WORLD

ഇല്ലാത്ത കളവിന്റെ പേരിൽ അപമാനിക്കപ്പെട്ടു; നീതിക്കായി പോരാടി മലയാളി ഡോക്ടർ, ഒടുവിൽ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ പോലീസ്

വെബ് ഡെസ്ക്

മദ്യം മോഷ്ടിച്ചെന്ന പേരിൽ കള്ളനെന്നുറപ്പിച്ച് അപമാനിച്ച ഓസ്ട്രേലിയൻ പോലീസിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് മലയാളി ഡോക്ട‍ർ. സിനിമാ കഥയെന്ന് തോന്നുമെങ്കിലും അപമാനവും വംശീയാധിക്ഷേപവും നേരിട്ട് ജീവിക്കേണ്ടി വന്ന ഒരു ഡോക്ടറുടെയും കുടുംബത്തിന്റെ ജീവിത കഥയാണിത്. 2020ലാണ് സംഭവം. ഓസ്ട്രേലിയയിലെ പാക്കൻഹാം ടൗൺ ഏരിയ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ മദ്യഷാപ്പിൽ നിന്ന് റം മോഷ്ടിച്ചെന്ന് സംശയിക്കപ്പെടുന്ന ആൾ എന്ന് രീതിയിൽ ഡോ. പ്രസന്നൻ പൊങ്ങണം പറമ്പിലിന്റെ ഫോട്ടായടക്കം പോസ്റ്റ് ചെയ്തിരിക്കുന്നു. ഡാൻമർഫിയെന്ന മദ്യ സൂപ്പർമാർക്കറ്റിലാണ് മോഷണം നടന്നതായി പറയപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്യുകയും പ്രസന്നനെതിരെ വംശീയ അധിക്ഷേപ കമന്റുകൾ വരികയും ചെയ്തു.

വിവരമറിഞ്ഞയുടൻ പോലീസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും പോസിറ്റീവായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. മദ്യം വാങ്ങിയ ബില്ല് കയ്യിലുണ്ടായിരുന്നതിനാൽ അടുത്ത ദിവസം പാക്കൻഹാം പോലീസ് സ്റ്റേഷനിൽ ബില്ലുമായി ചെന്നു. എന്നാൽ വല്ലാത്ത മുൻവിധിയോടെയായിരുന്നു പോലീസിന്റെ പെരുമാറ്റം. കുറ്റാരോപിതൻ സ്വയം പോലീസ് സ്റ്റേഷനിൽ വന്ന സ്ഥിതിക്ക് ഫേസ്ബുക്ക് പേജിൽ നിന്നും ഫോട്ടോ മാറ്റണം എന്ന് പറഞ്ഞിട്ടും പോലീസുകാര്യം മുറപോലെ എന്നായിരുന്നു മറുപടി. കുറച്ച് ദിവസം കഴിഞ്ഞ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് മെയിൽ വരുന്നു. പിന്നീട് നടന്നത് ഒരു സിനിമാ കഥ പോലെ ഡോ. പ്രസന്നൻ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.

ചോദ്യം ചെയ്യൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ബില്ലിന്റെ പകർപ്പ് പോലീസ് ആവശ്യപ്പെടുന്നത്. മദ്യം വാങ്ങിയ ബിൽ പരിശോധിച്ചാൽ തീരാവുന്ന പ്രശ്നത്തിലാണ് പോലീസിന്റെ മുൻവിധി കാരണം പ്രസന്നനും കുടുംബത്തിനും മാനസിക പ്രയാസങ്ങൾ അനുഭവിക്കേണ്ട രീതിയിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ ബില്ലിന്റെ കാര്യം അറിയിച്ചിരുന്നെങ്കിലും പോലീസ് അത് അവ​ഗണിക്കുകയായിരുന്നു. വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പോലീസിന്റെ മറുപടി വന്നു "Your client Prasannan is exonerated". ഇല്ലാത്ത കുറ്റം ആരോപിച്ച് അപമാനിക്കാവുന്നതിന്റെ, മാനസികമായി പീഡിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച പോലീസിനെതിരെ നിയമപരമായി പോരാടാൻ പ്രസന്നൻ തീരുമാനിച്ചു. രണ്ട് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നീതിക്കുവേണ്ടി പോരാടിയ ഒരു മനുഷ്യന് മുന്നിൽ വിക്ടോറി പോലീസ് മാപ്പ് പറഞ്ഞു.

Eyewatch - Cardinia Police Service Area ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറഞ്ഞ് പോസ്റ്റ് ഇടുകയും ചെയ്തു. നിരപരാധിയായ ഒരു ഡോക്ടറോട് മുൻവിധിയോടെ പെരുമാറിയത് അന്താരാഷ്ട്ര തലത്തിൽ വാർത്തയായി തങ്ങളുടെ പേരിനെ ബാധിക്കുമെന്ന് കണ്ട സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ പോലീസ് പ്രസന്നനോട് ഒത്തുതീർപ്പിലെത്തുന്നതും മാപ്പ് പറയുന്നതും. എനിക്ക് കിട്ടിയ നീതി ലോകത്ത് ഒരുപാട് പേർക്ക് കിട്ടാതെ പോയിട്ടുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. അവർക്ക് വേണ്ടി ഞാനിത് സമർപ്പിക്കുന്നു എന്നാണ് പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് ഡോ. പ്രസന്നൻ പറഞ്ഞത്. ഓസ്ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജിയണൽ ഹോസ്പിറ്റലിലെ ഡോക്ടറാണ് പ്രസന്നൻ.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും