MIDDLE EAST

ഒരു മണിക്കൂറില്‍ 48 മരണം, യുഎന്‍ സ്‌കൂളിന് നേരെയും ആക്രമണം; ഗാസയില്‍ മനുഷ്യക്കുരുതിയുമായി ഇസ്രയേല്‍

വെബ് ഡെസ്ക്

ഇസ്രയേല്‍ സൈനിക ആക്രമണം തുടരുന്ന ഗാസയില്‍ ഒരു മണിക്കൂറില്‍ കൊല്ലപ്പെട്ടത് 48 പലസ്തീനികള്‍. തെക്കന്‍, മധ്യ ഗാസയിലുണ്ടായ മൂന്ന് വ്യോമാക്രമണത്തിലാണ് 57ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കുടിയിറക്കപ്പെട്ട പലസ്തീനികള്‍ താമസിക്കുന്ന, സുരക്ഷിത മേഖലയെന്ന് ഇസ്രയേല്‍ തന്നെ വിശേഷിപ്പിച്ച മേഖലകളിലും വ്യോമാക്രമണം ഉണ്ടായെന്ന് പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

ആക്രമണം കുടിയിറക്കപ്പെട്ട പലസ്തീനികള്‍ താമസിക്കുന്ന, സുരക്ഷിത മേഖലയില്‍

ഖാന്‍ യൂനിസിലെ അല്‍ മവാസിയിലെ കുടിയിറക്കപ്പെട്ട പലസ്തീനികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മാര്‍ക്കറ്റിലും നടന്ന ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടെന്ന് ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രി അറിയിച്ചു. മധ്യ ഗാസയിലെ നുസൈറത്ത് ക്യാമ്പിലെ ഐക്യരാഷ്ട്ര സഭയുടെ അല്‍ റാസി സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് മഹ്‌മേഷും കൊല്ലപ്പെട്ടു. ഇതോടെ 160 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ഗാസ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

സമീപ ദിവസങ്ങളിലായി ഗാസയിലെ ആറ് യുഎന്‍ആര്‍ഡബ്ല്യുഎ സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ അനുസരിച്ച് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഐക്യരാഷ്ട്രസഭയുടെ സ്‌കൂളുകളില്‍ പത്തില്‍ ഏഴെണ്ണത്തില്‍ ബോംബാക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്‌കൂളുകളുടെ 95 ശതമാനവും ക്യാമ്പുകളാക്കിയെന്നും എന്നാല്‍ ഇവിടെ അഭയം പ്രാപിച്ച 539 ആളുകള്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും യുഎന്‍ആര്‍ഡബ്ല്യു എക്‌സില്‍ കുറിച്ചു.

സുരക്ഷിത മേഖലയെന്ന് പ്രഖ്യാപിച്ച അല്‍ മവാസിയിലാണ് നിരന്തരമായി ഇപ്പോള്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 90 പേരാണ് അല്‍ മവാസിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന കമാന്‍ഡര്‍മാരെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഒളിച്ചു നില്‍ക്കുന്ന ഹമാസിനെ പിന്തുടരുന്നത് തുടരുമെന്നും ഇസ്രയേല്‍ പറയുന്നു.

അതേസമയം വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അറബ് മധ്യസ്ഥരും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ഗാസയിലെ ആക്രമണം ശക്തമാക്കിയതെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഹമാസിനെ വേരോടെ ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ പറഞ്ഞു. ആക്രമണം ആരംഭിച്ചത് മുതല്‍ ഏകദേശം 14000 ഹമാസ് പോരാളികളെ ഇല്ലാതാക്കുകയോ പിടിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇസ്രേയല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുവരെ 38,713 പേരാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 89,166 പേര്‍ക്ക് പരുക്കുമേറ്റു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?