WORLD

ഫോണില്‍ സംസാരിച്ച് ബൈഡനും നെതന്യാഹുവും; ഇറാന് നല്‍കുന്ന തിരിച്ചടി മാരകമായിരിക്കുമെന്ന് ഇസ്രയേല്‍, പൂർണ പിന്തുണയുമായി യുഎസ്

ബൈഡൻ-നെതന്യാഹും ഫോണ്‍ സംഭാഷണം പോസിറ്റീവായിരുന്നെന്നാണ് ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോണ്‍ പറഞ്ഞത്

വെബ് ഡെസ്ക്

മിഡില്‍ ഈസ്റ്റ് യുദ്ധഭീതിയില്‍ തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അരമണിക്കൂറോളം ഫോണ്‍ സംഭാഷണം നീണ്ടതായാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനും ഹിസ്ബുള്ളയുമായുള്ള സംഘർഷത്തില്‍ ഇസ്രയേലിന് പൂർണപിന്തുണയാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയിലും ലെബനനിലും താല്‍ക്കാലിക വെടിനിർത്തലിനുള്ള സാധ്യതയും നിലവിലില്ലെന്നാണ് സൂചന.

അതേസമയം, ഇറാനെതിരായ ആക്രമണങ്ങള്‍ അപ്രതീക്ഷിതവും കൃത്യതയുള്ളതും താങ്ങാവുന്നതിനപ്പുറവുമായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഞങ്ങളെ ആരാക്രമിച്ചാലും അവർ വേദനിക്കുകയും വലിയ വില നല്‍കുകയും ചെയ്യേണ്ടി വരും, ഞങ്ങളുടെ ആക്രമണം കഴിയുമ്പോള്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും അവർക്ക് മനസിലാകില്ലെന്നും ഗാലന്റ് കൂട്ടിച്ചേർത്തു.

എന്ത് തിരിച്ചടി നല്‍കിയാലും ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമായിരിക്കുമെന്നാണ് ഇറാന്റെ മറുപടി.

ഇറാൻ പിന്തുണ നല്‍കുന്ന ഹിസ്ബുള്ള, ഹമാസ് എന്നിവയ്ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് പൂർണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും സംഘർഷം രൂക്ഷമാകാതിരിക്കാനുള്ള ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നു. എന്നാല്‍, ഇതിലൊന്നുപോലും ഇതുവരെ വിജയം കണ്ടിട്ടില്ല. ഗാസയിലേയും ലെബനനിലേയും സംഘർഷങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെഡനും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.

ബൈഡൻ-നെതന്യാഹും ഫോണ്‍ സംഭാഷണം പോസിറ്റീവായിരുന്നെന്നാണ് ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോണ്‍ പറഞ്ഞത്. അമേരിക്കയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായും ഡാനി കൂട്ടിച്ചേർത്തു. തങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്നും ആക്രമണങ്ങള്‍ നടത്തേണ്ട മേഖലകളുടെ കാര്യത്തില്‍ ക്യത്യമായ തിരഞ്ഞെടുപ്പുകളുണ്ടായിരിക്കുമെന്നും ഡാനി പറഞ്ഞു. ഇറാൻ ഭരണകൂടത്തിന് കടുത്ത വേദന സമ്മാനിക്കുന്നതായിരിക്കും ഇസ്രയേലിന്റെ മറുപടിയെന്നും ഡാനി വ്യക്തമാക്കി.

അടുത്തിടയായുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ കണ്ണടച്ചുള്ള സമീപനമാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചേർന്നുനില്‍ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള നേതാവ് ഹസൻ നസറള്ളയുടെ കൊലപാതകം, പേജർ-വാക്കി ടോക്കി ആക്രമണങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

ഹിസ്ബുള്ളയെ പുറന്തള്ളിയില്ലെങ്കില്‍ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയില്‍ നിന്ന് മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളെന്നും നെതന്യാഹും ലെബനൻ ജനതയോട് നിർദേശിച്ചു. തെക്ക്-പടിഞ്ഞാറൻ ലെബനനിലേക്ക് ആയിരക്കണക്കിന് ട്രൂപ്പുകളെ വിന്യസിച്ച് അധിനിവേശം വിപൂലികരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നെതന്യാഹുവിന്റെ വാക്കുകള്‍.

ഹിസ്ബുള്ളയുടെ മുൻ നേതാവായിരുന്നു ഹസൻ നസറള്ളയുടെ പിൻഗാമികളെ ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൊലപ്പെടുത്തിയതായും നെതന്യാഹു അവകാശപ്പെട്ടു. ഹാഷിം സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഐഡിഎഫ് അറിയിക്കുന്നത്

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി