MIDDLE EAST

ഗാസയിലെ വെടിനിർത്തൽ: ചർച്ചകൾ നിർത്തി, അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ

വെബ് ഡെസ്ക്

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ വെടിനിർത്തലിനുവേണ്ടി വ്യാഴാഴ്ച ഖത്തറിൽ ആരംഭിച്ച മധ്യസ്ഥ ചർച്ചകൾ നിർത്തിവച്ചു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം രാത്രി പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുനഃരാരംഭിക്കുന്നതിനായി ഈജിപ്തിലെ കെയ്റോയിലേക്കു ചൊവ്വാഴ്ച പ്രതിനിധിയെ അയയ്ക്കുമെന്ന് ഖത്തർ സ്ഥിരീകരിച്ചു. രണ്ടുദിവസമായി ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ, മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറിനെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടന്നത്. ഇതിന്റെ തുടർചർച്ചകളാകും അടുത്തയാഴ്ച നടക്കുക. ഈ കരാർ ജൂലൈയിൽ ഹമാസും അംഗീകരിച്ചിരുന്നു.

ഹമാസ് പ്രതിനിധി ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നതായാണ് വിവരം. ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി നിലനിൽക്കെ, അതിന് തടയിടാനുള്ള സുപ്രധാന മാർഗമായാണ് വെടിനിർത്തൽ ചർച്ചകൾ കരുതപ്പെടുന്നത്.

അതേസമയം, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തടസം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. നിരന്തരമായി ചർച്ചകൾ വിഫലമാകുന്നത് ഇസ്രയേൽ നിലപാടുമൂലമാണെന്നും അംഗീകരിക്കാൻ കഴിയാത്ത ഉപാധികൾ അവർ മുന്നോട്ടുവെയ്ക്കുന്നുവെന്നും ഹമാസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു.

ജൂലൈ രണ്ടിന് ഹമാസ് അംഗീകരിച്ച, ബൈഡൻ മുന്നോട്ടുവച്ച കരാറിൽ നിരവധി കൂട്ടിച്ചേർക്കലുകൾ ഇസ്രയേൽ നടത്തിയതായി നേരത്തെ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം പത്താം തവണയാണ് ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ സന്ദർശിക്കുന്നത്. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.

ചർച്ചകൾ തുടരുന്നതിനിടെ, ഗാസയിൽ പലയിടങ്ങളിലായി ഇസ്രയേൽ കനത്ത ആക്രമണങ്ങൾ നടത്തിയിരുന്നു. വടക്കൻ ഗാസയിലെ സുരക്ഷിത താവളങ്ങളായി ഇസ്രയേൽ പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ സൈന്യം ഉത്തരവിറക്കിയിട്ടുണ്ട്. മധ്യഗാസയിലെ അസ്- സവയ്‌ദയിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം പത്ത് പേർ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടത് 40,005 പേരാണ്. 92,401 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്