ഇറാന്റെ സൈനിക, ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഇസ്രയേലിന്റെ ആക്രമണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ. എൻബിസി ന്യൂസിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് ഇറാൻ തങ്ങള്‍ക്ക് നേരെ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. യോം കിപൂർ അവധി ദിവസങ്ങളിലായിരിക്കും ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകുകയെന്നാണ് സൂചന.
ഇസ്രയേലിന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് അതിരുകളുണ്ടാകില്ലെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖിയാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. സമ്പൂർണ യുദ്ധത്തിലേക്ക് സാഹചര്യം നീങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ജനങ്ങളേയും താല്‍പ്പര്യങ്ങളേയും സംരക്ഷിക്കുന്നതിന് മുന്നില്‍ ചവപ്പുവരകളൊന്നുമില്ലെന്നും അറാഖി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
നിലവില്‍ തെക്കൻ ലെബനൻ കേന്ദ്രീകരിച്ചാണ് ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം 200 ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഇസ്രേയലി വ്യോമസേന അറിയിക്കുന്നത്. ലെബനനില്‍ നിന്ന് തൊടുത്ത അഞ്ച് മിസൈലുകള്‍ നിർവീര്യമാക്കിയതായും വ്യോമസേന പറയുന്നു. തെക്കൻ ലെബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ഭാഗമായവരേയും ആയുധങ്ങളും പിടികൂടിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.
തെക്കൻ ലെബനനില്‍ കഴിഞ്ഞ ഒരു വാരത്തോളമായി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ ആക്രമണം വിപുലീകരിച്ചതോടെ 12 ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടി വന്നതായാണ് ലെബനൻ സർക്കാർ പറയുന്നത്. ഇതിനോടകം, ഇസ്രയേല്‍ ആക്രമണത്തില്‍ 2,100 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് ഗുരുതര പരുക്കുകളും ഏറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ എത്ര സ്ത്രീകളും കുട്ടികളും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നകാര്യത്തില്‍ വ്യക്തതയില്ല.
ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന ആസ്ഥാനത്തേക്ക് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയ സംഭവത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആശങ്ക അറിയിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഓസ്റ്റിൻ അമേരിക്കയുടെ പ്രതികരണം അറിയിച്ചത്. യുഎൻ ആസ്ഥാനങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഓസ്റ്റിൻ ഗാലന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാസേനയുടെ ഭാഗമായ അഞ്ച് പേർക്കാണ് മൂന്ന് ആക്രമണങ്ങളിലായി പരുക്കേറ്റത്.