ഗാസ സിറ്റിയിലെ പോളിയോ വാക്‌സിൻ കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ. സ്റ്റൺ ഗ്രനേഡ് പ്രയോഗത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വാക്‌സിനേഷൻ നടത്തുന്നതിനായി ആക്രമണത്തിന് താത്കാലിക വിരാമം ഇസ്രയേൽ പ്രഖ്യാപിച്ച മേഖലയിലാണ് അവർ വീണ്ടും ആക്രമണം നടത്തിയത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഏകദേശം 50 കുട്ടികളെങ്കിലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജബലിയയിൽ നടത്തിയ ആക്രമണത്തിൽ മാത്രമാണ് ഇത്രയധികം മരണം. ഗാസ മുനമ്പിൽ ഇസ്രയേൽ ആവർത്തിക്കുന്ന വിവേചനരഹിതമായ ആക്രമണങ്ങളെ യുനിസെഫ് അപലപിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളുടെ കൂടുതൽ ഇരുണ്ട അധ്യായമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പ്രതികരിച്ചിരുന്നു. “മാനുഷിക പ്രവർത്തകർ ഉൾപ്പെടെ സാധാരണക്കാർക്കും ഗാസയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. വടക്കൻ ഗാസയിലെ മുഴുവൻ പലസ്തീൻ ജനതയും, പ്രത്യേകിച്ച് കുട്ടികൾ, രോഗം, പട്ടിണി, ബോംബാക്രമണങ്ങൾ എന്നിവയാൽ ആസന്നമായ മരണത്തെ അഭിമുഖീകരിക്കുകയാണ്" റസൽ പറഞ്ഞു. യുനിസെഫ് ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ അന്വേഷണം നടത്തണമെന്നും റസ്സൽ ആവശ്യപ്പെട്ടു.
വടക്കൻ ഗാസയിലെ ജബലിയ, ബെയ്ത് ലാഹിയ, ബെയ്റ്റ് ഹനൂൻ തുടങ്ങിയ പട്ടണങ്ങളിലെ പത്ത് വയസ്സിന് താഴെയുള്ള ഏകദേശം 15,000 കുട്ടികൾക്ക് വാക്‌സിൻ കാമ്പയിനിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നാണ് യുഎന്നിന്റെ കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ രണ്ട് ഡോസുകൾ ആവശ്യമാണ്. 560,000-ലധികം കുട്ടികൾക്ക് വിജയകരമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു.
ഗാസയിലെ ഇസ്രയേൽ വംശഹത്യയിൽ 2023 ഒക്‌ടോബർ 7ന് ശേഷം ഏകദേശം 43,314 പേർ കൊല്ലപ്പെടുകയും 1,02,019 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ലെബനനിലും ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ലെബനനിൽ കുറഞ്ഞത് 2,968 പേർ കൊല്ലപ്പെടുകയും 13,319 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്.