ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനുള്ള യുഎസ്-ഫ്രഞ്ച് നിർദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് നെതന്യാഹുവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വെടിനിർത്തൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചിട്ടുപോലുമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. അതേസമയം, തങ്ങളുടെ പദ്ധതികൾ എല്ലാവരും കാണാനിരിക്കുന്നതേയുള്ളൂവെന്നും ഇസ്രയേൽ പറയുന്നു. ആക്രമണം തുടരാനാണ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഫ്)യ്ക്ക് നെതന്യാഹു നൽകിയ നിർദേശമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതിനോടകം 600 പേർ മരിച്ചതായാണ് വിവരം. ഇതേനെത്തുടർന്ന് അമേരിക്കയും ഫ്രാൻസും 21 ദിവസം നീണ്ട വെടിനിർത്തൽ നിർദേശിക്കുകയായിരുന്നുവെന്നും ഇസ്രയേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കറ്റ്സ് പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആ നിർദേശം തള്ളിയെന്നുമാണ് വിവരങ്ങൾ.
വടക്കൻ അതിർത്തിയിൽ ഒരുതരത്തിലുമുള്ള വെടിനിർത്തൽ ഉണ്ടാകില്ലെന്നും തങ്ങളുടെ എല്ലാ സ്വാധീനവും ശക്തിയുമുപയോഗിച്ച് ഹിസ്ബുള്ള പോലുള്ള തീവ്രവാദ സംഘങ്ങളെ നേരിടുമെന്നും കറ്റ്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ആക്രമണം ശക്തമായതോടെ ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽനിന്ന് 60,000 ആളുകൾക്ക് പലായനം ചെയ്യേണ്ടുന്ന സാഹചര്യമുണ്ടായി. ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിൽ വിജയിച്ച്, പലായനം ചെയ്ത ഇസ്രയേലികളായ മുഴുവൻ ആളുകളെയും തിരിച്ച് അവിടെ എത്തിച്ചശേഷം മാത്രമേ ആക്രമണം അവസാനിപ്പിക്കൂയെന്നാണ് ഇസ്രയേൽ നിലപാട്. അക്രമണത്തെത്തുടർന്ന് ഇസ്രയേൽ-ലെബനൻ അതിർത്തിയിലുള്ള ലെബനീസ് ജനങ്ങളും പലായനം ചെയ്തിട്ടുണ്ട്.
പലസ്തീൻ എന്ന സ്വതന്ത്ര രാജ്യമുണ്ടാകുന്നത് തടയുകയാണ് തന്റെ ജീവിതലക്ഷ്യമെന്നു പറഞ്ഞ തീവ്ര വലത് നിലപാടുള്ള ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് അടക്കമുള്ളവർ വെടിനിർത്തലിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ പുതുതായി ഏകദേശം 75 ഹിസ്ബുള്ള തീവ്രവാദകേന്ദ്രങ്ങൾ കൂടി തങ്ങൾ അക്രമിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് അവതരിപ്പിച്ച സംയുക്തപ്രസ്താവനയിൽ ഇസ്രയേലിനോട് വെടിനിർത്തൽ ആവശ്യപ്പെട്ടത്. ലെബനൻ ഇസ്രയേൽ അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും പലായനം ചെയ്യേണ്ടിവന്ന ജനങ്ങൾക്ക് മടങ്ങിവരാനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നായിരുന്നു സംയുക്തപ്രസ്താവനയിലെ ആവശ്യം.