MIDDLE EAST

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ചൊവ്വാഴ്ച ഇസ്രയേലിലെത്തിയ ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്

വെബ് ഡെസ്ക്

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ടെൽ അവീവും തുറമുഖ നഗരമായ ഹൈഫയും ആക്രമിച്ച് ഹിസ്‌ബുള്ള. ഒക്ടോബർ ഏഴിന് ആരംഭിച്ച ഗാസ ആക്രമണത്തിന് പിന്നാലെ, ബ്ലിങ്കൻ നടത്തുന്ന പതിനൊന്നാമത്തെ പശ്ചിമേഷ്യൻ സന്ദർശനമാണിത്. ഒരുവർഷം പിന്നിടുന്ന ഇസ്രയേലി ആക്രമണങ്ങൾക്ക് തടയിടാൻ ഇതുവരെയുള്ള നയതന്ത്ര ചർച്ചകൾക്കൊന്നും ആയിട്ടില്ല. ഒപ്പം ഗാസയിൽനിന്ന് ലെബനനിലേക്കും ഇസ്രയേൽ വലിയതോതിൽ ആക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ വരവ്.

ഹമാസിൻ്റെ പ്രധാന നേതാവ് യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതോടെ ഗാസയിലെയും ലെബനനിലെയും വെടിനിർത്തൽ സംബന്ധിച്ച് പുതിയ സാഹചര്യങ്ങൾ ഉടലെടുത്തുവെന്നായിരുന്നു അമേരിക്ക പ്രതികരിച്ചത്. അതിനുള്ള ശ്രമമായിട്ടാണ് ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനവും. ചൊവ്വാഴ്ച ഇസ്രയേലിലെത്തിയ ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള ഇസ്രയേൽ തിരിച്ചടിയെ സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ജോർദാനിലും ഖത്തറിലും ബ്ലിങ്കനെത്തും.

ഇസ്രയേലിൻ്റെ തിരിച്ചടി എണ്ണ വിപണിയെ തടസ്സപ്പെടുത്തുമെന്നും ബദ്ധശത്രുക്കൾക്കിടയിൽ പൂർണമായ യുദ്ധത്തിന് കാരണമാകുമെന്ന ആശങ്ക സജീവമാണ്. കൂടാതെ, തങ്ങളുടെ ആണവോർജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന ഇസ്രയേൽ ഭീഷണിയെക്കുറിച്ച് യുഎൻ ആണവ നിരീക്ഷണ സംഘത്തിന് പരാതിയും നൽകിയിരുന്നു.

ലെബനനിലെ ഹിസ്ബുള്ളയുടെ ധനകാര്യ സ്ഥാപനമായ അൽ-ഖർദ് അൽ-ഹസനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു മധ്യ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ഹിസ്‌ബുള്ള ആക്രമണം. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ജനസാന്ദ്രമായ ടെൽ അവീവിൽ ആകമാനം മുൻകരുതൽ സൈറണുകൾ മുഴങ്ങിയിരുന്നു.

ടെൽ അവീവിൻ്റെ പ്രാന്തപ്രദേശത്തുള്ള മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ് 8200ൻ്റെ ഗ്ലിലോട്ട് ബേസ് ലക്ഷ്യമിട്ടതായി ഹിസ്‌ബുള്ള അറിയിച്ചിരുന്നു. വടക്കൻ ഇസ്രയേലിലെ തീരദേശ നഗരമായ ഹൈഫയുടെ വടക്കുപടിഞ്ഞാറുള്ള സ്റ്റെല്ല മാരിസ് നാവിക താവളം ലക്ഷ്യമിട്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായും ഹിസ്ബുള്ള പറഞ്ഞു.

ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ 12 ലക്ഷം പേർ ഇതുവരെ പലായനം ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്തിൻ്റെ നാലിലൊന്ന് പ്രദേശങ്ങളിലും ഇസ്രയേൽ ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയെ തകർക്കാണെന്ന പേരിലാണ് ഇസ്രയേലിന്റെ ആക്രമണങ്ങൾ.

അതിനിടെ, യഹ്‌യ സിൻവാറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതിൽ അമേരിക്കയ്ക്കുനേരെയും പ്രതിഷേധം ശക്തമാകുകയാണ്. ഇസ്രയേലിന് പിന്തുണ നൽകുന്നതിനെതിരെ ജോർദാൻ തലസ്ഥാനമായ അമ്മാനിലെ അമേരിക്കൻ എംബസിക്കു മുൻപിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു. പ്രതിഷേധകർ ഇസ്രയേൽ-അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി.

കഴിഞ്ഞവർഷം ഒക്ടോബർ ഏഴിനു ഗാസയിൽ ഇസ്രയേൽ ആരംഭിച്ച വ്യോമാക്രമണത്തിൽ ഇതുവരെ 42,718 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്. 100,282 പേർക്കു പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 115 പേർ കൊല്ലപ്പെട്ടു. 487 പേർക്കു പരുക്കേറ്റു.

അതിനിടെ, ഇസ്രയേൽ ഗാസയിലും ലെബനനിലും തുടരുന്ന ആക്രമണം പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിൽ എയർ ഇന്ത്യ ഉൾപ്പെടെ 25 വിമാനക്കമ്പനികൾ മേഖയിലൂടെയുള്ള നിരവധി രാജ്യാന്തര വിമാന സർവിസുകൾ റദ്ദാക്കി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ