MIDDLE EAST

യെമൻ തുറമുഖത്ത് ഇസ്രയേല്‍ ആക്രമണം; മൂന്ന് മരണം, 80 പേർക്ക് പരുക്ക്, തിരിച്ചടിക്കുമെന്ന് ഹൂതികള്‍

വെബ് ഡെസ്ക്

യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രയേല്‍. ഹൂതി നീക്കങ്ങള്‍ക്കെതിരായ സന്ദേശമായാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും എണ്‍പതിലധികം പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ടുകള്‍.

യെമനെതിരായ അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് ഹൂതി പ്രതിനിധിയായ മുഹമ്മദ് അബ്ദുള്‍സലാം പറയുന്നത്. ഗാസയിലെ പലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണ പിൻവലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേല്‍ നീക്കത്തിന് പിന്നിലെന്നും അത് സംഭവിക്കാൻ പോകുന്നില്ലെന്നും അബ്ദുള്‍സലാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേല്‍ നേരിട്ട് നല്‍കുന്ന ആദ്യ തിരിച്ചടികൂടിയാണിത്. എണ്ണ സംഭരണികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഹൂതികള്‍ വ്യക്തമാക്കുന്നു.

"കഴിഞ്ഞ ഒൻപത് മാസമായി ഇസ്രയേലിന് നേരെ ഹൂതികള്‍ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം, ഇസ്രയേല്‍ വ്യോമ സേന (ഐഎഎഫ്) ഹൂതി സൈന്യത്തിന് നേരെ വിപുലമായ ആക്രമണങ്ങള്‍ നടത്തി. ഇസ്രയേലിന് ഭീഷണി മുഴക്കുന്ന ഏത് ശക്തികള്‍ക്ക് നേരെയും ആക്രമണം നടത്തും," ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാന പ്രതികരണമായിരുന്നു നടത്തിയിരുന്നത്. ഇസ്രയേലിനെ ദ്രോഹിക്കാനൊരുങ്ങുന്ന ഏതൊരാളും വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ടെല്‍ അവീവിലെ ഫ്ലാറ്റുകള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

നേരത്തെ ഹൂതികള്‍ തൊടുത്ത ഡ്രോണുകളെല്ലാം ഇസ്രയേല്‍ സൈന്യം നിർവീര്യമാക്കിയിരുന്നു. നിലവില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഹൂതി പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറയുന്നത്. ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തടയാൻ അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഭാഗത്തു നിന്ന് നീക്കമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ആദ്യമായാണ് യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്