MIDDLE EAST

'ഗാസയിൽ കുട്ടികൾ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നു' ഇസ്രയേലി സൈന്യത്തിന്റെ ക്രൂരതകൾ വെളിപ്പെടുത്തി അമേരിക്കൻ ഡോക്ടർമാർ

ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ദൃക്‌സാക്ഷി വിവരങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് തയാറാക്കിയത്

വെബ് ഡെസ്ക്

ഗാസയിലെ കുട്ടികളോട് ഇസ്രയേൽ സൈന്യം നടത്തുന്ന ക്രൂരതകൾ വെളിപ്പെടുത്തി അമേരിക്കൻ ഡോക്ടർമാർ. എട്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ തലയ്ക്കും നെഞ്ചിലും വെടിവെച്ച് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ദൃക്‌സാക്ഷി വിവരങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് തയാറാക്കിയത്.

ഗാസയിലെ ഒരു കുട്ടിയുടെ എക്സ് റേ സ്കാൻ

'65 ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ: ഗാസയിൽ ഞങ്ങൾ കണ്ടത്' എന്ന തലക്കെട്ടിലാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഗാസയിലെ ഖാൻ യൂനുസിൽ ജോലി ചെയ്യവേ, ഓരോദിവസവും തലയിലും നെഞ്ചിലും വെടിയേറ്റ പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണേണ്ടി വന്നുവെന്നാണ് ജനറൽ സർജനായ ഡോക്ടർ ഫിറോസ് സിദ്ധ്വ പറയുന്നത്. ഗാസയിൽ പ്രവർത്തിച്ചിരുന്ന അനവധി ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ദിനേന സമാന കാഴ്ചകൾ കാണേണ്ടി വന്നതിന്റെ തുറന്നുപറച്ചിലുകളും റിപ്പോർട്ടിലുണ്ട്.

കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലമായിട്ടാണ് യുനിസെഫ് ഗാസയെ വിശേഷിപ്പിക്കുന്നത്

പോഷകാഹാരക്കുറവുള്ള അമ്മമാർക്ക് മുലയൂട്ടാനുള്ള കഴിവില്ലായ്മ, ശുദ്ധജലത്തിൻ്റെ അഭാവം മൂലമുണ്ടാകുന്ന നിർജലീകരണം, പട്ടിണി അല്ലെങ്കിൽ അണുബാധ എന്നിവ കാരണം നിരവധി കുട്ടികൾ ഗാസയിൽ മരിക്കുന്നുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ചികിത്സയ്ക്ക് ആവശ്യമായ സോപ്പും കയ്യുറകളും പോലുള്ള ഏറ്റവും അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങൾ പോലും ഗാസയിൽ ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹ ഡാറ്റ, മാനുഷിക സംഘടനകൾ, ഗാസയിലെ ആരോഗ്യ മന്ത്രാലയം എന്നിവരിൽനിന്നാണ് സാധാരണഗതിയിൽ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തിന് ലഭിക്കുന്നത്. മാധ്യമപ്രവർത്തരെയോ സ്വതന്ത്ര അന്വേഷണാത്മക സംഘടനകളെയോ ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേലി സൈന്യം അനുവദിക്കാറില്ല എന്നതാണ് അതിന് കാരണം. ആകെയുള്ളത് ഇസ്രയേലി സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്ന 'എംബെഡഡ്' മാധ്യമപ്രവർത്തകരാണ്. അങ്ങനെയിരിക്കെയാണ് ഗാസയിൽനിന്ന് തിരിച്ചെത്തിയ അമേരിക്കയിലെ ആരോഗ്യപ്രവർത്തകരുടെ നേരിട്ടുള്ള അനുഭവങ്ങൾ പുറത്തുവരുന്നത്.

ഗാസയിൽ കൊല്ലപ്പെട്ട 42,000-ത്തിലധികം പേരിൽ 11000 -ത്തിലധികവും കുട്ടികളാണ്. കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലമായിട്ടാണ് യുനിസെഫ് ഗാസയെ വിശേഷിപ്പിക്കുന്നത്. ഗാസയിലെ കുട്ടികൾക്ക് ദിനേന നേരിടേണ്ടി വരുന്ന ഇസ്രയേലി ആക്രമണങ്ങൾ അവർക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പോഷകരാഹാരക്കുറവ്, പട്ടിണി, വൃത്തിയില്ലാത്ത ചുറ്റുപാട്, പടരുന്ന രോഗങ്ങൾ എന്നിവയും കുട്ടികളുടെ ജീവിതം വലിയ ദുരിതത്തിലാക്കുന്നുണ്ട്. ഗാസയിലെ സുരക്ഷാ മേഖലയായി ഇസ്രയേൽ നിശ്ചയിച്ചിരിക്കുന്ന അൽ-മവാസിയിൽ 4,130 പേർക്ക് ഒരു ശുചിമുറി എന്ന തരത്തിലാണ് കാര്യങ്ങളെന്നാണ് ഓക്സ്ഫാം റിപ്പോർട്ട് ചെയ്തത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍