മധ്യ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രത്തില്‍ മാരകമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും എട്ടു പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലെബനനിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായും ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചത്. ലെബനൻ അതിർത്തി നഗരമായ മെറൂണ്‍ എല്‍ റാസില്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് ഇസ്രയേലിന്റെ മൂന്ന് മെർക്കാവ ടാങ്കറുകള്‍ തകർത്തതായി ഹിസ്ബുള്ളയും അറിയിച്ചിരുന്നു.
ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേലിന്റെ സൈനിക മേധാവി അറിയിച്ചു. "ഞങ്ങള്‍ പ്രതികരിക്കും. സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കാനും കൃത്യതയോടെയും ശക്തിയോടെയും തിരിച്ചടിക്കാനും ഞങ്ങള്‍ക്ക് കഴിയും," ജെനറല്‍ സ്റ്റാഫ് ഹെർസി ഹലെവി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെ്. ഇത് മനസിലാക്കാൻ ശത്രുക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉടൻ മനസിലാക്കുമെന്നും ഹലെവി പറഞ്ഞിരുന്നു.
അതേസമയം, ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയൊരു നീക്കത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാൻ ആക്രമണത്തിന് പകരം ഇസ്രയേൽ ചോദിക്കുക അവരുടെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വച്ചുകൊണ്ടായിരിക്കും എന്ന വിലയിരുത്തലുകൾ സജീവമാകുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.