MIDDLE EAST

സമ്പൂര്‍ണ യുദ്ധ ഭീതി, പശ്ചിമേഷ്യയെ കാത്തിരിക്കുന്നതെന്ത്?

ഇസ്രയേല്‍ ആക്രമിച്ച തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെ സഹായം ലഭിച്ചെന്നും നെതന്യാഹു വ്യക്തമാക്കുന്നു

വെബ് ഡെസ്ക്

ഇസ്രയേലിനെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഉണ്ടായ മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുക്കുമ്പോള്‍ പശ്ചിമേഷ്യന്‍ മേഖല വീണ്ടും കടുത്ത സംഘര്‍ഷ ഭീതിയിലേക്ക് അകപ്പെടുകയാണ്. ഹമാസ്, ഹിസ്ബുള്ള നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടി എന്ന് വ്യക്തമാക്കിയാണ് ടെല്‍ അവീവിലേക്കുള്ള ആക്രമണങ്ങളെ ഇറാന്‍ ന്യായീകരിക്കുന്നത്. തിരിച്ചടിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന ഭീഷണിയും ഇറാന്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമിച്ച തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെ സഹായം ലഭിച്ചെന്നും നെതന്യാഹു വ്യക്തമാക്കുന്നു.

സാഹചര്യങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്

ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നതിനൊപ്പം തങ്ങള്‍ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങളുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ താക്കീതുമായി പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തുമ്പോള്‍ തിരിച്ചടി നല്‍കിയ ഇറാനെ അഭിനന്ദിച്ച് ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി. ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ പ്രതികരണം പ്രകോപനം ഉണ്ടായാല്‍ ആക്രമണം ശക്തമാക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു.

'ഇറാനുമായി ഒരു സംഘട്ടനത്തിന് മുതിരരുത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏത് ഭീഷണിയെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കുന്നു. 'ഇറാനെതിരെയും തങ്ങളുടെ പൗരന്മാര്‍ക്കും നേരെ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള സായുധ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്നായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ തന്ത്രപ്രധാന ഉപദേഷ്ടാവ് മുഹമ്മദ് ജവാദ് ഷരീഫിന്റെ പ്രതികരണം.

ധീരമായ നടപടി എന്നായിരുന്നു ഹമാസ് ഇറാന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലിലെ സയണിസ്റ്റ് ഫാസിസ്റ്റ് സര്‍ക്കാരിനും അവരുടെ ഭീകരവാദ നടപടികളെ തടയാനും സഹായിക്കുന്ന ശക്തമായ നടപടി എന്നും ഹമാസ് ചൂണ്ടിക്കാട്ടി.

അതേസമയം, ഇസ്രയേലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് യുഎസ് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍ വ്യക്തമാക്കി. ഇസ്രയേലിനൊപ്പം അമേരിക്ക ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.ഇസ്രായേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം നടത്തിയാല്‍ ഇറാന് നേരിടേണ്ടിവരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റും ചര്‍ച്ച ചെയ്തതായി പെന്റഗണ്‍ പ്രതികരിച്ചു. എന്നാല്‍ ചര്‍ച്ചയിലെ തീരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചും ഇറാന് മുന്നറിപ്പ് നല്‍കിയും ജര്‍മനിയും രംഗത്തെത്തി. ഇറാന്‍ നടപടി പശ്ചിമേഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കേണ്ടത് പശ്ചിമേഷ്യയുടെ ഭാവിക്ക് അനിവാര്യമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇനിയെന്ത്

ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രതിരോധിക്കുമെന്ന് ഇറാനും തയ്യാറെന്ന് അറിയിക്കുമ്പോള്‍ മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഈ യുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണ്. 'ലെബനനില്‍ കാണുന്നത് പോലെ, വന്‍ നാശത്തിന് ഇസ്രായേലിന് ഇസ്രയേലിന് കഴിയും.

എന്നാല്‍ ഒരു 'സമ്പൂര്‍ണ പ്രാദേശിക യുദ്ധത്തിലേക്ക് പ്രവേശിച്ച പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ശാന്തമാകാന്‍ അമേരിക്കന്‍ നയത്തില്‍ മാറ്റം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഇസ്രായേലിലേക്ക് ഞങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ അയക്കില്ല' എന്ന നിലപാടിലേക്ക് അമേരിക്ക എത്തുകയും ഇസ്രായേലി കുറ്റകൃത്യങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടും അനിവാര്യമാണെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി