ഗാസയിലെ സൈനിക നടപടിക്കൊപ്പം ലെബനനിലും യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടപടി പശ്ചിമേഷ്യയെ ആകെ സംഘര്‍ഷഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈനിക നീക്കമെങ്കില്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരിലാണ് നടപടി. വിനാശകരമായ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പതിനായിരങ്ങളാണ് സര്‍വവും നഷ്ടപ്പെട്ട അവസ്ഥയിലേക്കു നീങ്ങുന്നത്. തെക്കന്‍ ബെയ്‌റൂട്ടില്‍ 2300 കിലോ ഗ്രാം വരുന്ന യുഎസ് നിര്‍മിത ബോംബുകളാണ് ഇസ്രയേല്‍ നിക്ഷേപിച്ചത്. രഹസ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഉഗ്രനശിപ്പിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ളും ഇസ്രയേല്‍ ഉപയോഗിക്കുന്നു.
തുടര്‍ച്ചയായ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളോടെ ആയിരുന്നു ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ലോകം വലിയ തോതില്‍ ഈ സംഭവങ്ങള്‍ ചര്‍ച്ചചെയ്തു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നടപടി ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത് 15ന് പുലര്‍ച്ചെ, മധ്യ ഇസ്രയേലില്‍ പതിച്ച ഒരു മിസൈലിന്റെ പേരിലാണ്. ഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കിയായിരുന്നു മധ്യ ഇസ്രയേലില്‍ ഈ മിസൈല്‍ പതിച്ചത്. പലസ്തീനിലും ലെബനനിലും ആക്രമണം തുടരുന്ന ഇസ്രയേലില്‍ ഒരു വര്‍ഷത്തിനിടെ വീണ ആദ്യ മിസൈല്‍. അതും ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്.
ഗാസയില്‍നിന്ന് ഹമാസോ, ലെബനനില്‍നിന്ന് ഹിസ്ബുള്ളയോ അല്ല ഈ മിസൈല്‍ തൊടുത്തത് എന്നിടത്താണ് ഇതിന്റെ പ്രാധാന്യം പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നത്. യെമനില്‍ നിന്നുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആളപായം ഒന്നുമുണ്ടായില്ലെങ്കിലും ഇസ്രയേലിനെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ ആക്രമണം. ഹൈപ്പര്‍സോണിക് മിസൈല്‍ എങ്ങനെ ഹൂതികള്‍ക്ക് കിട്ടിയെന്നാണ് ഉയരുന്ന ചോദ്യം. പിന്നില്‍ ഇറാനോ, റഷ്യയോ...?
ഇസ്രയേലിന്റെ തലസ്ഥാനസമാന നഗരമായ ടെല്‍ അവീവിനും അല്‍ ഖുദ്‌സിനും ഇടയിലുള്ള 800 ചതുരശ്ര കിലോമീറ്റര്‍ പരിധിയാണ് ഹൂതികളുടെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യം വെച്ചത്. മുന്നറിയിപ്പിനെ തുടര്‍ന്ന് 32 കിലോമീറ്റര്‍ ഭാഗത്തുള്ളവര്‍ അതിവേഗം ജാഗ്രതയിലായി. ഇത്രയും പ്രദേശങ്ങളെ ഒരുമിച്ച് ഒരു മിസൈലിന് ആക്രമിക്കാന്‍ കഴിയുമോയെന്ന ചോദ്യം ഇസ്രയേല്‍ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ഇത്തരമൊരു മിസൈല്‍ വ്യോമ അതിര്‍ത്തി കടന്നത് തന്നെ ഇസ്രയേലിനെ സംബന്ധിച്ച് വലിയ പരാജയമായാണ് വിലയിരുത്തുന്നത്.
നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും മറികടന്നെത്തിയ മിസൈലിനെക്കുറിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് സൈന്യം നടത്തിയത്. വായുവില്‍ വെച്ച് തന്നെ മിസൈല്‍ തകര്‍ത്തെന്നും അതിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് പലഭാഗത്തായി വീണതെന്നുമായിരുന്നു വിശദീകരണം. പുറത്തുപറയുന്നില്ലെങ്കിലും ടെല്‍ അവീവിലെ ചില പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ദീര്‍ഘദൂര മിസൈലുകളെ തകര്‍ക്കുന്ന ആരോ വ്യോമ പ്രതിരോധ സംവിധാനത്തിനും ഹ്രസ്വദൂര മിസൈലുകള പ്രതിരോധിക്കുന്ന അയണ്‍ ഡോമിനും ഹൂതി മിസൈലിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തം. അതായത് 2023ലെ ഹമാസ് ആക്രമണത്തില്‍ സംഭവിച്ചതുപോലെ അയണ്‍ ഡോമും ആരോയും പരാജയപ്പെട്ടു. അമേരിക്കയും ഇസ്രയേലും കോടികള്‍ മുടക്കി സംയുക്തമായി വികസിപ്പിച്ചെടുത്ത 99 ശതമാനം സക്‌സസ് റേറ്റ് പ്രവചിച്ച പ്രതിരോധ സംവിധാനമാണ് ആരോ. അതുകൊണ്ടുതന്നെ ആരോയുടെ പരാജയത്തിനു കോടികളുടെ വിലയുണ്ട്. ഇതുകൊണ്ടാണ് ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണപ്പോള്‍ അമേരിക്കയ്ക്കും പൊള്ളിയത്.
എന്താണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍
ബാലിസ്റ്റിക് മിസൈലുകളെക്കാളും ക്രൂയിസ് മിസൈലുകളെക്കാളും വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍. അതായത് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍. മറ്റു മിസൈലുകള്‍ മുൻകൂട്ടി നിശ്ചയിച്ചുകൊടുത്ത പാതയിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ഹൈപ്പര്‍ സോണിക് അങ്ങനെയല്ല. തന്ത്രപൂര്‍വം പാത മാറ്റാനും താഴ്ന്ന് പറക്കാനും കഴിയും. അതായത് റഡാറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് അര്‍ത്ഥം. വേര്‍പെട്ട് ഒരേസമയം നിരവധി ലക്ഷ്യസ്ഥാനത്തേയ്ക്ക് പറക്കാനുമുള്ള മികവുണ്ട്. ഈ മാര്‍ച്ചിലും ജൂണിലും രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഹൂതികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിലൊന്നിന്റെ പേര് പലസ്തീന്‍ എന്നായിരുന്നു.
ലോകരാഷ്ട്രങ്ങളിലെ വമ്പന്മാരെല്ലാം ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്നുണ്ട്. റഷ്യയും ചൈനയുമാണ് ഇതില്‍ മുന്നില്‍. ഹൂതികള്‍ക്ക് ഈ മിസൈലുകള്‍ എങ്ങനെ കിട്ടിയെന്ന ചോദ്യമാണ് അതുകൊണ്ടുതന്നെ ഉയരുന്നത്. വികസിപ്പിച്ചെടുത്തത് ആണോ, വാങ്ങിയതാണോ എന്നാണ് ചോദ്യം.
ഹൂതികള്‍ക്കു നല്‍കാന്‍ തങ്ങളുടെ കയ്യില്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ഇല്ലെന്ന് ഇറാന്‍ പറയുന്നു. പിന്നെ ആര് നല്‍കി ഈ സാങ്കേതികവിദ്യ? റഷ്യയില്‍നിന്ന് ഇറാന്‍ വഴി ഹൂതികള്‍ക്ക് ആയുധം എത്തിച്ചെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇതിനോട് കൂട്ടിവായിക്കണം. പലസ്തീനെയും ലെബനനെയും ആക്രമിക്കുന്ന, പലസ്തീന്‍ തലവനെ തങ്ങളുടെ രാജ്യത്ത് വെച്ച കൊന്ന ഇസ്രയേലിന്, പശ്ചിമേഷ്യയിലെ പ്രതിരോധ അച്ചുതണ്ട് മറുപടി നല്‍കുമെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. ആ അച്ചുതണ്ടില്‍ ഉള്‍പ്പെട്ട ശക്തിയാണ് ഹൂതി വിമതര്‍ എന്നതും ഓര്‍ക്കണം.
ചെങ്കടലിന് ഒരറ്റത്ത് കിടക്കുന്ന യെമന്‍. ഇസ്രയേലില്‍നിന്ന് 2,200 കിലോമീറ്റര്‍ ദൂരത്ത്. അവിടെ നിന്നുള്ള ഹുതി വിമതരുടെ ആക്രമണം ഇസ്രയേലിനെ അസ്വസ്ഥരാക്കുകയാണ്. ഹൂതി മിസൈല്‍ തങ്ങളുടെ പ്രതിരോധ സംവിധാനത്തെ അപ്പാടെ തോല്‍പ്പിച്ചതും ഇസ്രയേലിന് തലവേദനയാണ്. ഹിസ്ബുള്ളക്കൊപ്പം ഹൂതികളെയും നേരിടേണ്ടി വരുന്ന സാഹചര്യം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മിസൈല്‍ ഇനിയും ഹൂതികള്‍ തൊടുത്താല്‍ ഇസ്രയേല്‍ എന്തുചെയ്യും എന്നതും പ്രസക്തം.