അമേരിക്കയിൽ വളർത്തുമാതാപിതാക്കളെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുക്രേനിയൻ യുവാവ്. ഇരുപത്തൊന്നുകാരനായ ദിമ ടവറാണ് തന്റെ വളർത്തു മാതാപിതാക്കളായ റോബിയെയും ജെന്നിഫർ ടവറിനെയും കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഫ്ലോറിഡയിലെ നോർത്ത് പോർട്ടിലെ വീട്ടിൽ വച്ചാണ് ഇരുവരെയും ദിമ കൊലപ്പെടുത്തിയത്.
ഏഴ് വർഷം മുൻപാണ് കുട്ടികളില്ലാതിരുന്ന ദമ്പതികൾ ദിമയെ ദത്തെടുത്തത്. വിശ്വാസികളായ ദമ്പതികൾ മിഷനറി പ്രവർത്തനങ്ങൾക്കായാണ് യുക്രെയ്നിലേക്ക് പോയത്. കുട്ടിക്കാലത്തെ അമ്മ നഷ്ടപ്പെട്ട ദിമയെ പിന്നീട് മദ്യപാനിയായ അച്ഛൻ ഉപേക്ഷിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ.
വീട്ടില്‍ തര്‍ക്കം നടക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. ദമ്പതികളെ വീടിന്റെ സ്വീകരണമുറിയുടെ തറയിൽ രക്തത്തിൽ കുളിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ വിങ്ക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം, ദിമ ഒരു കാറിൽ രക്ഷപ്പെടുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വനത്തിൽ നിന്നാണ് പ്രതിയെ പോലീസിന് പിടികൂടാനായത്.
ഫ്ലോറിഡയിൽ, തന്റെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ ദിമയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും സ്കൂളിൽ എപ്പോഴും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് റോബി ടവറിന്റെ അമ്മാവൻ വാറൻ റൈൻസ് പറഞ്ഞു. തങ്ങളുടെ സ്നേഹവും കരുതലും കൊണ്ട് മുൻകാലങ്ങളിൽ ദിമയ്ക്കുണ്ടായ മാനസിക ആഘാതത്തെ മറികടക്കാനാകുമെന്ന് ദമ്പതികൾ വിശ്വസിച്ചിരുന്നുവെന്നും വാറൻ റൈൻസ് പറഞ്ഞു.
''അവര്‍ രണ്ടുപേരും നല്ല, കരുതലും സ്നേഹവുമുള്ള ആളുകളായിരുന്നു. ദിമയെ സ്വന്തം മകനെപ്പോലെയാണ് കണ്ടിരുന്നത്. സ്‌നേഹവും സംരക്ഷണവും ലഭിക്കുമ്പോള്‍ ദിമയ്ക്ക് എല്ലാ ട്രോമയില്‍ നിന്നും പുറത്തുവരാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാത്ത തരത്തിലാണ് ദിമ പെരുമാറിയത്. എന്നാൽ അവന് വേദനിപ്പിക്കാനായിരുന്നു താത്പര്യം.''- വാറൻ റൈൻസ് ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞു.
അമേരിക്കയിൽ എത്തുന്നതിന് മുൻപ് തന്നെ ദിമ ആക്രമണത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഒരാളെ വീട്ടിൽ കയറി ആക്രമിച്ചതിന് 2020 ൽ ദിമ ടവർ അറസ്റ്റിലായതായി കോടതി രേഖകൾ കാണിക്കുന്നുണ്ട്.