പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അല്‍ മവാസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 71 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികളുള്‍പ്പെടെ 289 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായ പരുക്കേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രദേശത്തെ അഭയാര്‍ഥികളായ പലസ്തീനികളുടെ ടെന്റുകളെയും ജലം ശുദ്ധമാക്കുന്ന യൂണിറ്റിനെയുമാണ് ഇസ്രയേല്‍ യുദ്ധവിമാനം ലക്ഷ്യമിട്ടതെന്ന് ഗാസയിലെ സിവില്‍ സൈനിക വക്താവ് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയോട് പറഞ്ഞു.
ഇസ്രയേല്‍ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്താണ് ആക്രമണം നടന്നത്. പരുക്കേറ്റ കുട്ടികളെയും ആരോഗ്യപ്രവര്‍ത്തകരെയും അവശിഷ്ടങ്ങളില്‍നിന്ന് രക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഉപയോഗിച്ചാണ് ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ നാസര്‍, കൂവൈത്തി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലത്ത് സിവില്‍ സൈനികാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ കൂടുതല്‍ പരുക്കേറ്റവരെ ചികിത്സാക്കാനുള്ള അംഗബലമില്ലെന്ന് നാസര്‍ ആശുപത്രി അറിയിക്കുന്നു. അതേസമയം ''രണ്ട് മുതിര്‍ന്ന ഹമാസ് തീവ്രവാദികളും'' മറ്റ് പ്രവര്‍ത്തകരും സാധാരണക്കാര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുവെന്ന കൃത്യമായ രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. മരങ്ങളാലും നിരവധി കെട്ടിടങ്ങളാലും ചുറ്റപ്പെട്ട തുറസ്സായ സ്ഥലത്താണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു. ഇസ്രയേല്‍ സൈന്യം ആവര്‍ത്തിച്ച് ലക്ഷ്യം വെയ്ക്കുന്ന സ്ഥലമാണ് അല്‍ മവാസി. സമാനരീതിയില്‍ മെയില്‍ നടത്തിയ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമായല്ലെന്നും പിന്നീട് അവ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പറയുന്നു. ''80,000ത്തോളം അഭയാര്‍ഥികള്‍ താമസിക്കുന്ന ഖാന്‍ യൂനിസിലാണ് അല്‍ മവാസി കൂട്ടക്കൊല നടന്നത്. ടെന്റുകളിലും ഷെല്‍ട്ടറുകളിലും അഭയാര്‍ഥികളായി താമസിക്കുന്ന സാധാരണക്കാരായ പലസ്തീന്‍ ജനതയ്ക്കെതിരായ ഉന്മൂലന യുദ്ധം തുടരുമെന്ന സയണിസ്റ്റ് സര്‍ക്കാരിന്റെ വ്യക്തവും കൃത്യവുമായ സ്ഥിരീകരണമാണിത്,'' ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇന്ന് മധ്യ ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍ കൊല്ലപ്പെട്ടതായും മറ്റ് എട്ട് അംഗങ്ങള്‍ക്ക് പരുക്കേറ്റതായും ഗാസ സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു. ഒരു കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രയേല്‍ വിമാനം പ്രദേശത്ത് വീണ്ടും ബോംബാക്രമണം നടത്തിയതായി അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണം തുടങ്ങി ഇതുവരെ 38,443 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 88,481 പേര്‍ക്ക് പരുക്കേറ്റു.