MIDDLE EAST

ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം; ഇസ്രയേൽ നടപടിയിൽ 40 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ഗാസയിലെ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവർ തിങ്ങിനിറഞ്ഞ് താമസിച്ചിരുന്ന ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം. ചൊവ്വാഴ്ച പുലർച്ചയെ നടത്തിയ മിസൈൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖാൻ യൂനിസിൻ്റെ അൽ-മവാസി മേഖലയിൽ 20 ടെൻ്റുകളെങ്കിലും തകർന്നതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു.

നേരത്തെ ഇസ്രയേൽ സൈന്യം "സുരക്ഷിത മേഖല" ആയി പ്രഖ്യാപിച്ചിരുന്ന പ്രദേശമാണ് അൽ- മവാസി. അതുകൊണ്ടുതന്നെ ഈ മേഖലയിലാണ് ആഭ്യന്തര പലായനത്തിന് നിർബന്ധിതരായവരിൽ അധികവും അഭയം പ്രാപിച്ചിരുന്നത്. അവിടേക്കാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ ഏകദേശം 30 അടി ആഴത്തിലുള്ള ഗർത്തങ്ങൾ ഈ മേഖലയിൽ രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഖാൻ യൂനിസിലെ മാനുഷിക മേഖലയ്ക്കുള്ളിൽ 'പ്രധാനപ്പെട്ട ഹമാസ് നേതാക്കൾ' ഉൾപ്പെടുന്ന കമാൻഡ് കേന്ദ്രം പ്രവർത്തിക്കുന്നതായാണ് ഇസ്രയേൽ വാദിക്കുന്നത്.

ആക്രമണത്തില്‍ രൂപപ്പെട്ട ഗർത്തം

അതേസമയം, മാനുഷിക മേഖലകളിൽ കമാൻഡ് സെന്ററെന്ന ഇസ്രയേലിന്റെ ആരോപണത്തെ ഹമാസ് തള്ളി. “നീചമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ വേണ്ടിയുള്ള നുണയാണിത്. തങ്ങളുടെ ഏതെങ്കിലും അംഗങ്ങൾ സിവിലിയൻ മേഖലകളിൽ ഉണ്ടെന്നോ സൈനിക ആവശ്യങ്ങൾക്കായി ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നോ എന്ന വാദം ഹമാസ് പലതവണ നിഷേധിച്ചതാണ്” ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഗാസയിലൊരു വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണ്. കൂടാതെ വെടിനിർത്തൽ കരാറിനെ തടസം നിൽക്കുന്നതായി ആരോപിച്ച് ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കനത്ത പ്രതിഷേധവും അരങ്ങേറുന്നുണ്ട്. ഇതിനിടെയാണ് ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ഇസ്രയേൽ സൈന്യം കടുപ്പിക്കുന്നത്.

ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഏകദേശം 40,988 പേർ കൊല്ലപ്പെടുകയും 94,825 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും