെ യുകെ പൊതുതിരഞ്ഞടുപ്പില്‍ വിജയിച്ചവരില്‍ മലയാളി സാന്നിധ്യവും. കോട്ടയം സ്വദേശി സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കെന്‌റിലെ മണ്ഡലങ്ങളിലൊന്നായ ആഷ്‌ഫോര്‍ഡില്‍ നിര്‍ണായക വിജയം നേടിയത്. കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി ഡാമിയന്‍ ഗ്രീനിനെ 1799 വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് സോജന്‍ പരാജയപ്പെടുത്തിയത്. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജന്‍ ജോസഫ് എന്ന പ്രത്യേകതയുമുണ്ട്.

ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 32.5 ശതമാനം വോട്ട് വിഹിതം സോജന്‌റേതായി രേഖപ്പെടുത്തി, 2019ലേതിനെക്കാള്‍ 8.7 ശതമാനം വോട്ട് വര്‍ധിപ്പിക്കാനും സോജന് സാധിച്ചു.

പൊതുവേ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആഷ്‌ഫോര്‍ഡ്. അവിടെയാണ് മലയാളിയായ സോജന്‍ മിന്നുംവിജയം കരസ്ഥമാക്കിയത്. നിലവില്‍ എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗണ്‍സിലറാണ് സോജന്‍ ജോസഫ്.

22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിചെയ്യുന്ന മാനസികരോഗ്യ വിഭാഗം നഴ്‌സാണ് സോജന്‍. നിലവില്‍ രോഗികളുടെ സുരക്ഷാവിഭാഗം, നഴ്‌സിങ് എന്നിവയുടെ തലവനാണ്. അരുണ്ടേല്‍ യൂണിറ്റിലെ വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്‌സായാണ് സോജന്‍ തന്‌റെ എന്‍എച്ച്എസ് കരിയര്‍ ആരംഭിച്ചത്. ആഷ്‌ഫോര്‍ഡിലെ എംപിഎന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സമീപിക്കാമെന്നും സമൂഹത്തിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.

2001-ലാണ് സോജന്‍ യുകെയിലെത്തുന്നത്. അദ്ദേഹത്തിന്‌റെ ഭാര്യ ബ്രിട്ട യുകെയില്‍ നഴ്‌സാണ്. സോജന്‌റെ സഹോദരി സിബി ജോസഫും ലണ്ടനിലാണ്. ഹന്ന, സാറ, മാത്യു എന്നീ മൂന്ന് മക്കളാണ് സോജന്‍- ബ്രിട്ട ദമ്പതികള്‍ക്ക്.

ഈ വര്‍ഷം ബൗണ്ടറി കമ്മിഷന്‍ നടത്തിയ അവലോകനത്തില്‍ കൗണ്ടിയിലെ നിയോജക മണ്ഡലങ്ങള്‍ പുനഃപരിശോധയനയ്ക്ക് വിധേയമായിരുന്നു. ആഷ്‌ഫോര്‍ഡ് മണ്ഡലം ആഷ്‌ഫോര്‍ഡ് എന്നും പുതിയ സീറ്റ് വെല്‍ഡ് ഓഫ് കെന്‌റ് എന്നും അറിയപ്പെടുന്നു. ആഷ്‌ഫോര്‍ഡില്‍ 73,546 വോട്ടര്‍മാരാണ് ഉള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ