MIDDLE EAST

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

ഇസ്രയേലിൻ്റെ തുടർച്ചയായ ബോംബാക്രമണം കാരണം വടക്കൻ ഗാസയിലെ ആളുകളിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് ഓക്സ്ഫാം

വെബ് ഡെസ്ക്

ആഴ്ചകൾ നീണ്ട ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളുടെയും സൈനിക ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. വടക്കൻ ഗാസയിലെ സ്ഥിതിഗതികൾ ദുരന്ത സമാനമാണെന്ന് യുഎൻആർഡബ്ള്യുഎ അധികൃതർ വ്യക്തമാക്കി. ബെയ്ത് ലഹിയയിൽ ഏകദേശം 120 പലസ്തീനികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ ഭയാനകം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.

ബെയ്ത് ലാഹിയക്കൊപ്പം തന്നെ തെക്ക് ഖാൻ യൂനിസ്, മധ്യഭാഗത്ത് ദേർ എൽ-ബലാഹ്, വടക്ക് ഗാസ സിറ്റി എന്നിവയുൾപ്പെടെ ഗാസ മുനമ്പിൽ ഉടനീളം ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുന്നുണ്ട്. പരിക്കേറ്റവർക്ക് ആംബുലൻസുകൾ സൗകര്യങ്ങൾ പോലും എത്തിക്കാൻ സാധിക്കാത്ത വിധം മുനമ്പിന്റെ വടക്ക് ഭാഗത്തെ അവസ്ഥ മോശമാണെന്ന് ഗാസയിലെ പലസ്തീൻ റെഡ് ക്രസൻ്റ് വക്താവ് റെയ്ദ് അൽ-നെംസ് പറഞ്ഞു.

പ്രദേശത്തേക്ക് മറ്റ് സഹായങ്ങൾ എത്തുന്നതിനെ കഴിഞ്ഞ 25 ദിവസമായി ഇസ്രയേൽ സൈന്യം തടഞ്ഞിരിക്കുകയാണ്. പ്രദേശത്തെ അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ബോധപൂർവം ആക്രമണങ്ങൾ അഴിച്ച് വിടുകയാണെന്നും അൽ-നെംസ് പറഞ്ഞു. "വടക്കൻ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ആംബുലൻസ് ടീമുകളെ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് മുൻഗണന," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ ആദ്യം മുതൽ വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ കൂടുതൽ തീവ്രതയോടെ പ്രദേശത്ത് ബോംബാക്രമണം നടത്തുകയും ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു.

ഇസ്രയേലിൻ്റെ തുടർച്ചയായ ബോംബാക്രമണം കാരണം വടക്കൻ പ്രദേശത്തെ ആളുകളിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് ഓക്സ്ഫാം പറഞ്ഞിരുന്നു. പ്രദേശത്തെ പട്ടിണിയെ ഇസ്രയേൽ ആയുധമാക്കുകയാണെന്നും ഓക്സ്ഫാം ആരോപിച്ചു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത് ഹനൂൻ, ബെയ്ത് ലാഹിയ പട്ടണങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 800 ഓളം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം വെസ്റ്റ് ബാങ്കിലും ലെബനനിലും ഇസ്രയേൽ സമാനമായ സൈനിക നടപടികൾ തുടരുകയാണ്. ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച ലെബനനിലുടനീളം 100 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചു. ഒക്‌ടോബർ 3 മുതൽ ഗാസയിൽ 14 സഹായ പ്രവർത്തകരെയും നാല് ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ സൈന്യം വധിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 ന് ഇസ്രായേൽ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസയിൽ 43,163 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ