MIDDLE EAST

പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി; ഇസ്രയേല്‍‌ സർക്കാർ കൂടുതല്‍ നെതന്യാഹു കേന്ദ്രീകൃതമാകുമോ?

ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് പുറത്താക്കലിനോട് ഗാലന്റ് പ്രതികരിച്ചു

വെബ് ഡെസ്ക്

ഇസ്രയേല്‍‌ പ്രധിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേല്‍ കാറ്റ്‌‍സിനെ പകരക്കാരനായും നിയമിച്ചു. ഗാലന്റില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹുവിന്റെ നടപടി. പ്രസ്താവനയിലൂടെയാണ് ഗാലന്റിനെ പുറത്താക്കിയ വിവരം നെതന്യാഹു പുറത്തുവിട്ടത്.

നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വർധിക്കുകയും പൊതുജനങ്ങളിലേക്ക് അത് എത്തുകയും മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

യുദ്ധത്തിന് കൃത്യമായ ദിശയില്ലെന്നായിരുന്നു ഗാലന്റ് കുറ്റപ്പെടുത്തിയിരുന്നു

ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് പുറത്താക്കലിനോട് ഗാലന്റ് പ്രതികരിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ ശ്രമിക്കുമെന്നായിരുന്നു കാറ്റ്സിന്റെ ആദ്യ പ്രതികരണം. ഗാസയില്‍ ബന്ധികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.

എന്നാല്‍, ഗലന്റിനെ പുറത്താക്കിയ നടപടിയില്‍ ഇസ്രയേലില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ടെല്‍ അവിവിലെ പ്രധാനറോഡുകളില്‍ ജനം ഉപരോധിച്ചു. ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കുമുന്നിലും പ്രതിഷേധമുണ്ടായി.

മാസങ്ങളായി നെതന്യാഹുവും ഗാലന്റും തമ്മില്‍ ഭിന്നതകള്‍ തുടർന്നിരുന്നു. ഇത് ഇസ്രയേലിന്റെ സഖ്യസർക്കാരിലും സൈന്യത്തിലും വരെ ആഘാതമുണ്ടാക്കി. യുദ്ധത്തിന് കൃത്യമായ ദിശയില്ലെന്നായിരുന്നു ഗാലന്റ് കുറ്റപ്പെടുത്തിയത്. പക്ഷേ, ഹമാസിനെ തുടച്ചുനീക്കും വരെ പോരാട്ടം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ഇസ്രയേലിന്റെ സൈനിക നടപടിയില്‍ ഗാസയില്‍ ഇതുവരെ 43,391 പേരാണ് കൊല്ലപ്പെട്ടത്. ഒരുലക്ഷത്തിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

ഗാലന്റിനെതിരായ നടപടിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ദേശീയ സുരക്ഷ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ-ഗ്വിർ സ്വീകരിച്ചത്. പൂർണ വിജയം കൈവരിക്കാൻ ഗാലന്റ് മന്ത്രിസ്ഥാനത്തുണ്ടെങ്കില്‍ സാധിക്കില്ലെന്നായിരുന്നു ഗ്വിർ പറഞ്ഞത്. ഗാലന്റിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഗ്വിർ.

ഗാലന്റ് വിശ്വസ്താനായിരുന്നെന്നാണ് രാജിയോട് അമേരിക്ക നടത്തിയ പ്രതികരണം. കാറ്റ്സുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു.

ഗാലന്റിന്റെ പുറത്താക്കല്‍ ഇസ്രയേല്‍ സർക്കാരിനെ കൂടുതല്‍ ഏകീകൃതമായൊരു സംവിധാനമാക്കി മാറ്റുമെന്നാണ് വിലയിരുത്തല്‍. ഗാലന്റ് സർക്കാരിന്റെ ഭാഗമല്ല എന്നത് സഖ്യകക്ഷികള്‍ക്ക് ആശ്വാസം പകരുമെന്നും പറയപ്പെടുന്നു. ഗാലന്റൊരു മിതവാദിയാണ് എന്നതല്ല ഇതിനർത്ഥം. തീവ്രവലതുനിലപാടുള്ളവരേക്കാളും അപകടകാരിയായ വ്യക്തിയായിരുന്നു ഗാലന്റെന്നാണ് നിരീക്ഷണം. പക്ഷേ, രാഷ്ട്രീയകാര്യത്തില്‍ അത്ര തീവ്രനിലപാട് സ്വീകരിക്കുന്ന വ്യക്തിയല്ല ഗാലന്റ്.

ഗാലന്റിന്റെ പുറത്താക്കലില്‍ ബന്ധികളുടെ ഫോറം വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബന്ധികളുടെ മോചനത്തില്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഫോറം അഭിപ്രായപ്പെട്ടത്.

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; യുഎസ് ഉപരോധവും നയതന്ത്ര കാര്യങ്ങളും ചര്‍ച്ചയായെന്ന് സൂചന

റിലീസായി മണിക്കൂറുകൾക്കകം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെല​ഗ്രാമിൽ; കർശന നടപടിയുമായി സ്റ്റുഡിയോ ​ഗ്രീൻ