MIDDLE EAST

ക്ഷാമത്തിന് വക്കിലെ വടക്കന്‍ ഗാസ, സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം; ഇനിയെന്ത്?

ചര്‍ച്ചകളുടെ മധ്യസ്ഥ സ്ഥാനത്ത് തുടരാനാകില്ലെന്ന് ഖത്തര്‍ നിലപാട് എടുക്കുമ്പോള്‍ ഗാസയില്‍ സമാധാനം പുലരാനുള്ള ടെ അവസന പ്രതീക്ഷയും അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്

വെബ് ഡെസ്ക്

ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മേഖലയിലെ മനുഷ്യ ജീവിതം ദുസ്സഹമാകുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നതായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും പ്രശ്‌ന പരിഹാരത്തിന് പൂര്‍ണതോതില്‍ സന്നദ്ധരായാല്‍ മാത്രം ഇനി ചര്‍ച്ചയെന്നാണ് ഖത്തര്‍ സ്വീകരിക്കുന്ന നിലപാട്. ചര്‍ച്ചകളുടെ മധ്യസ്ഥ സ്ഥാനത്ത് തുടരാനാകില്ലെന്ന് ഖത്തര്‍ നിലപാട് എടുക്കുമ്പോള്‍ ഗാസയില്‍ സമാധാനം പുലരാനുള്ള ടെ അവസന പ്രതീക്ഷയും അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിക്കാന്‍ ഈജിപ്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രധാന മധ്യസ്ഥന്‍ ഖത്തറായിരുന്നു. പ്രധാനമായും രണ്ട് വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പരിഗണിച്ചിരുന്നത്. ഗാസയിലെ വെടി നിര്‍ത്തല്‍, ഇസ്രയേലില്‍ നിന്ന് ഹമാസ് പിടികൂടി ബന്ദികളാക്കിയവരുടെ മോചനം. ഇതുവരെ പല വട്ടം ചര്‍ച്ച നടത്തി. ഒരു മുന്നേറ്റവും ഉണ്ടാക്കാനിയില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരാഴ്ചയോളം വെടിനിര്‍ത്തല്‍ മാത്രമാണ് ചര്‍ച്ചകളിലൂടെ സാധ്യമായത്. വിട്ടുവീഴ്ചയ്ക്ക് ഇസ്രയേലും ഹമാസും തയ്യാറാകാത്തതാണ് തിരിച്ചടി. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് പിന്മാറ്റം എന്നാണ് ഖത്തര്‍ നല്‍കുന്ന വിശദീകരണം.

അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് നേടിയ വലിയ വിജയത്തിന് പിന്നാലെ ഖത്തന്‍ സ്വീകരിച്ച നിലപാട് യുഎസ് സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന വിമര്‍ശനം ശക്തമാണ്. ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 ദിവസം മുന്‍പാണ് ഖത്തര്‍ ഹമാസിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നയംമാറ്റമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍േദശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ചര്‍ച്ചകള്‍ ഈ നിലയില്‍ പുരോഗമിക്കുമ്പോള്‍ ഇത്തരം ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് ഖത്തര്‍ നല്‍കുന്ന ഏറ്റവും പുതിയ വിശദീകരണം.

ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടാനുള്ള ഖത്തറിന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കൃത്യതയില്ലാത്തതാണ് എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗാസ വിഷയത്തില്‍ അവസാന വട്ട ചര്‍ച്ച നടന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് സമാധാന കരാര്‍ സാധ്യമാക്കാനുള്ള ബൈഡന്‍ സര്‍ക്കാരിന്റെ അവസാന ശ്രമമായിരുന്നു ഇത്. നീക്കം പരാജയപ്പെട്ടതോടെ ഹമാസിനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം കൂടിയാണ് ഇപ്പോഴത്തെ ഖത്തര്‍ നിലപാട്. നാറ്റോയ്ക്ക് പുറത്ത് അമേരിക്കയുടെ ഏറ്റവും സുപ്രധാനമായ സഖ്യ രാഷ്ട്രമാണ് ഖത്തര്‍.

ഹമാസിന് സഹായം നല്‍കുന്നതില്‍ നിന്ന് ഒഴിവാകാന്‍ ഖത്തറിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ശക്തമായ ഇസ്രയേല്‍ അനുകൂല നിലപാട് എന്നും പരസ്യമാക്കിയിട്ടുള്ള ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ കൂടി പശ്ചാത്തലത്തിലാകാം ഖത്തര്‍ നിലപാട് കടുപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമാസിനെ കൂടുതല്‍ ഒറ്റപ്പെടുത്താനായിരിക്കും ഇനി യുഎസ് നീക്കം എന്നാണ് വിലയിരുത്തല്‍. ഖത്തറിന് പുറത്ത് അമേരിക്കയുടെ സുഹൃത്ത് രാജ്യങ്ങളിലൊന്നിലും ഹമാസിന് സുരക്ഷിത കേന്ദ്രം ഒരുക്കരുത് എന്നതാണ് അമേരിക്കയുടെ ഒടുവിലത്തെ നിലപാട്.

യുദ്ധമവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും സന്നദ്ധരായെത്തുകയാണെങ്കില്‍ ഇടനിലയ്ക്ക് തയ്യാറെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ സര്‍്കകാരിനെതിരെ അരങ്ങേറുന്നത്. ഒരു കൂട്ടം മുതിര്‍ന്ന നേതാക്കളെ നഷ്ടമായ ഹമാസിനുമേലും യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദംഉണ്ട്. ഇത് മുന്നില്‍ കണ്ട് ഫലവത്തായ ചര്‍ച്ചയ്ക്ക് ഖത്തറിന്റെ അവസാന ശ്രമമായും മധ്യസ്ഥതയില്‍ നിന്ന് ഒഴിവാകാനുള്ള തീരുമാനത്തെ കാണാം. പക്ഷെ, ഇതും വിലപ്പോയില്ലെങ്കില്‍ പലസ്തീന്‍ ജനതയ്ക്ക് ഇനി പ്രതീക്ഷ ബാക്കിയില്ല.

ചര്‍ച്ചകള്‍ അനിശ്ചിതമായ നീളുമെന്ന് ഉറപ്പായതോടെ ഗാസയിലെ ദുരിതം പതിന്‍മടങ്ങ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ സൈനിക നടപടി കടുപ്പിച്ച വടക്കന്‍ ഗാസ ക്ഷാമത്തിന് സമാനമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി രൂക്ഷമായി തുടരുന്ന ഇസ്രയേല്‍ സൈനിക നടപടിയാണ് മേഖലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് എന്ന് യുഎന്‍ആര്‍ഡബ്ല്യൂഎ (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ കുട്ടികളിലും മുതിര്‍ന്നവരിലും പോഷകാഹാരത്തിന്റെ കുറവ് വലിയ തോതില്‍ പ്രകടമാണ് എന്നും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ പോഷകാഹാരക്കുറവിന്റെ രൂക്ഷത വ്യക്തമാക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഭക്ഷണത്തിന്റെയും വൈദ്യ സഹായ വിതരണവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് ഒരു ദിവസം പോലും ഭക്ഷണം നല്‍കാന്‍ പാടുപെടുകയാണ്, എന്ന് അശുപത്രി അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 'വടക്കന്‍ ഗാസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കുന്നതിനൊപ്പം അവശ്യ സാധനങ്ങളും ആംബുലന്‍സ് സേവനങ്ങളും സജീവമാക്കണമെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി