WORLD

എഐ ഉപയോഗിച്ച് തട്ടിപ്പ്; നഷ്ടമായത് അഞ്ച് കോടി രൂപ

വെബ് ഡെസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ലോകത്തെമ്പാടും തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. തൊഴിലിടങ്ങളിലും അക്കാദമിക് മേഖലയിലും വലിയ സ്വാധീനം ചെലുത്തിയിരിക്കുകയാണ് എ ഐ. എന്നാൽ കുറ്റകൃത്യങ്ങൾക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എ ഐ ഫേസ് സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന തട്ടിപ്പിൽ ചൈനീസ് യുവാവിന് അഞ്ച് കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചൈനയിലെ ബൗട്ടോ നഗരത്തിൽ ആണ് സംഭവം. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന വളരെ റിയലിസ്റ്റിക് ആയി തോന്നുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന എ ഐ ടെക്നോളോജിയാണ് ഡീപ് ഫേക്കുകൾ.

ഈ സംവിധാനം ഉപയോഗിച്ച് യുവാവിന്റെ അടുത്ത സുഹൃത്തായി മുഖം മാറ്റിയാണ് തട്ടിപ്പുകാരൻ പ്രത്യക്ഷപ്പെട്ടത്. ആൾമാറാട്ടത്തിലൂടെ 4.3 മില്യൺ യുവാൻ (ഏകദേശം 5 കോടി രൂപ) യാണ് തട്ടിപ്പുകാരൻ യുവാവിനോട് ആവശ്യപ്പെട്ടത്. അടുത്ത സുഹൃത്ത് പണം ആവശ്യപ്പെട്ടപ്പോൾ ചതി മനസ്സിലാക്കാതെ യുവാവ് പണം നൽകുകയും ചെയ്തു. മോഷ്ടിച്ച ഭൂരിഭാഗം പണവും വീണ്ടെടുക്കാൻ കഴിഞ്ഞതായും ബാക്കി തുക കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം അമേരിക്കയിലെ അരിസോണയിലും ഇത്തരത്തിലൊരു തട്ടിപ്പ് നടന്നിരുന്നു. മകളെ തട്ടിക്കൊണ്ട് പോയതായി അറിയിച്ച് ജെന്നിഫർ ഡിസ്റ്റെഫാനോ എന്ന സ്ത്രീക്ക് ഒരു ഫോൺ കാൾ വരികയും 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അജ്ഞാതന്റെ ഫോണിലൂടെ15 കാരിയായ മകൾ കരയുന്ന ശബ്ദം കേട്ടുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.

"അത് അവളുടെ ശബ്ദമാണെന്നതിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. മകൾ ' അമ്മേ' എന്ന് വിളിക്കുകയും കരയുകയും ചെയ്ത് കൊണ്ടിരുന്നു" ജെന്നിഫർ പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഇവരുടെ മകളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് മനസിലായി. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെൺകുട്ടിയുടെ ശബ്ദം സൃഷ്ടിക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ ചാറ്റ് ജിപിടി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ വർദ്ധിക്കുമെന്ന ആശങ്കയും കനക്കുകയാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം