MIDDLE EAST

ഉഷ്ണതരംഗം: 570 ഹജ്ജ് തീർഥാടകർ മരിച്ചതായി റിപ്പോർട്ട്; സൗദിയിൽ താപനില 50 ഡിഗ്രി കടന്നു

വെബ് ഡെസ്ക്

ഹജ്ജ് തീർഥാടനത്തിനിടെ ഉഷ്ണതരംഗം കാരണം 570 പേർ മരിച്ചതായി റിപ്പോർട്ട്. അറബ് നയതന്ത്ര വിദഗ്ധരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ഈജിപ്തിൽ നിന്നുള്ളവരാണ്, 323 പേർ. ജോർദാനിൽനിന്നുള്ള 60 പേരും മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി സെൽഷ്യസായിരുന്നു. കടുത്ത ചൂട് കാരണമാണ് ഈജിപ്തിൽനിന്നുള്ള തീർഥാടകർ മരിച്ചതെന്ന് ഒരു നയതന്ത്രജ്ഞൻ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരിൽ ഒരാൾ ആൾക്കൂട്ടത്തിൽ പെട്ട് പരുക്കേറ്റ് മരിച്ചതാണെന്നും മക്കയിലെ അൽ-മുഐസെം പരിസരത്തുള്ള ആശുപത്രി മോർച്ചറിയിൽനിന്നാണ് മൊത്തം കണക്കുകൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യ, ഇറാൻ, സെനഗൽ തുടങ്ങിയ രാജ്യങ്ങളും തീർഥാടകർക്കിടയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവ കനത്ത് ചൂടുകാരണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രണ്ടായിരത്തോളം തീർഥാടകർക്ക് കടുത്ത ചൂടിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്ക് ചികിത്സ നൽകിയതായി സൗദി അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഞായറാഴ്ച മുതൽ മരിച്ചവരുടെ പുതുക്കിയ കണക്കുകളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ചൂട് കാരണം കാര്യമായ മരണങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സൗദി അറേബ്യയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. തീർഥാടകർക്ക് നേരത്തെയുണ്ടായിരുന്ന അസുഖങ്ങളും അവരുടെ ആരോഗ്യ സ്ഥിതിയുമാണ് മരണത്തിനു കാരണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ജമീൽ അബുവലനൈൻ പറഞ്ഞു.

കാണാതായ തീർഥാടകരെ കണ്ടെത്തുന്നതിൽ സൗദി അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി ഈജിപ്ത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം, വിവിധ രാജ്യങ്ങളിൽനിന്നുള്ള 240 തീർഥാടകർ മരിച്ചിരുന്നു. ഇന്തോനേഷ്യൻ സ്വദേശികളായിരുന്നു കഴിഞ്ഞ തവണ മരിച്ചവരിൽ കൂടുതലും.

തീർഥാടകരോട് കുടകൾ ഉപയോഗിക്കാനും ജലാംശം നിലനിർത്താനും സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകർക്ക് അപകടസാധ്യതകൾ കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രജിസ്റ്റർ ചെയ്യാത്ത തീർഥാടകർക്ക് എയർകണ്ടീഷൻ ചെയ്ത സൗകര്യങ്ങളുടെ അഭാവം കാരണം അപകടസാധ്യതകൾ നേരിടുന്നുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്യാത്ത ലക്ഷക്കണക്കിന് തീർഥാടകരെ മക്കയിൽനിന്ന് സൗദി അധികൃതർ നീക്കം ചെയ്തിരുന്നു. ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതിനായി 5,800 വെർച്വൽ കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ ജലാജെലിന്റെ നേതൃത്വത്തിൽ ഒരുക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥാ വ്യതിയാനം ഹജ്ജ് വേളയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി. ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മേയ് ആണ് ഇത്തവണത്തേതെന്നും ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും ഭാവിയിലെ തീർഥാടനങ്ങൾക്ക് കാര്യമായ അപകടങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?