MIDDLE EAST

ഇസ്രയേലില്‍ ഇറാന്റെ ആക്രമണം, നൂറിലധികം മിസൈലുകള്‍ വർഷിച്ചതായി റിപ്പോർട്ട്; തിരിച്ചടിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.

250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകള്‍. മിസൈലുകള്‍ എവിടെയെങ്കിലും പതിച്ചോ അല്ലെങ്കില്‍ നിർവീര്യമാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിനെ (ഐആർജിസി) ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ ന്യൂസ് ഏജൻസ് റിപ്പോർട്ട് ചെയ്തു. ഇസ്മയില്‍ ഹനിയ, ഹസൻ നസറുള്ള എന്നിവരുടെ രക്താസക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആർജിസി വ്യക്തമാക്കി.

ഇസ്രയേലിലുടനീളം മുന്നറിയിപ്പിന്റെ ഭാഗമായുള്ള സൈറനുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ടെല്‍ അവീവില്‍ നിന്ന് മുന്നറിയിപ്പ് സയറണുകളും ജെറുസലേമില്‍ നിന്ന് സ്ഫോടനശബ്ദങ്ങളും കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ വ്യോമഗതാഗതം താത്കാലികമായി നിർത്തിവെച്ചു.

ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറാകണമെന്ന് എംബസി അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍‌കിയിരുന്നു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ കരയിലും ശക്തമാക്കാനൊരുങ്ങുകയാണെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.

"ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്താൻ ഇറാൻ ഒരുങ്ങുന്നുവെന്നതിന്റെ സൂചനകള്‍ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങള്‍ ഇസ്രയേലിന് നല്‍കുന്നു. ഇസ്രയേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം ഇറാന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും," മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎഫ്‌പി അറിയിച്ചു.

നേരത്തെ ജെറുസലേമിലും ടെല്‍ അവീവിലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ സൈന്യം ഏർപ്പെടുത്തിരുന്നു. ഹിസ്ബുള്ളയില്‍ നിന്നോ ഇറാന്റെ ഭാഗത്തുനിന്നോ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകള്‍ക്കായി സൈന്യം ലെബനനില്‍ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.

10,000 സൈനകർ അടങ്ങുന്ന സംഘം അതിർത്തികളിലെത്തിയതായാണ് വിവരം. എന്നാല്‍ ഇവർ ലെബനനിലേക്ക് പ്രവേശിച്ചോ എന്നതില്‍ വ്യക്തതയില്ല.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?

2020 അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം: കേസിൽ ട്രംപിന് കുരുക്ക് മുറുകുന്നു, പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ

ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

ചികിത്സയ്‌ക്കെത്തിയ യുവാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഡല്‍ഹി നീമ ആശുപത്രിയിലെ ഡോ. ജാവേദ്

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക