നയതന്ത്ര തർക്കങ്ങൾക്കിടെ മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ കണക്കുകൾ ഉദ്ധരിച്ച് മാലദ്വീപ് വെബ്‌സൈറ്റ് അദാധു റിപ്പോർട്ട് ചെയ്തു. 2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ ഇത് 27,224 ആയി കുറഞ്ഞു. നയതന്ത്ര വിള്ളലുകൾക്കൊപ്പം ലക്ഷദ്വീപ് ടൂറിസം വർധിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രവർത്തനങ്ങളും മാലദ്വീപ് ടൂറിസത്തിൽ ഇടിവുണ്ടാക്കി എന്നാണ് കരുതുന്നത്.
2021 മുതല്‍ 23 വരെ വർഷങ്ങളിൽ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളുള്ള മാലദ്വീപിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വിപണി ഇന്ത്യയായിരുന്നു. 2023 മാർച്ച് വരെ, മാലദ്വീപിൻ്റെ വിനോദസഞ്ചാരത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സായിരുന്നു ഇന്ത്യ. വിപണിയിൽ 10 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്. ഒപ്പം വിപണി വിഹിതം ആറ് ശതമാനവുമായി.
അതേ സമയം മാലദ്വീപ് സന്ദർശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ചൈനയും മാലദ്വീപും തമ്മിലുള്ള ബന്ധം ശക്തമാകുന്ന സാഹചര്യത്തിൽ, 2024-ൽ കാല്‍ ലക്ഷത്തിലധികം വിനോദസഞ്ചാരികൾ രാജ്യത്ത് നിന്ന് എത്തിയിട്ടുണ്ട്. വിപണിയുടെ ഒരു പ്രധാന ഭാഗവും ചൈന നയിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ മാത്രം 217,394 വിനോദസഞ്ചാരികളാണ് മാലദ്വീപ് സന്ദർശിക്കാൻ എത്തിയത്. ഇവരിലാകട്ടെ, ഏകദേശം മുപ്പത്തയ്യായിരത്തോളം പേർ ചൈനയിൽ നിന്നുള്ളവരാണ്.
പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്. ചൈന അനുകൂല തീവ്ര നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. മുയിസ് അധികാരത്തിൽ എത്തിയതിന് പിന്നാലെ തന്നെ മാലദ്വീപിന്റെ പരമ്പരാഗത പങ്കാളിയായിരുന്ന ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ് തുടങ്ങി.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരസ്യപോരാകുന്നത്. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമർശിച്ച് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇന്ത്യ - ഇസ്രയേൽ ബന്ധത്തെയും ഇവർ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പി. മാലദ്വീപ് ടൂറിസത്തിന് എതിരെ ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഇന്ത്യക്കാർ മാലദ്വീപ് ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും ഉണ്ടായി. മൂന്ന് മന്ത്രിമാരെ പിന്നീട് മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ മാർച്ച് പത്തിന് മുൻപ് മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികർ പുറത്ത് പോകണമെന്ന് മുയ്‌സു ആവശ്യപ്പെട്ടിട്ടുണ്ട്.