MIDDLE EAST

ഹമാസ് ബന്ദികളാക്കിയവരില്‍ മൂന്നുപേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍; കുറ്റസമ്മതം 9 മാസത്തിനുശേഷം

മരണത്തിന് കാരണം നവംബർ പത്തിന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണെന്നാണ് സൈന്യത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്

വെബ് ഡെസ്ക്

ഹമാസ് ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ മരണത്തിന് ഉത്തരവാദി ഇസ്രയേലെന്ന് സമ്മതിച്ച് ഇസ്രയേല്‍ ഡിഫൻ ഫോഴ്‌സ് (ഐഡിഎഫ്). ഡിസംബർ പതിനാലിനാണ് സൈനികരായ റോൺ ഷെർമാൻ, നിക് ബെയ്സർ എന്നിവരുടെയും എലിയ ടോൾഡാനോയുടെയും മൃതദേഹം ഗാസയിലെ ജബലിയയിലുള്ള ടണലിൽനിന്ന് ഇസ്രയേലി സൈന്യത്തിന് ലഭിക്കുന്നത്. ഇവരുടെ മരണത്തിന് കാരണം നവംബർ പത്തിന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണെന്നാണ് സൈന്യത്തിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഹമാസിന്റെ വടക്കൻ ഗാസ ബ്രിഗേഡിന്റെ നേതാവ് അഹ്‌മദ്‌ ഗന്ധൂറിനെ വധിക്കാൻ ലക്ഷ്യമാക്കി ജബലിയയിലെ തുരങ്കത്തിന് നേരെ നടത്തിയ സൈനിക നീക്കത്തിലാണ് മൂന്ന് ബന്ദികളും കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേന നടത്തിയ അന്വേഷണപ്രകാരം, റോൺ, നിക്, എലിയ എന്നിവർ മരിച്ചത് നവംബർ പത്തിൽ നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ്. ബന്ദികൾ അവിടെയുണ്ടായിരുന്നതായി അറിവില്ല എന്നാണ് സൈന്യത്തിന്റെ വിശദീകരണം.

ജബലിയയിലെ തുരങ്കം

ആക്രമണത്തിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മരണകാരണം സൈന്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, തുരങ്കത്തിൽ കാർബൺഡയോക്‌സൈഡ് നിറച്ചതിലൂടെ ശ്വാസതടസം നേരിട്ടാണ് മൂവരും മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിക്കുന്ന പ്രദേശങ്ങളിൽ ആക്രമണം നടത്താറില്ലെന്നായിരുന്നു ഇസ്രയേലി സൈന്യത്തിന്റെ വാദം.

എന്നാൽ, പലതവണ ഇസ്രയേൽ ആക്രമണത്തിൽ ബന്ധികൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് മൂന്ന് ബന്ദികളുടെ മരണത്തിൽ സൈന്യത്തിന്റെ പങ്ക് അവർതന്നെ സമ്മതിക്കുന്നത്. ഹമാസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിഡിയോയിൽ റോൺ ഷെർമാൻ, നിക് ബെയ്സർ, എലിയ ടോൾഡാനോ എന്നിവർ കൊല്ലപ്പെട്ടത് ഇസ്രയേലി ആക്രമണത്തിലാണ് ചൂണ്ടിക്കാട്ടിയിരുന്നു.

ബന്ദികളെ സംബന്ധിച്ച് വിവരം ലഭിച്ചില്ലെന്ന് സൈന്യം പറയുന്നതിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കുന്നിലെന്നാണ് നിക്കിന്റെ മാതാവ് കാറ്റി ബെയ്സർ പറയുന്നത്

ബന്ദികളുടെ ശരീരത്തിൽ ആഘാതത്തിന്റെയോ വെടിയേറ്റത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന പാത്തോളജി റിപ്പോർട്ട് കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. ഇസ്രയേലി സൈന്യമല്ല ബന്ദികളുടെ മരണത്തിന് കാരണമെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഈ നീക്കം. എന്നാൽ പുതിയ റിപ്പോർട്ട് വന്നതോടെ ബന്ദികളുടെ കുടുംബാംഗങ്ങൾ സൈന്യത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

റോൺ ഷെർമാന്റെ ശവസംസ്കാര ചടങ്ങ്

ബന്ദികളെ സംബന്ധിച്ച് വിവരം ലഭിച്ചില്ലെന്ന് സൈന്യം പറയുന്നതിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കുന്നിലെന്നാണ് നിക്കിന്റെ മാതാവ് കാറ്റി ബെയ്സർ പറയുന്നത്. നേരത്തെ, റോണിന്റെ ശവകുടീരത്തിൽ 'രാഷ്ട്രീയ നേട്ടത്തിനായി നിങ്ങളെ ബലിയാടാക്കിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു' എന്ന് കുറിച്ച കല്ല് അദ്ദേഹത്തിന്റെ അമ്മ കൊണ്ടുവച്ചിരുന്നു. ഇത് പിന്നീട് ഇസ്രയേലി പ്രതിരോധ മന്ത്രാലയം എടുത്തുമാറ്റുകയായിരുന്നു.

ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെയാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്. ഡിസംബറിൽ ഇസ്രയേലി സൈന്യം അവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, മരണകാരണം അടുത്തിടെയാണ് കണ്ടെത്തിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം